ഗര്‍ഭകാലത്ത് അമ്മയുടെയും കുഞ്ഞിന്റെയും സംരക്ഷണം ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. ചിലപ്പോള്‍ സാധാരണ ഒരു പനി പോലും കുഞ്ഞിനു മാരകമായേക്കാം. ഇങ്ങനെ വളരെ സാധാരണമായ, എന്നാല്‍ ശ്രദ്ധ വേണ്ട സംശയങ്ങള്‍ക്കു പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുകയാണ് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി സീനിയല്‍ കണ്‍സള്‍ട്ടന്റ് ഡോ. വിന്നി വിജയന്‍
ഗർഭകാലത്തു പനിയും അണുബാധകളും വന്നാൽ?
ഗർഭകാലത്തു പനിയും അണുബാധകളും വരുന്നതു ഗൗരവകരമായ സാഹചര്യമാണ്. കോവിഡിനു ശേഷം നമ്മിൽ പലരുടെയും ശ്വാസകോശ ആരോഗ്യം വളരെ ദുർബലമായിട്ടുണ്ട്. പോരാത്തതിന്, ഗർഭകാലം അണുബാധ വരാൻ സാധ്യതയുള്ള ഘട്ടവുമാണ്. അതുകൊണ്ടു തന്നെ ഹ്രസ്വമായ സമ്പർക്കം കൊണ്ടുമാത്രം അണുബാധകൾ പെട്ടെന്നു പിടികൂടാം.
ഗർഭകാലത്തിന്റെ ആദ്യമാസങ്ങളിൽ പനി വരാതിരിക്കുന്നതാണു ഗർഭസ്ഥശിശുവിനു സുരക്ഷിതം. അമ്മയ്ക്കു വളരെ കൂടിയ പനി (102 ഡിഗ്രിക്കു മുകളിൽ) വന്നാൽ കുട്ടിക്കു സാരമായ വൈകല്യങ്ങൾ (Anomaly) വരാനിടയുണ്ട്. അതുകൊണ്ടു പനി വന്നാൽ, പ്രത്യേകിച്ചു 100 ഡിഗ്രിക്കു മുകളിൽ വന്നാൽ ഡോക്ടർ നിർദേശിക്കുന്ന മരുന്നുകൾ ഗർഭിണി നിർബന്ധമായും ഉപയോഗിക്കണം.
പനി തടയാൻ
1) ഗർഭിണികൾ പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കുക.
2) ചിക്കൻപോക്സ്, മുണ്ടിനീര് പോലുള്ള പകർച്ചരോഗങ്ങൾ തുടങ്ങി ചെറിയ വൈറൽ പനി വരെയുള്ള രോഗികളുമായുള്ള സമ്പർക്കം തീരെ വേണ്ട. ഇടയ്ക്കിടെ കൈ സോപ്പ് ഉപയോഗിച്ചു കഴുകുക
3) തിളപ്പിച്ചാറിച്ച വെള്ളം കുടിക്കുക.
ഗർഭകാലത്ത് ലൈംഗികബന്ധം പൂർണമായും ഒഴിവാക്കണോ?
ഗർഭം തുടങ്ങി 12 ആഴ്ച വരെയുള്ള സമയത്തും 36 ആഴ്ച മുതൽ പ്രസവം കഴിയുന്നതു വരെയുള്ള സമയത്തും ലൈംഗികബന്ധം ഒഴിവാക്കുന്നതാകും ഉത്തമം. ആദ്യ മൂന്നുമാസം ഗർഭപാത്രത്തിനു വരുന്ന അനക്കവും ഗർഭാശയമുഖത്തിനു വരുന്ന ഉത്തേജനവുമൊക്കെ അപൂർവമായി അബോർഷനിലേക്കു നയിക്കാം. 36 ആഴ്ചയ്ക്കു ശേഷമുള്ള ബന്ധം പ്രസവം നേരത്തേയാകാനും അണു ബാധയ്ക്കും ഇടയാക്കാം. ഇതിനിടയ്ക്കുള്ള കാലത്തെ ലൈംഗിക ബന്ധം കുഞ്ഞിനു പ്രത്യേകിച്ചു ദോഷമൊന്നും വരുത്തുകയില്ല. വേദനയുളവാക്കുന്ന പൊസിഷനുകളും രീതികളും ഒഴിവാക്കാൻ ശ്രദ്ധിക്കണം.
ഗർഭകാലത്തു യാത്ര ചെയ്യുന്നതു സുരക്ഷിതമോ?
ജോലിയാവശ്യത്തിനു സ്ഥിരമായി യാത്ര ചെയ്യുന്നവർ ഗർഭകാലത്തും അതു തുടരുന്നതിൽ തടസ്സമില്ല. പക്ഷേ, ആദ്യത്തെ സ്കാൻ ചെയ്ത് മറുപിള്ളയുടെ സ്ഥാനവും മറ്റും നോർമലാണ് എന്ന് ഉറപ്പാക്കിയ ശേഷം യാത്രകൾ തുടരുന്നതാകും കൂടുതൽ സുരക്ഷിതം. ചില കാര്യങ്ങൾ ശ്രദ്ധിക്കുകയും വേണം.
1) ആദ്യ മൂന്നുമാസം ബൈക്കിൽ അല്ലെങ്കിൽ ഓട്ടോയിൽ ഉള്ള യാത്രകൾ ഒഴിവാക്കുക. മുകളിലേക്കും താഴേക്കും കുലുങ്ങിയുള്ള ഇത്തരം യാത്രകൾ അപൂർവമായി അബോർഷനിലേക്കു നയിക്കാം.
2) കുണ്ടും കുഴിയുമുള്ള റോഡുകളിലൂടെയുള്ള യാത്രയും ഒഴിവാക്കുക.
3) ബസ് യാത്ര വലിയ പ്രശ്നമില്ലെങ്കിലും മോശമായ വഴികളിലൂടെയുള്ള യാത്ര ഒഴിവാക്കുന്നതാണു നല്ലത്.
4) മറുപിള്ള താഴെ സ്ഥിതി ചെ യ്യുന്നവരും ഗർഭാശയമുഖത്തു സ്റ്റിച്ച് ഇടേണ്ട അവസ്ഥയിലുള്ള സ്ത്രീകളും ഡോക്ടറുടെ ഉപദേശമനുസരിച്ചു മാത്രം യാത്ര തുടരുക.
സ്ട്രെച്ച് മാർക്കുകൾ തടയാൻ വഴിയുണ്ടോ?
ഗർഭകാലത്ത്, നാലാം മാസം മുതൽ ചർമത്തിനു കുറച്ചു ഇരുളിമ വരാം. പ്രത്യേകിച്ചു കഴുത്തിൽ. മുഖത്തു കലകളും കുരുക്കളും വരാം. അഞ്ചാം മാസം മുതൽ വയറിൽ സ്ട്രെച്ച് മാർക്കുകളും വരാം. ടച്ച് മാർക്കു വന്നിട്ടു മാറ്റുന്നതിലും എളുപ്പം വരാതെ നോക്കുന്നതാണ്. അതിനായി,
1) ചർമം വൃത്തിയായി സൂക്ഷിക്കണം. ദിവസവും കുളിക്കണം. മൈൽഡ് ആയ ക്ലെൻസർ കൊണ്ടു മുഖം കഴുകി വൃത്തിയായി സൂക്ഷിക്കുക.
2) കുളി കഴിഞ്ഞ് നനവു മാറും മുൻപേ ഒരു മോയിസ്ചറൈസർ കീം മുഖത്തും വയറിലും കഴുത്തിലുമൊക്കെ പുരട്ടാം. ഹയലൂറോണിക് ആസിഡും ഷിയാ ബട്ടറും ഒക്കെ ചേർന്ന ക്രീം തിരഞ്ഞെടുക്കുക.
3) കൂടാതെ വൈറ്റമിൻ സി അടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കാം. സിട്രസ് വിഭാഗത്തിൽ പെട്ട നാരങ്ങ, ഓറഞ്ച് എന്നീ പഴങ്ങൾ ഉത്തമമാണ്.
4) ഒലിവ് എണ്ണ, വെളിച്ചെണ്ണ എന്നിവ വയറിൽ പുരട്ടുന്നതു ചർമം വലിയുന്നതു കുറയ്ക്കും. പക്ഷേ, അമർത്തി മസാജ് ചെയ്യരുത്.
5) സ്ട്രെച്ച് മാർക് തടയുന്ന മെഡിക്കേറ്റഡ് ക്രീമുകളുമുണ്ട്. സിസേറയൻ മുറിവിന്റെ കല കുറയ്ക്കാനും ഇത് ഒരുപരിധി വരെ സഹായിക്കും.
മേക്കപും സൗന്ദര്യവർധകങ്ങളും ഉപയോഗിക്കാമോ?
സൗന്ദര്യവർധക ഉൽപന്നങ്ങളിലെ ലോഹാംശവും ചില രാസഘടകങ്ങളും കുഞ്ഞിലേക്കെത്തിച്ചേരാനും ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാനും സാധ്യതയുണ്ട്. എന്നു കരുതി സ്ഥിരമായി ഉപയോഗിക്കുന്ന മോയിസ്ചറൈസറോ ലിപ് ബാമോ കാജലോ ഉപയോഗിക്കുന്നതുകൊണ്ടു ദോഷമൊന്നുമില്ല. പക്ഷേ, അമിത മേക്കപ് കുറയ്ക്കുക. പുതിയ പ്രൊഡക്ട്സ് ഗർഭകാലത്തു പരീക്ഷിക്കരുത്.
മുഖക്കുരുവിനു നിർദേശിക്കുന്ന മരുന്നുകളിലെ ഒരു ഘടകമാണ് റെട്ടിനോയിക് ആസിഡ്. ഗർഭിണിയാകുന്നതിനു മൂന്നു മാസം മുൻപേ തന്നെ ഈ ഘടകം അടങ്ങിയ ഉൽപന്നങ്ങളുടെ ഉപയോഗം നിർത്തണം. മുടിയിൽ ചെയ്യുന്ന തനിങ്, സ്ട്രെയിറ്റനിങ് പോലുള്ള ഒരുപാടു ചൂടും രാസവസ്തുക്കളും ഉൾപ്പെട്ട രീതികൾ ഗർഭകാലത്തു സുരക്ഷിതമല്ല. ലേസർ ഉപയോഗിച്ചുള്ള ചികിത്സകളും വേണ്ട. എന്നാൽ പതിവായി ചെയ്യുന്ന ഹെയർ സ്പായോ ഹെന്നയോ ഒന്നും കുഞ്ഞിനു ദോഷകരമാകാറില്ല.
പതിവായി ഉപയോഗിക്കുന്ന മേക്കപും ഉൽപന്നങ്ങളും തുടരുന്നതിൽ അപകടമില്ല. പക്ഷേ, റെട്ടിനോയിക് ആസിഡ് പോലെ കുഞ്ഞിനു ദോഷകരമാകാവുന്ന രാസപദാർഥങ്ങളുള്ളവ വേണ്ട.
ഗർഭം ഒരു രോഗമല്ല. പിന്നെന്തിനാണ് ഇത്രയും സ്കാനുകൾ?
ശരിയാണ്. ഗർഭം ഒരു രോഗമേയല്ല. സർവസാധാരണമായ കാര്യമാണു ഗർഭിണിയാകുന്നതും പ്രസവിക്കുന്നതും. എന്നാൽ അതിനെ കഴിയുന്നതും സുരക്ഷിതവും എളുപ്പവും ആക്കിത്തീർക്കാനാണു സ്കാനുകളും പരിശോധനകളുമൊക്കെ, ഗർഭകാലത്ത് എപ്പോൾ വേണമെങ്കിലും സങ്കീർണതകൾ ഉണ്ടാകാം. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകമാകെ നടക്കുന്ന പ്രസവങ്ങളിൽ 50 ശതമാനം, അഥവാ രണ്ടിൽ ഒന്നു മാത്രമേ സുഖപ്രസവമുള്ളൂ. ഗർഭകാലത്ത് എന്തെങ്കിലും സങ്കീർണതകൾ സംശയിക്കുന്ന ഘട്ടത്തിലാണു കൂടുതൽ സ്കാനുകൾ നിർദേശിക്കാറുള്ളത്.