ഇൻഫ്ലമേറ്ററി ബവൽ ഡിസീസ് (IBD) എന്നത് ഇന്ന് ആഗോളതലത്തിലും പ്രത്യേകിച്ച് മലയാളികൾക്കിടയിലും വർദ്ധിച്ചുവരുന്ന ഒരു ആരോഗ്യപ്രശ്നമാണ്. ഭക്ഷണരീതികളിലും ജീവിതശൈലിയിലും വന്ന മാറ്റങ്ങൾ ഐബിഡി കേസുകൾ കൂടാൻ കാരണമാകുമ്പോൾ, പലപ്പോഴും ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോമായി (IBS) ഇതിനെ തെറ്റിദ്ധരിക്കാറുണ്ട്
വിട്ടുമാറാത്ത വയറുവേദന, മലത്തോടൊപ്പം രക്തം പോകുക തുടങ്ങിയ ലക്ഷണങ്ങളെ അവഗണിക്കുന്നത് ഭാവിയിൽ കുടൽ ചുരുങ്ങുന്നതിനോ ക്യാൻസർ പോലുള്ള സങ്കീർണ്ണതകളിലേക്കോ നയിച്ചേക്കാം.
ഇൻഫ്ലമേറ്ററി ബവൽ ഡിസീസ് എങ്ങനെ തിരിച്ചറിയാം, ലക്ഷണങ്ങൾ,കാരണം ഐബിഡി പൂർണ്ണമായും ചികിത്സിച്ചു മാറ്റാൻ കഴിയുമോ എന്നതിനെക്കുറിച്ചും ബയോളജിക്സ് പോലെയുള്ള പുതിയ ചികിത്സാരീതികൾ രോഗികൾക്ക് നൽകുന്ന പ്രതീക്ഷകളെക്കുറിച്ചും മാനസിക സമ്മർദ്ദം രോഗലക്ഷണങ്ങളെ എങ്ങനെ ബാധിക്കുന്നു തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ മെഡിക്കല്‍ ഗാസ്‌ട്രോഎന്‍ട്രോളജിസ്റ്റ് ഡോ ബിജു ഐ കെ വിശദീകരിക്കുന്നു
ഐബിഡി എന്നാൽ എന്താണ്? ഇത് ഐബിഎസ് -ൽ നിന്നും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?
പലപ്പോഴും ഐബിഡിയും (IBD) ഐബിഎസും (IBS) ആളുകൾ മാറി ഉപയോഗിക്കാറുണ്ട്. എന്നാൽ ഇവ രണ്ടും തികച്ചും വ്യത്യസ്തമാണ്.
ഐബിഎസ് (IBS - Irritable Bowel Syndrome): ഇത് കുടലിന്റെ ചലന വ്യതിയാനങ്ങൾ കൊണ്ട് മാത്രം ഉണ്ടാകുന്ന ഒന്നാണ്. ഇതൊരു വലിയ അസുഖമല്ല. കുടലിന്റെ ഘടനയിൽ (Structure) മാറ്റങ്ങളോ, അൾസറോ, മുഴകളോ ഇതിൽ ഉണ്ടാകില്ല. പ്രധാനമായും വയറുവേദന, കൂടെക്കൂടെ ടോയ്‌ലറ്റിൽ പോകണം എന്ന തോന്നൽ (Urgency), അല്ലെങ്കിൽ മലബന്ധം എന്നിവയാണ് ലക്ഷണങ്ങൾ. അമിതമായ ഉത്കണ്ഠ, വിഷാദം എന്നിവയുള്ളവരിലും ശരീരവേദന, മൂത്രസംബന്ധമായ ലക്ഷണങ്ങൾ എന്നിവയുള്ളവരിലും ഇത് കൂടുതലായി കാണാം.
ഐബിഡി (IBD - Inflammatory Bowel Disease): ഇതിൽ കുടലിന്റെ ഉള്ളിൽ നീർക്കെട്ടും (Inflammation) അൾസറുകളും ഉണ്ടാകുന്നു. ഇത് ദീർഘകാലം നീണ്ടുനിൽക്കുന്ന ഒരു രോഗാവസ്ഥയാണ്. ഇന്‍ഫ്‌ലമേറ്ററി ബവല്‍ ഡിസീസില്‍ രണ്ടുതരം ഉണ്ട്. അള്‍സറേറ്റീവ് കൊളൈറ്റിസ് (Ulcerative Colitis) ക്രോണ്‍സ് ഡിസീസ് (Crohn's Disease) എന്നിവയാണവ.
ഐബിഡിക്ക് കൃത്യമായതും ദീർഘകാലം നീണ്ടുനിൽക്കുന്നതുമായ ചികിത്സ ആവശ്യമാണ്. ഇതിനുള്ള ചികിത്സകളും ഇന്‍ഫ്‌ലമേറ്ററി ബവല്‍ ഡിസീസിനുള്ള ചികിത്സകളും വളരെ വ്യത്യസ്തമാണ്.
വന്‍കുടലിനെ ബാധിക്കുന്നത് മാത്രം ബാധിക്കുന്നതാണ് അള്‍സറേറ്റീവ് കൊളൈറ്റിസ്.
ഐബിഎസും (IBS) ഐബിഡിയും (IBD) തമ്മിൽ ലക്ഷണങ്ങളിൽ സമാനതകൾ ഉള്ളതിനാൽ പലപ്പോഴും ഇവ മാറിപ്പോകാറുണ്ട്. എന്നാൽ താഴെ പറയുന്ന ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അത് ഐബിഡി (IBD) ആകാനുള്ള സാധ്യത കൂടുതലാണ്:
പ്രത്യേകിച്ച് 40 വയസ്സിന് മുകളിലുള്ളവരിൽ ഇത്തരം ലക്ഷണങ്ങൾ ആദ്യമായി കാണപ്പെടുമ്പോൾ ഐബിഡി ഇല്ലെന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. ഇതിനായി താഴെ പറയുന്ന പരിശോധനകൾ ആവശ്യമായി വരാം:
അടിസ്ഥാന രക്തപരിശോധനകൾ: അനീമിയ, ആൽബുമിന്റെ കുറവ്, ഇഎസ്ആർ അളവ് എന്നിവ പരിശോധിക്കുന്നു.
മലപരിശോധന (Stool Test): മലത്തിൽ രക്തത്തിന്റെ അംശമോ പഴുപ്പോ ഉണ്ടോ എന്ന് നോക്കുന്നു.
കൊളോണോസ്കോപ്പി (Colonoscopy): മറ്റ് സാധ്യതകളെ ഒഴിവാക്കി രോഗം കൃത്യമായി സ്ഥിരീകരിക്കാൻ കൊളോണോസ്കോപ്പി സഹായിക്കുന്നു.
ഐബിഡിയുടെ പ്രധാന ലക്ഷണങ്ങൾ എന്തെല്ലാമാണ്, എപ്പോഴാണ് ഡോക്ടറെ കാണേണ്ടത്?
പ്രധാന ലക്ഷണങ്ങൾ: വയറിളക്കം (Loose stools), മലത്തിൽ രക്തം കാണപ്പെടുക, ഭക്ഷണം കഴിച്ച ഉടനെ ടോയ്‌ലറ്റിൽ പോകണം എന്ന് തോന്നുക, വയറുവേദന, വയർ വീർപ്പുമുട്ടൽ, വയറ്റിൽ നിന്ന് ശബ്ദങ്ങൾ കേൾക്കുക.
മറ്റ് ലക്ഷണങ്ങൾ: ശരീരം മെലിയുക, ഭക്ഷണം കഴിക്കുവാൻ പറ്റാത്ത അവസ്ഥ, വിളർച്ച ,രക്തക്കുറവ്, മലദ്വാരത്തിന് ചുറ്റും ഫിസ്റ്റുല (Fistula) വരിക, രാത്രി ഉറക്കത്തിനിടയിൽ എഴുന്നേറ്റ് ടോയ്‌ലറ്റിൽ പോകേണ്ടി വരിക.
കുട്ടികളിലെ ലക്ഷണങ്ങൾ: കുട്ടികളില്‍ ചിലപ്പോള്‍ ഈ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ കാണണമെന്നില്ല. പകരം വളർച്ച മുരടിക്കുക, വിട്ടുമാറാത്ത പനി, വിളർച്ച, ഭാരം കുറയുക എന്നിവയാകാം ലക്ഷണങ്ങൾ. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ നിർബന്ധമായും ഒരു ഡോക്ടറെ കാണേണ്ടതാണ്.
എന്തുകൊണ്ടാണ് മലയാളികളിൽ ഐബിഡി കേസുകൾ വർദ്ധിക്കുന്നത്? ഇതിന് ഭക്ഷണക്രമവുമായി ബന്ധമുണ്ടോ?
ഇന്ത്യയിൽ തന്നെ ഐബിഡി റിപ്പോർട്ട് ചെയ്യപ്പെട്ടതിലും ഏറ്റവും കൂടുതൽ കണ്ടുവരുന്നതിലും മുൻപന്തിയിലാണ് കേരളം. ഇതിന് പ്രധാനമായും മൂന്ന് കാരണങ്ങളാണുള്ളത്:
ജീവിതശൈലി മാറ്റം: പാശ്ചാത്യ രാജ്യങ്ങളിലെ ജീവിതരീതിയോട് സമാനമായ രീതിയിലേക്ക് കേരളം 15-20 വർഷം മുൻപേ മാറിയിട്ടുണ്ട്.
ഭക്ഷണക്രമം: നാരുകൾ കുറഞ്ഞ ഭക്ഷണങ്ങൾ, അമിതമായ പഞ്ചസാര, കൊഴുപ്പ്, പ്രോസസ്ഡ് ഫുഡ് (Processed food), റിഫൈൻഡ് ഷുഗർ എന്നിവയുടെ അമിത ഉപയോഗം.
അവബോധം: ആരോഗ്യത്തെക്കുറിച്ച് മലയാളിക്ക് അവബോധം കൂടുതലായതിനാൽ ചെറിയ ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ ടെസ്റ്റ് ചെയ്യാനുള്ള പ്രവണതയുണ്ട്. അതിനാൽ കൂടുതൽ കേസുകൾ കണ്ടെത്തപ്പെടുന്നു.
ഐബിഡി രോഗം നിർണ്ണയിക്കാൻ സാധാരണയായി ചെയ്യുന്ന ടെസ്റ്റുകൾ ഏതൊക്കെയാണ്?
രോഗലക്ഷണങ്ങൾ ഡോക്ടർ വിലയിരുത്തുന്നതാണ് ഏറ്റവും പ്രധാനം (Clinical history).
ബ്ലഡ് ടെസ്റ്റുകൾ: ഹീമോഗ്ലോബിൻ, ഇഎസ്ആർ (ESR), സിആർപി (CRP), പ്ലാറ്റ്‌ലെറ്റ്, ആൽബുമിൻ.
മലപരിശോധന: രക്തത്തിന്റെ അംശമുണ്ടോ എന്ന് നോക്കാനും ഫീക്കൽ കാൽപ്രൊട്ടക്റ്റിൻ (Fecal Calprotectin) അളവ് നോക്കാനും.
എൻഡോസ്കോപ്പിക് പരിശോധനകൾ: കൊളോണോസ്കോപ്പി, സിഗ്മോയിഡോസ്കോപ്പി, അപ്പർ ജിഐ എൻഡോസ്കോപ്പി എന്നിവയിലൂടെ കുടലിന്റെ ഉൾഭാഗം കണ്ട് ബയോപ്സി എടുക്കുന്നു.
സ്കാനിംഗ്: സിടി സ്കാൻ അല്ലെങ്കിൽ എംആർഐ (MRI) വഴി കുടലിന്റെ മറ്റ് ഭാഗങ്ങളെക്കുറിച്ച് പഠിക്കുന്നു. ചില കേസുകളിലെ സ്‌മോള്‍ ബവല്‍ എന്‍ഡോസ്‌കോപ്പി, പുഷ് എന്‍ഡോസ്‌കോപ്പി അല്ലെങ്കില്‍ ഡബിള്‍ ബലൂണ്‍ എന്‍ഡോസ്‌കോപ്പി തുടങ്ങിയവ ചെയ്ത് ചെറുകുടലിന്റെ അകത്ത് നിന്ന് ബയോപ്‌സി എടുക്കേണ്ടതുണ്ട്.
ഐബിഡി പൂർണ്ണമായും ചികിത്സിച്ചു മാറ്റാൻ കഴിയുമോ? ഇതിന് ആജീവനാന്തം മരുന്ന് കഴിക്കേണ്ടതുണ്ടോ?
ഐബിഡി എന്നത് പ്രമേഹം അല്ലെങ്കിൽ ഹൃദ്രോഗം പോലെ ഒരു ക്രോണിക് ഡിസീസ് (Chronic Disease) ആണ്. ഇതിനെ പൂർണ്ണമായും ഭേദമാക്കാൻ കഴിയില്ല, പക്ഷേ നിയന്ത്രിക്കാൻ സാധിക്കും.
രോഗലക്ഷണങ്ങൾ കുറയുമ്പോൾ (Remission) പലരും മരുന്ന് നിർത്താറുണ്ട്. ഇത് രോഗം വീണ്ടും കഠിനമായി വരാൻ (Flare-up) കാരണമാകും. അതിനാൽ ഡോക്ടറുടെ നിർദ്ദേശമില്ലാതെ മരുന്ന് മാറ്റുകയോ നിർത്തുകയോ ചെയ്യരുത്.
ശരിയായ ചികിത്സയിലൂടെ രോഗമില്ലാത്ത ഒരാൾക്ക് തുല്യമായ ജീവിതസാഹചര്യങ്ങളിലേക്ക് രോഗിയെ എത്തിക്കാൻ സാധിക്കും. മിക്കവാറും ആജീവനാന്ത ചികിത്സ ആവശ്യമായി വരാം. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമല്ലാതെ ഒരിക്കലും മരുന്ന് നിര്‍ത്താനോ നിങ്ങള്‍ സ്വന്തമായി രോഗികള്‍ സ്വന്തമായി മോഡിഫിക്കേഷന്‍ വരുത്താനോ പാടില്ല.
ഐബിഡി രോഗികൾ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ എന്തൊക്കെയാണ്? ഏതൊക്കെ ഭക്ഷണങ്ങൾ ഒഴിവാക്കണം?
ഒഴിവാക്കേണ്ടവ: നാരുകൾ (Fiber) കൂടുതലുള്ള ഭക്ഷണങ്ങൾ ക്രോൺസ് ഡിസീസുകാരും കുടലിൽ ചുരുക്കമുള്ളവരും ഒഴിവാക്കണം (ഉദാ: ഇലക്കറികൾ, ചീര, മുരിങ്ങ, ചക്ക, മാങ്ങ). പാൽ ഉൽപ്പന്നങ്ങൾ, അമിതമായ എരിവും പുളിയുമുള്ള ഭക്ഷണങ്ങൾ, റിഫൈൻഡ് ഷുഗർ എന്നിവയും നിയന്ത്രിക്കണം.
കഴിക്കേണ്ടവ: ഹൈ പ്രോട്ടീൻ ഭക്ഷണങ്ങൾ (ചിക്കൻ, മീൻ, മുട്ട) വളരെ അത്യാവശ്യമാണ്. ധാരാളം വെള്ളം കുടിക്കണം.
മാനസിക സമ്മർദ്ദവും ഐബിഡി ലക്ഷണങ്ങളും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ?
മാനസിക സമ്മർദ്ദം (Stress) നേരിട്ട് രോഗത്തിന് കാരണമാകുന്നില്ല. എങ്കിലും, സ്ട്രെസ് കൂടുന്നതിനനുസരിച്ച് രോഗലക്ഷണങ്ങൾ മൂർച്ഛിക്കാനും (Flare-up) ഡിസീസ് ആക്ടീവാകാനും സാധ്യതയുണ്ട്.
ഐബിഡി കൃത്യമായി ചികിത്സിച്ചില്ലെങ്കിൽ ഉണ്ടാകാൻ സാധ്യതയുള്ള ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ എന്തൊക്കെയാണ്?
കുടലിൽ സുഷിരങ്ങൾ (Perforation) ഉണ്ടാവുക.
അമിതമായ രക്തസ്രാവം.
ടോക്സിക് മെഗാകോളൺ (Toxic Megacolon).
കുടലുകൾ അങ്ങോട്ടുമിങ്ങോട്ടും ബന്ധിക്കപ്പെടുന്ന ഫിസ്റ്റുലകൾ ഉണ്ടാവുക.
വൻകുടലിലെ ക്യാൻസർ സാധ്യത.
ശരീരത്തിൽ പോഷകാഹാരക്കുറവ് (Malabsorption) അനുഭവപ്പെടുക.
ബയോളജിക്സ് (Biologics) പോലെയുള്ള പുതിയ ചികിത്സാരീതികൾ ഐബിഡി രോഗികൾക്ക് എത്രത്തോളം ഫലപ്രദമാണ്?
ഐബിഡി ചികിത്സയിലെ ഏറ്റവും ഫലപ്രദമായ രീതിയാണ് ബയോളജിക്സ്. ഇത് കുടലിലെ പാളികളെ (Mucosa) നശിപ്പിക്കുന്ന ഘടകങ്ങളെ തടയുന്നു.ഡിസീസിന്റെ പാത്തോഫിസിയോളജിയില്‍ തന്നെ ആക്ട് ചെയ്ത് ആ ഡിസീസ് മ്യൂക്കോസക്ക് ഡാമേജ് ചെയ്യുന്ന മോളിക്യൂള്‍സിനെ ബ്ലോക്ക് ചെയ്യുന്ന ഒരു രീതിയാണ് ബയോളജിക്‌സ്.
അൾസറുകൾ വേഗം ഹീൽ ചെയ്യാനും ശസ്ത്രക്രിയകൾ ഒഴിവാക്കാനും ക്വാളിറ്റി ഓഫ് ലൈഫ് മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു. രോഗത്തിന്റെ തുടക്കത്തിൽ തന്നെ ശക്തമായ ചികിത്സ നൽകുന്ന 'സ്റ്റെപ്പ് ഡൗൺ തെറാപ്പി'യുടെ ഭാഗമായി ഇത് ഉപയോഗിക്കാറുണ്ട്.
ഇതിന്റെ ഏറ്റവും വലിയ പ്രശ്നം ചിലവാണ്. വർഷത്തിൽ ഏകദേശം 4 മുതൽ 5 ലക്ഷം രൂപ വരെ ചിലവ് വന്നേക്കാം. അതിനാൽ സാധാരണക്കാരായ രോഗികൾക്ക് ഇത് പലപ്പോഴും പ്രയാസമാണ്. ബയോളജിക്സ് തുടങ്ങുന്നതിന് മുൻപ് രോഗിക്ക് ടിബി (TB) പോലുള്ള ഇൻഫെക്ഷനുകൾ ഇല്ലെന്ന് ഉറപ്പുവരുത്തുകയും ആവശ്യമായ വാക്സിനേഷനുകൾ നൽകുകയും വേണം. തുടർച്ചയായ മോണിറ്ററിംഗും ഇതിന് ആവശ്യമാണ്.