ശ്വാസകോശത്തെ ബാധിക്കുന്ന ഗൗരവകരമായ ഒരു അണുബാധയാണ് ന്യുമോണിയ. ശ്വാസകോശത്തിലെ വായു അറകളിൽ (Alveoli) നീർക്കെട്ടുണ്ടാവുകയും അവിടെ ദ്രാവകമോ കഫമോ നിറയുകയും ചെയ്യുന്ന അവസ്ഥയാണിത്. ഇത് ശ്വാസോച്ഛ്വാസം ബുദ്ധിമുട്ടുള്ളതാക്കുന്നു. കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ ജീവനുതന്നെ ഭീഷണിയായേക്കാവുന്ന ഈ രോഗത്തെക്കുറിച്ച് കൂടുതൽ അറിഞ്ഞിരിക്കാം.
ന്യുമോണിയയുടെ ലക്ഷണങ്ങൾ സാധാരണ പനിയിൽ നിന്നും ജലദോഷത്തിൽ നിന്നും വ്യത്യസ്തമായിരിക്കും. പ്രധാനമായും താഴെ പറയുന്ന ലക്ഷണങ്ങളാണ് കാണപ്പെടുന്നത്:
കടുത്ത പനി: വിറയലോടു കൂടിയ ശക്തമായ പനി.
ചുമയും കഫക്കെട്ടും: മഞ്ഞയോ പച്ചയോ നിറത്തിലുള്ള കഫത്തോടു കൂടിയ ചുമ. ചിലപ്പോൾ കഫത്തിൽ രക്തത്തിന്റെ അംശവും കണ്ടേക്കാം.
ശ്വാസതടസ്സം: ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക അല്ലെങ്കിൽ വേഗത്തിൽ ശ്വാസമെടുക്കുക.
നെഞ്ചുവേദന: ആഴത്തിൽ ശ്വസിക്കുമ്പോഴോ ചുമയ്ക്കുമ്പോഴോ നെഞ്ചിൽ കുത്തുന്നതുപോലെയുള്ള വേദന.
ക്ഷീണം: അമിതമായ തളർച്ചയും വിശപ്പില്ലായ്മയും.
വിവിധതരം രോഗാണുക്കൾ ന്യുമോണിയയ്ക്ക് കാരണമാകുന്നു.
ബാക്ടീരിയ: ഏറ്റവും സാധാരണമായ കാരണം (ഉദാ: സ്ട്രെപ്റ്റോകോക്കസ് ന്യുമോണിയ).
വൈറസ്: ഇൻഫ്ലുവൻസ, കോവിഡ്-19 തുടങ്ങിയ വൈറസുകൾ ന്യുമോണിയയിലേക്ക് നയിക്കാം.
ഫംഗസ്: പ്രതിരോധശേഷി വളരെ കുറഞ്ഞവരിൽ ഫംഗസ് ബാധ മൂലവും ന്യുമോണിയ ഉണ്ടാകാം.
ക്ഷയരോഗം (TB): ടിബി ബാധിക്കുന്നതും ശ്വാസകോശത്തിൽ സമാനമായ അണുബാധയ്ക്ക് കാരണമാകാറുണ്ട്.
ചില ആളുകളിൽ ന്യുമോണിയ പെട്ടെന്ന് പിടിപെടാനും ഗുരുതരമാകാനും സാധ്യതയുണ്ട്:
പ്രായമായവരും കുട്ടികളും: 5 വയസ്സിൽ താഴെയുള്ള കുട്ടികളും 65 വയസ്സിന് മുകളിലുള്ളവരും.
ദീർഘകാല രോഗമുള്ളവർ: പ്രമേഹം, കരൾ രോഗങ്ങൾ, വൃക്കരോഗങ്ങൾ എന്നിവയുള്ളവർ.
ശ്വാസകോശ രോഗങ്ങൾ: ആസ്ത്മ, സി.ഒ.പി.ഡി (COPD) എന്നിവയുള്ളവർക്ക് ശ്വാസകോശത്തിന്റെ ആരോഗ്യം കുറവായതിനാൽ അണുബാധ സാധ്യത കൂടുതലാണ്.
പ്രതിരോധശേഷി കുറഞ്ഞവർ: എച്ച്.ഐ.വി ബാധിതർ, അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞവർ, സ്റ്റിറോയിഡ് മരുന്നുകൾ ദീർഘകാലമായി ഉപയോഗിക്കുന്നവർ.
ജീവിതശൈലി: പുകവലിക്കുന്നവർക്ക് ശ്വാസകോശത്തിന്റെ സ്വാഭാവിക പ്രതിരോധം കുറവായതിനാൽ രോഗസാധ്യത വർദ്ധിക്കുന്നു.
ന്യുമോണിയക്കെതിരെയുള്ള പ്രതിരോധ മാർഗ്ഗങ്ങൾ നമുക്ക് പ്രതിരോധ കുത്തിവെപ്പുകളിലൂടെ എടുക്കാവുന്നതാണ്.
വാക്സിനേഷൻ: സിവിയർ ന്യുമോണിയ തടയാൻ വാക്സിനുകൾ ലഭ്യമാണ്. ന്യൂമോകോക്കൽ വാക്സിൻ (Pneumococcal Vaccine) എടുക്കുന്നത് ബാക്ടീരിയൽ ന്യുമോണിയയിൽ നിന്ന് സംരക്ഷണം നൽകുന്നു.
ഫ്ലൂ വാക്സിൻ: ഓരോ വർഷവും ഇൻഫ്ലുവൻസ വാക്സിൻ എടുക്കുന്നത് വൈറൽ പനിയും തുടർന്നുണ്ടാകുന്ന ന്യുമോണിയയും തടയാൻ സഹായിക്കും.
ശുചിത്വം: കൈകൾ ഇടയ്ക്കിടെ സോപ്പിട്ട് കഴുകുന്നതും മാസ്ക് ധരിക്കുന്നതും രോഗാണുക്കൾ പകരുന്നത് തടയും.
പുകവലി ഉപേക്ഷിക്കുക: ശ്വാസകോശത്തിന്റെ ആരോഗ്യം വീണ്ടെടുക്കാൻ പുകവലി പൂർണ്ണമായും ഒഴിവാക്കുക.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സയ്ക്ക് മുതിരാതെ ഉടൻ തന്നെ ഒരു ഡോക്ടറെ കണ്ട് കൃത്യമായ പരിശോധനകൾ നടത്തേണ്ടതാണ്