• English
  • عربي / Arabic
  • മലയാളം / Malayalam
expert tips to control hypertension naturally

ഉയർന്ന രക്തസമ്മർദം (ഹൈപ്പർടെൻഷൻ): ലക്ഷണങ്ങളും കാരണങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും

2026-06-05

നമ്മുടെ നിശബ്ദ ശത്രുവാണ് ഉയർന്ന രക്തസമ്മർദം അഥവാ ഹൈപ്പർ ടെൻഷൻ. കാര്യമായ ലക്ഷണങ്ങൾ പുറത്തുകാണിക്കാതെ ശരീരത്തെ തളർത്തുന്ന ഈ അവസ്ഥയെക്കുറിച്ച് കൃത്യമായ ധാരണയുണ്ടെങ്കിൽ മാത്രമേ നമുക്ക് ആരോഗ്യകരമായ ഒരു ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കൂ. ഹൈപ്പർ ടെൻഷനെക്കുറിച്ചുള്ള ചില പൊതുവായ സംശയങ്ങള്‍ക്ക് മറുപടി നല്കുകയാണ് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ഇന്റേണല്‍ മെഡിസിന്‍ അസോസിയേറ്റ് കണ്‍സള്‍ട്ടന്റ് ഡോ ആര്യശ്രീ കെ എസ്‌. 

എന്തുകൊണ്ടാണ് ഹൈപ്പർ ടെൻഷനെ 'സീരിയൽ കില്ലർ' എന്ന് വിളിക്കുന്നത്?

ഹൈപ്പർ ടെൻഷനെ പലപ്പോഴും 'നിശബ്ദ കൊലയാളി' (Silent Killer) എന്നാണ് വിളിക്കുന്നത്. ഇതിന് പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളത്:

1.മിക്കവരിലും ഇതിന് പ്രകടമായ ലക്ഷണങ്ങൾ ഉണ്ടാകില്ല. രക്തസമ്മർദം അപകടകരമായ നിലയിൽ എത്തുമ്പോൾ മാത്രമായിരിക്കും പലരും തിരിച്ചറിയുന്നത്.

Read Also: കുട്ടികളിലെ അമിത രക്തസമ്മർദ്ദം: ലക്ഷണങ്ങളും പ്രതിരോധവും

2.ചികിത്സിക്കാതിരുന്നാൽ ഇത് ഹൃദയാഘാതം, പക്ഷാഘാതം, വൃക്കരോഗങ്ങൾ എന്നിവയിലേക്ക് നയിക്കുകയും പെട്ടെന്നുള്ള മരണത്തിന് കാരണമാവുകയും ചെയ്യുന്നു.

ഉയർന്ന ഹൈപ്പർ ടെൻഷന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?

രക്തസമ്മർദം അമിതമാകുമ്പോൾ താഴെ പറയുന്ന ലക്ഷണങ്ങൾ കണ്ടേക്കാം:

  • ശക്തമായ തലവേദന (പ്രത്യേകിച്ച് തലയുടെ പിൻഭാഗത്ത്).
  • തലകറക്കം, കാഴ്ച മങ്ങൽ.
  • അമിതമായ ക്ഷീണം, കിതപ്പ്.
  • നെഞ്ചുവേദന, മൂക്കിൽ നിന്നുള്ള രക്തസ്രാവം.

ദൈനംദിനജീവിതത്തിലെ എന്തൊക്കെ കാര്യങ്ങളാണ് ഇതിന് കാരണമാവുന്നത്?

മാനസിക സമ്മർദം: ജോലിസ്ഥലത്തെയും വീട്ടിലെയും ടെൻഷൻ.

വ്യായാമമില്ലായ്മ: അധികനേരം ഇരുന്നുള്ള ജോലി.

അമിതഭാരം: ശരീരഭാരം കൂടുന്നത് ഹൃദയത്തിന് കൂടുതൽ ജോലിഭാരം നൽകുന്നു.

തെറ്റായ ഭക്ഷണക്രമം: ഫാസ്റ്റ് ഫുഡ്, എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ എന്നിവയുടെ അമിത ഉപയോഗം.

ഉപ്പിന്റെ ഉപയോഗവും രക്തസമ്മർദവും തമ്മിലുള്ള ബന്ധമെന്താണ്?

ഉപ്പിലെ സോഡിയം ശരീരത്തിൽ ജലാംശം നിലനിർത്തുകയും ഇത് രക്തക്കുഴലുകളിലെ സമ്മർദം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഉപ്പിന്റെ അളവ് കുറയ്ക്കുന്നത് രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കും. ബി.പി ഇല്ലാത്തവരും ഉപ്പ് നിയന്ത്രിക്കുന്നത് ഭാവിയിൽ രോഗം വരാതിരിക്കാൻ സഹായിക്കും. ആരോഗ്യവാനായ ഒരാൾ ഒരു ദിവസം ഒരു ടീസ്പൂണിൽ താഴെ (ഏകദേശം 6 ഗ്രാം) ഉപ്പ് മാത്രമേ കഴിക്കാവൂ.

Read Also: ഇൻഫ്ലമേറ്ററി ബവൽ ഡിസീസ് (IBD): ലക്ഷണങ്ങൾ, കാരണങ്ങൾ, അത്യാധുനിക ചികിത്സകൾ

ഉയർന്ന രക്തസമ്മർദമുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ എന്തൊക്കെയാണ്?

ഉയർന്ന രക്തസമ്മർദം ശരീരത്തിലെ പ്രധാന അവയവങ്ങളെ ബാധിക്കുന്നു.

ഹൃദയം: ഹൃദയാഘാതം (Heart Attack), ഹൃദയസ്തംഭനം.

തലച്ചോറ്: പക്ഷാഘാതം (Stroke).

വൃക്ക: വൃക്കകളുടെ പ്രവർത്തനം നിലയ്ക്കുക.

കണ്ണുകൾ: കണ്ണിലെ രക്തക്കുഴലുകൾക്ക് കേടുപാട് സംഭവിക്കുന്ന 'ഹൈപ്പർടെൻസീവ് റെറ്റിനോപ്പതി' കാഴ്ചശക്തിയെ ബാധിക്കാം.

ഭക്ഷണത്തിൽ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തേണ്ടത്?

ഒഴിവാക്കേണ്ട ഭക്ഷണം:

അച്ചാർ, പപ്പടം, ഉണക്കമീൻ.

ബേക്കറി പലഹാരങ്ങൾ, ടിന്നിലടച്ച ഭക്ഷണങ്ങൾ.

മദ്യപാനം, പുകവലി.

ഉൾപ്പെടുത്തേണ്ടവ:

പൊട്ടാസ്യം അടങ്ങിയ പഴങ്ങൾ (ഏത്തപ്പഴം, ഓറഞ്ച്).

ഇലക്കറികൾ, തവിട് കളയാത്ത ധാന്യങ്ങൾ.

കൊഴുപ്പ് കുറഞ്ഞ പാൽ ഉൽപ്പന്നങ്ങൾ.

മരുന്ന് കഴിക്കാതെ നിയന്ത്രിക്കാമോ?

പ്രാരംഭ ഘട്ടത്തിലുള്ളവർക്ക് കൃത്യമായ ഭക്ഷണക്രമം, വ്യായാമം, യോഗ എന്നിവയിലൂടെ ബി.പി നിയന്ത്രിക്കാൻ കഴിഞ്ഞേക്കാം. എന്നാൽ ഡോക്ടർ മരുന്ന് നിർദ്ദേശിച്ചിട്ടുണ്ടെങ്കിൽ അത് സ്വന്തം ഇഷ്ടപ്രകാരം നിർത്തരുത്.

ഗർഭിണികളിലും മുലയൂട്ടുന്ന അമ്മമാരിലും ഉയർന്ന രക്തസമ്മർദം ഏതൊക്കെ രീതിയിൽ ബാധിക്കുന്നു?

ഗർഭകാലത്തെ ബി.പി (Preeclampsia): ഇത് അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ അപകടകരമാണ്. കാലിലെ നീര്, മൂത്രത്തിലൂടെ പ്രോട്ടീൻ പോകുക എന്നിവ ശ്രദ്ധിക്കണം.

പരിഹാരം: കൃത്യമായ ഇടവേളകളിൽ ബി.പി പരിശോധിക്കുക, ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം മരുന്നുകൾ കഴിക്കുക, മുലയൂട്ടുന്ന അമ്മമാർ മരുന്ന് കഴിക്കുമ്പോൾ ഡോക്ടറോട് അത് കുഞ്ഞിനെ ബാധിക്കുമോ എന്ന് ചോദിച്ചു മനസ്സിലാക്കുക.

ഉറക്കവും രക്തസമ്മർദവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ?

ഉറക്കവും രക്തസമ്മർദവും തമ്മിൽ വലിയ ബന്ധമുണ്ട്. ദിവസവും 7-8 മണിക്കൂർ ആഴത്തിലുള്ള ഉറക്കം ലഭിക്കാത്തവരിൽ സമ്മർദ ഹോർമോണുകൾ കൂടുകയും ഇത് രക്തസമ്മർദം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

പെട്ടെന്ന് രക്തസമ്മർദം കൂടിയാൽ എന്ത് ചെയ്യണം?

പരിഭ്രമിക്കാതെ ഉടൻ തന്നെ അടുത്തുള്ള ഡോക്ടറുടെ അടുത്തെത്തി ബി.പി പരിശോധിക്കുക. ഡോക്ടർ നിർദ്ദേശിക്കാതെ സ്വന്തം നിലയ്ക്ക് ഗുളികകൾ കഴിക്കരുത്.

ഓർക്കുക: കൃത്യമായ പരിശോധനയും മിതമായ ഭക്ഷണവും ചിട്ടയായ വ്യായാമവുമാണ് ഹൈപ്പർ ടെൻഷനെ പ്രതിരോധിക്കാനുള്ള മികച്ച ആയുധങ്ങൾ.

ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്‌


    Share this article:
    Dr Aryasree K S

    Dr Aryasree K S

    Internal Medicine