വേനലവധി കഴിഞ്ഞ് കുട്ടികൾ വീണ്ടും അധ്യയന തിരക്കുകളിലേക്ക് കടക്കുകയാണ്. പുതിയ ക്ലാസ്സും കൂട്ടുകാരും പഠനവും കുട്ടികളിൽ ആവേശം നിറയ്ക്കുമ്പോൾ, അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പുവരുത്തുക എന്നത് ഓരോ രക്ഷിതാവിന്റെയും കടമയാണ്. മഴക്കാലത്തിന്റെ ആരംഭം കൂടിയായതിനാൽ പകർച്ചവ്യാധികൾ തടയുന്നതിനും, പഠനത്തിൽ കൃത്യമായ ശ്രദ്ധ ലഭിക്കുന്നതിനായി കാഴ്ച, കേൾവി തുടങ്ങിയവ പരിശോധിക്കുന്നതിനും ഈ സമയം ഏറെ യോജിച്ചതാണ്. കുട്ടികളുടെ ആരോഗ്യകരമായ ഒരു അധ്യയന വർഷത്തിനായി നാം ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളെക്കുറിച്ച് വടകര ബേബി മെമ്മോറിയല്‍ ആശുപത്രി പീഡിയാട്രിക് ആന്‍ഡ് നിയോനാറ്റോളജി അസോസിയേറ്റ് കണ്‍സള്‍ട്ടന്റ് ഡോ മുഹമ്മദ് ബാസില്‍ വിശദീകരിക്കുന്നു
സ്കൂൾ തുറക്കുന്നതിന് മുൻപായി കുട്ടികൾക്ക് ഒരു ജനറൽ ഹെൽത്ത് ചെക്കപ്പ് നടത്തണം എന്ന് പറയുന്നത് എന്തുകൊണ്ടാണ്? ഇത് കുട്ടികളുടെ പഠനത്തെയും വളർച്ചയെയും എങ്ങനെ സഹായിക്കുന്നു?
കൃത്യമായ വളർച്ചയുണ്ടോ എന്ന് ഉറപ്പുവരുത്താനും വിട്ടുമാറാത്ത രോഗങ്ങൾ, ശരീരത്തിന് ആവശ്യമായ ഇരുമ്പ്, വിറ്റാമിനുകൾ തുടങ്ങിയ പോഷകങ്ങളുടെ കുറവുണ്ടോ എന്ന് കണ്ടെത്താനൊക്കെ കുട്ടികളിൽ ഹെൽത്ത് ചെക്കപ്പ് നടത്തേണ്ടതാണ്. കുട്ടിക്കാലത്ത് എടുക്കേണ്ട പ്രധാന വാക്സിനുകൾ കൃത്യമായി എടുക്കുക, ക്ലാസിലെ പഠനത്തെ ബാധിക്കാതിരിക്കാൻ കാഴ്ചശക്തിയും കേൾവിക്കുറവും പരിശോധിക്കുക. പല്ലിന്റെ ആരോഗ്യത്തിൽ ശ്രദ്ധ ചെലുത്തുക, പ്രായത്തിനനുസരിച്ചുള്ള മാനസിക-ശാരീരിക വളർച്ചയുണ്ടോ എന്ന് ഉറപ്പാക്കുക തുടങ്ങിയവക്കൊപ്പം മൂക്കിനും തൊണ്ടയ്ക്കും ഇടയിലുള്ള അഡെനോയിഡ് ഗ്രന്ഥിയുടെ വീക്കം കാരണം ശ്വാസതടസ്സമോ മറ്റ് ബുദ്ധിമുട്ടുകളോ ഉണ്ടോ എന്ന് കൂടി പരിശോധിക്കുക. ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടന്ന് പരിശോധനകളിലൂടെ നേരത്തെ കണ്ടെത്തിയാൽ അവരുടെ വളർച്ചയെയോ പഠനത്തെയോ ബാധിക്കാതെ കൃത്യസമയത്ത് ചികിത്സ നടത്തി പരിഹരിക്കുവാനും സാധിക്കും.
പുതിയ അധ്യയന വർഷം തുടങ്ങുന്നതിന് മുൻപായി കുട്ടികൾ എടുത്തിരിക്കേണ്ട പ്രധാന വാക്സിനുകൾ ഏതൊക്കെയാണ്? വിട്ടുപോയ വാക്സിനുകൾ ഈ സമയത്ത് നൽകാൻ സാധിക്കുമോ?
നേരത്തെ എടുക്കുവാന്‍ വിട്ടുപോയ വാക്‌സിനുകള്‍ ഈ സമയത്ത് എടുക്കുന്നതില്‍ പ്രശ്‌നമില്ല. കൂടാതെ, 5 - 6 വയസ്സിൽ, ഡി.പി.ടി ബൂസ്റ്റർ, എം.എം.ആർ വാക്സിനുകൾ നൽകണം.
മറ്റ് പ്രധാന വാക്സിനുകൾ, ഇൻഫ്ലുവൻസ/പനി വാക്സിൻ, ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ് എ, ചിക്കൻപോക്സ് വാക്സിൻ എന്നിവയും എടുക്കണം.
ക്ലാസ് മുറിയിലെ പ്രവർത്തനങ്ങളിൽ കാഴ്ചശക്തിക്കും കേൾവിക്കും വലിയ പങ്കുണ്ടല്ലോ. കുട്ടികൾക്ക് കാഴ്ചക്കുറവോ കേൾവി പ്രശ്നങ്ങളോ ഉണ്ടോ എന്ന് രക്ഷിതാക്കൾക്ക് എങ്ങനെ തിരിച്ചറിയാം?
ശ്രദ്ധക്കുറവ്, പുസ്തകങ്ങളോ ബോർഡോ വായിക്കാൻ ബുദ്ധിമുട്ട്, വായിക്കുമ്പോൾ തലവേദന, ഓക്കാനം, തലകറക്കം എന്നിവ കുട്ടികളിലെ കാഴ്ചക്കുറവിന്റെ ലക്ഷണങ്ങളാകാം.
പറഞ്ഞ കാര്യം തന്നെ വീണ്ടും വീണ്ടും ചോദിക്കുക, ടിവിയുടെ ശബ്ദം കൂട്ടി വെക്കുക, ക്ലാസ് മുറികളിലോ ശബ്ദമുള്ള പുറംസ്ഥലങ്ങളിലോ മറ്റുള്ളവരുമായി സംസാരിക്കാനും ഇടപഴകാനും മടി കാണിക്കുക, ചിന്തിച്ചിരിക്കുക ഇതൊക്കെ കേൾവിക്കുറവിന്റെ ലക്ഷണമാകാം. ഇങ്ങനെയൊക്കെ കുട്ടികളിൽ പ്രകടമായാൽ ഉടനെ ഡോക്ടറെ സമീപിക്കുക.
സ്കൂളുകൾ തുറക്കുന്ന സമയത്ത് മഴക്കാലം കൂടി ആയതിനാൽ പകർച്ചവ്യാധികൾക്ക് സാധ്യതയുണ്ട്. പനി, ജലദോഷം, മറ്റ് ഇൻഫെക്ഷനുകൾ എന്നിവയിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ എന്തൊക്കെ മുൻകരുതലുകൾ എടുക്കണം?
കുട്ടികളില്‍ കൂടുതലായി പകര്‍ച്ചവ്യാധികള്‍ കൂടുതലായി പിടിപെടുന്ന സമയമാണ് മഴക്കാലം. പോഷകം നിറഞ്ഞ ഭക്ഷണം, ശുചിത്വം, കൃത്യസമയത്തുള്ള ആരോഗ്യ പരിശോധനകൾ തുടങ്ങിയവ ഈ സമയത്ത് പാലിക്കേണ്ടത് അത്യാവശ്യമാണ്.
ശരീരത്തിന് ആവശ്യമായ കലോറിയും പ്രോട്ടീനും അടങ്ങിയ ഭക്ഷണം നൽകുക. ഇൻഫ്ലുവൻസ പനി തടയാനുള്ള ഫ്ലൂ വാക്സിൻ എടുക്കുക.
കൈകൾ, ഭക്ഷണം എന്നിവ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. കൊതുക് കടി ഏൽക്കാതിരിക്കാനും കൊതുക് പെരുകുന്നത് തടയാനും ശ്രദ്ധിക്കുക. ശരീരത്തിൽ ജലാംശം നിലനിർത്തുക, ആവശ്യത്തിന് തിളപ്പിച്ചാറ്റിയ വെള്ളം കുടിപ്പിക്കുക.
ടൈഫോയ്ഡ്, വയറിളക്കം എന്നിവ വരാതിരിക്കാൻ തിളപ്പിച്ചാറ്റിയ ശുദ്ധജലവും മികച്ച ശുചിത്വ സാഹചര്യങ്ങളും ഉറപ്പാക്കുക.
കുട്ടികളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണരീതികൾ എന്തൊക്കെയാണ്? ലഞ്ച് ബോക്സുകളിൽ ഉൾപ്പെടുത്തേണ്ട പ്രധാന പോഷകങ്ങൾ ഏവ?
സ്കൂളിൽ പോകുന്ന കുട്ടികൾ പലപ്പോഴും ഉച്ചഭക്ഷണത്തോടും മറ്റും വിമുഖത കാണിക്കുന്നത് കണ്ടുവരാറുണ്ട്. അതുകൊണ്ട് മാതാപിതാക്കൾ കുട്ടികളിലെ ജങ്ക്ഫുഡ് ഉപയോഗത്തെ ചെറുതായി പ്രോത്സാഹിപ്പിക്കാറുമുണ്ട്. എന്നാൽ ഇത് അനാരോഗ്യകരമായ ശീലങ്ങളിലേക്ക് കുട്ടികളിലെ നയിക്കും. ഇതിനു പകരമായി വീട്ടിൽനിന്നു തയ്യാറാക്കുന്ന ഉച്ചഭക്ഷണം കൂടുതൽ ആകർഷകവും സമ്പുഷ്ടവുമാക്കുന്ന കാര്യം ആലോചിക്കാം.
കുട്ടികളുടെ ലഞ്ച് ബോക്സിലേക്കായി
ദീർഘകാല അവധിക്ക് ശേഷം സ്കൂളിലേക്ക് പോകുമ്പോൾ ചില കുട്ടികളിലുണ്ടാകുന്ന 'സ്കൂൾ ആൻക്സൈറ്റി' (School Anxiety) എങ്ങനെ മറികടക്കാം? മാതാപിതാക്കൾ ഇക്കാര്യത്തിൽ എന്തൊക്കെ ശ്രദ്ധിക്കണം?
ദീർഘകാല അവധിക്ക് ശേഷം സ്കൂളിലേക്ക് പോകുമ്പോൾ കുട്ടികളിലുണ്ടാകുന്ന 'സ്കൂൾ ആൻക്സൈറ്റി' (School Anxiety) പ്രധാനമായും പ്രകടമാകുന്നത് വയറുവേദന, തലവേദന, കടുത്ത വാശി, ദേഷ്യം, ക്ഷീണം തുടങ്ങിയ ശാരീരിക-പെരുമാറ്റ ലക്ഷണങ്ങളിലൂടെയാണ്. മാതാപിതാക്കളെ പിരിഞ്ഞിരിക്കാനുള്ള പേടി (Separation Anxiety), സ്കൂളിലെ പഠനഭാരം, അല്ലെങ്കിൽ കൂട്ടുകാരുടെ കളിയാക്കലുകൾ എന്നിവ ഇതിന് കാരണമാകാം. ഈ സാഹചര്യത്തിൽ കുട്ടി മടി കാണിച്ചാലും സ്കൂളിൽ വിടാതിരിക്കരുത്; കാരണം വീട്ടിലിരുത്തുന്നത് അവരുടെ ഭയം കൂട്ടുകയേ ഉള്ളൂ. പകരം സ്കൂൾ അധികൃതരുമായി സംസാരിച്ച് തുടക്കത്തിൽ അരദിവസം മാത്രം (Reduced schedule) സ്കൂളിൽ വിട്ട് പതുക്കെ പുതിയ അന്തരീക്ഷവുമായി പൊരുത്തപ്പെടാൻ കുട്ടിയെ സഹായിക്കുകയാണ് വേണ്ടത്.
മാതാപിതാക്കൾ കുട്ടിയെ ക്ഷമയോടെ കേൾക്കാനും സ്കൂളിനെക്കുറിച്ച് പോസിറ്റീവായ കാര്യങ്ങൾ സംസാരിച്ച് ധൈര്യം നൽകാനും ശ്രദ്ധിക്കണം. എന്നാൽ ഇത്തരം ശ്രമങ്ങൾ നടത്തിയിട്ടും കുട്ടിയുടെ ആൻക്സൈറ്റിയും ശാരീരിക ബുദ്ധിമുട്ടുകളും മാറാതെ തുടരുകയോ, പ്രശ്നം ഗുരുതരമാവുകയോ ചെയ്താൽ ഒട്ടും വൈകരുത്. കുട്ടിയുടെ മാനസികാരോഗ്യം വീണ്ടെടുക്കുന്നതിനായി ഒരു ചൈൽഡ് സൈക്കോളജിസ്റ്റിന്റെയോ ചൈൽഡ് സൈക്യാട്രിസ്റ്റിന്റെയോ സഹായത്തോടെ കൃത്യമായ കൗൺസിലിംഗോ തെറാപ്പിയോ നൽകേണ്ടതാണ്.
ഭാരമേറിയ ബാഗുകൾ ഉപയോഗിക്കുന്നത് കുട്ടികളുടെ നട്ടെല്ലിനെയും തോളിനെയും ബാധിക്കാറുണ്ട്. ബാഗ് തിരഞ്ഞെടുക്കുമ്പോഴും അത് ക്രമീകരിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്?
ഭാരമേറിയ സ്കൂൾ ബാഗുകൾ സ്ഥിരമായി ചുമക്കുന്നത് കുട്ടികളിൽ കടുപ്പമേറിയ തോൾവേദന, കഴുത്തുവേദന, നട്ടെല്ലിന്റെ വളവ് (Posture issues) തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. കുട്ടികളുടെ അസ്ഥികളുടെ വളർച്ചയെപ്പോലും ഇത് ദോഷകരമായി ബാധിക്കാം. അതിനാൽ ബാഗ് തിരഞ്ഞെടുക്കുമ്പോഴും അത് ക്രമീകരിക്കുമ്പോഴും മാതാപിതാക്കളും അധ്യാപകരും താഴെ പറയുന്ന കാര്യങ്ങൾ കൃത്യമായി ശ്രദ്ധിക്കേണ്ടതുണ്ട്:
സ്കൂൾ ബാഗിന്റെ ഭാരക്രമീകരണം (Weight Limits)
ഒരു കുട്ടിയുടെ സ്കൂൾ ബാഗിന്റെ ആകെ ഭാരം അവരുടെ ശരീരഭാരത്തിന്റെ 10 ശതമാനത്തിൽ കൂടുതൽ ആകാൻ പാടില്ല. ഓരോ ക്ലാസിലെയും കുട്ടികൾക്ക് ചുമക്കാവുന്ന ബാഗിന്റെ പരമാവധി ഭാരം താഴെ പറയും പ്രകാരമാണ് നിജപ്പെടുത്തിയിരിക്കുന്നത്:
1, 2 ക്ലാസുകൾ: 1.5 മുതൽ 2.2 കിലോഗ്രാം വരെ
3 മുതൽ 5 ക്ലാസുകൾ: 2 മുതൽ 3 കിലോഗ്രാം വരെ
6, 7 ക്ലാസുകൾ: 4 കിലോഗ്രാം വരെ
8, 9 ക്ലാസുകൾ: 4.5 കിലോഗ്രാം വരെ
10-ാം ക്ലാസ്: പരമാവധി 5 കിലോഗ്രാം വരെ
ബാഗ് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ (Right Bag Selection)
ബാഗിന്റെ ഭാരം കുട്ടിയുടെ ശരീരത്തിലേക്ക് കൃത്യമായി വികേന്ദ്രീകരിക്കാൻ സഹായിക്കുന്ന ഡിസൈനുകൾ തിരഞ്ഞെടുക്കുക:
രണ്ട് സ്ട്രാപ്പുകൾ (Two Straps): ഒരു തോളിൽ മാത്രം ബാഗ് തൂക്കുന്നത് നട്ടെല്ലിന് തകരാറുണ്ടാക്കും. ഭാരം രണ്ട് തോളുകളിലേക്കും ഒരുപോലെ വരാൻ എപ്പോഴും രണ്ട് സ്ട്രാപ്പുകളുള്ള ബാഗുകൾ മാത്രം ഉപയോഗിക്കുക.
വീതിയുള്ള കുഷ്യൻ സ്ട്രാപ്പുകൾ: തോളിൽ അമരുന്ന ഭാഗത്തിന് നല്ല വീതിയും (Wide) കുഷ്യനും (Padding) ഉണ്ടായിരിക്കണം. ഇത് തോളിലെ ഞരമ്പുകളിലേക്ക് അമിത സമ്മർദ്ദം വരുന്നത് തടയും.
ബാക്ക് പാഡിംഗ് (Back Padding): ബാഗിന്റെ പിൻഭാഗത്ത് നല്ല പാഡിംഗ് ഉണ്ടായിരിക്കുന്നത് പുസ്തകങ്ങളുടെ കട്ടി കുട്ടിയുടെ പുറകിൽ തട്ടുന്നത് ഒഴിവാക്കും.