• English
  • عربي / Arabic
  • മലയാളം / Malayalam

സ്തനാർബുദവും ഗർഭാശയഗള ക്യാൻസറും: നേരത്തെ തിരിച്ചറിയാൻ ഈ പരിശോധനകൾ

14 April 2026
മുന്‍പത്തെക്കാളധികം നമ്മുടെ സമൂഹത്തില്‍ കാന്‍സര്‍ വ്യാപിച്ചിട്ടുണ്ട്. ആധുനിക ചികിത്സകള്‍ ലഭ്യമാണെങ്കില്‍ പോലും രോഗത്തെക്കുറിച്ചുള്ള അവബോധക്കുറവ് പലരെയും കൃത്യസമയത്ത് ചികിത്സ തേടുന്നതില്‍ നിന്ന് തടയുന്നുണ്ട്. ഈ സാഹചര്യത്തില്‍ രോഗലക്ഷണങ്ങളെക്കുറിച്ചുള്ള കൃത്യമായ അവബോധം രോഗനിര്‍ണ്ണയവും ചികിത്സയും എളുപ്പമാക്കാന്‍ സഹായിക്കുന്നു. പ്രാരംഭഘട്ടത്തില്‍ തന്നെ രോഗം തിരിച്ചറിയുന്നത് ചികിത്സാ ചിലവ് കുറയ്ക്കാനും പൂര്‍ണ്ണ ആരോഗ്യത്തിലേക്ക് വേഗത്തില്‍ തിരിച്ചെത്താനും സ്ത്രീകളെ പ്രാപ്തരാക്കും.

സ്ത്രീകളില്‍ കണ്ടുവരുന്ന കാന്‍സറുകളെക്കുറിച്ചും പ്രതിരോധം, ചികിത്സ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും തൊടുപുഴ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ റേഡിയേഷന്‍ ഓങ്കോളജി കണ്‍സള്‍ട്ടന്റ് ഡോ നീനാ ജോണ്‍ സംസാരിക്കുന്നു. 

എന്തുകൊണ്ടാണ് കാന്‍സര്‍ കണ്ടുപിടിക്കുവാന്‍ വൈകുന്നത് ?

 ഇപ്പോള്‍ 70- 80% ക്യാന്‍സറുകളും വളരെ വൈകിയ സ്‌റ്റേജില്‍ അതായത് മൂന്ന് നാല് സ്‌റ്റേജുകളിലാണ് കണ്ടുപിടിക്കുന്നത് എന്നാണ് കണക്കുകള്‍ പറയുന്നത്. അതിന് പ്രധാനപ്പെട്ട ഒരു കാരണം നമുക്ക് ക്യാന്‍സറിനെ പറ്റിയോ അതിന്റെ ലക്ഷണങ്ങളെ കുറിച്ചോ ഉള്ള  അവബോധക്കുറവ് കൊണ്ടാണ്. അതായത് ഏതെല്ലാം ലക്ഷണങ്ങള്‍ വന്നു കഴിഞ്ഞാല്‍ അത് ക്യാന്‍സര്‍ ആവാന്‍ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയാലാണ് നമ്മള്‍ ആശുപത്രിയില്‍ പോകാനോ ചികിത്സ എടുക്കാനോ ശ്രദ്ധിക്കുകയുള്ളൂ.   

സ്ത്രീകള്‍ പൊതുവെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധ കുറഞ്ഞവരാണ്. ബ്രെസ്റ്റിലൊക്കെ വരുന്ന മുഴകള്‍ പെട്ടെന്ന് കണ്ടുപിടിക്കാന്‍ പറ്റുമെങ്കിലും പലപ്പോഴും അവ വലിപ്പം കൂടുകയോ വ്രണങ്ങളാവുകയോ ചെയ്യുമ്പോഴാണ് പലരും ആശുപത്രിയിലെത്തുന്നത്. ഇത് ചികിത്സ കഠിനമാക്കാനും ചിലവ് കൂടാനും കാരണമാകുന്നു.


 സ്ത്രീകളില്‍ കൂടുതലായിട്ട് കാണപ്പെടുന്ന ക്യാന്‍സര്‍ ഏതൊക്കെയാണ്?

സ്ത്രീകളില്‍ ഏറ്റവും കൂടുതലായിട്ട് കാണപ്പെടുന്നത് ബ്രെസ്റ്റ് അല്ലെങ്കില്‍ സ്തനത്തില്‍ വരുന്ന ക്യാന്‍സറാണ്. സ്ത്രീകളെ ബാധിക്കുന്ന ക്യാന്‍സറുകളില്‍ 25- 28% വരെ ബ്രെസ്റ്റ് ക്യാന്‍സറാണ്. തൊട്ടുപുറകെ വരുന്നത് സെര്‍വിക്‌സ് അല്ലെങ്കില്‍ ഗര്‍ഭാശയ ഗളത്തില്‍ വരുന്ന ക്യാന്‍സര്‍ (20-21%). പിന്നീട് അണ്ഡാശയം (ഓവറി), വന്‍കുടല്‍, ഗര്‍ഭപാത്രം, തൈറോയ്ഡ് ഗ്രന്ഥി എന്നിവയിലെ ക്യാന്‍സറുകളും സാധാരണമാണ്.
പണ്ട് 50-60 വയസ്സിന് ശേഷമാണ് ഇത് കണ്ടിരുന്നതെങ്കില്‍ ഇപ്പോള്‍ ജീവിതശൈലി മാറ്റം മൂലം 20-25 വയസ്സ് കഴിഞ്ഞവരിലും ക്യാന്‍സറുകള്‍ കണ്ടുവരുന്നുണ്ട്.

 സെര്‍വിക്കല്‍ ക്യാന്‍സറിന്റെയും ബ്രെസ്റ്റ് ക്യാന്‍സറിന്റെയും പൊതുവായുള്ള ആയിട്ടുള്ള ലക്ഷണങ്ങള്‍ എന്തൊക്കെയാണ്?

 സ്തനാര്‍ബുദത്തിന്റെ ഏറ്റവും സാധാരണ ലക്ഷണങ്ങള്‍ സ്തനത്തിലെ മുഴ, ആകൃതിയിലോ വലിപ്പത്തിലോ ഉള്ള വ്യത്യാസം, തൊലിപ്പുറമെ ഉണ്ടാകുന്ന വ്രണങ്ങള്‍ അല്ലെങ്കില്‍ വ്യത്യാസങ്ങള്‍, നിപ്പിളില്‍ നിന്നുള്ള രക്തം കലര്‍ന്ന ഡിസ്ചാര്‍ജ്, കക്ഷത്തിലെ കഴല വീക്കം എന്നിവയാണ്.


സെര്‍വിക്കല്‍ ക്യാന്‍സര്‍ സാധാരണയായി 40 വയസ്സ് കഴിഞ്ഞവരിലാണ് കാണപ്പെടുന്നത്. ക്രമം തെറ്റിയ ആര്‍ത്തവം, ആര്‍ത്തവ സമയത്ത് കൂടുതല്‍ രക്തസ്രാവം, ലൈംഗിക ബന്ധത്തിനുശേഷം ബ്ലീഡിങ് ഉണ്ടാവുക, ഇടയ്ക്കിടെ മൂത്രത്തില്‍ പഴുപ്പ്, ദുര്‍ഗന്ധത്തോടു കൂടിയോ അമിതമായിട്ടോ ഉള്ള വെള്ളപോക്ക് എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.

കാന്‍സറുകള്‍ നേരത്തെ കണ്ടുപിടിക്കുവാന്‍ സാധിക്കുമോ? 

രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതിനുമുമ്പ് അസുഖം കണ്ടുപിടിക്കുന്നതിനെയാണ് സ്‌ക്രീനിങ് ടെസ്റ്റ് എന്ന് പറയുന്നത്. ബ്രെസ്റ്റ് ക്യാന്‍സറിന് 'ബ്രെസ്റ്റ് സെല്‍ഫ് എക്‌സാമിനേഷന്‍' (സ്വയം പരിശോധന) വളരെ ഫലപ്രദമാണ്. മാസമുറ കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളില്‍ കണ്ണാടിക്ക് മുന്നില്‍ നിന്ന് സ്തനങ്ങളില്‍ മാറ്റമുണ്ടോ എന്ന് നോക്കുകയും കൈകള്‍ ഉപയോഗിച്ച് തൊട്ട് പരിശോധിക്കുകയും വേണം. കൃത്യമായി പരിശോധിച്ചാല്‍ ചെറിയ മുഴകളുടെ സാന്നിധ്യം പോലും കണ്ടെത്താന്‍ കഴിയുംയ  40 വയസ്സ് കഴിഞ്ഞവര്‍ മാമോഗ്രാം പരിശോധനയും അതിനു താഴെ പ്രായമുള്ളവര്‍ അള്‍ട്രാസൗണ്ട് പരിശോധനയുമാണ് ചെയ്യേണ്ടത്.

സെര്‍വിക്കല്‍ ക്യാന്‍സറിന് 21 മുതല്‍ 29 വയസ്സുവരെയുള്ളവര്‍ 3 വര്‍ഷത്തിലൊരിക്കല്‍ പാപ്‌സ്മിയര്‍ ടെസ്റ്റ് ചെയ്യണം. 30 മുതല്‍ 65 വയസ്സുവരെയുള്ളവര്‍ 5 വര്‍ഷത്തിലൊരിക്കല്‍ എച്ച്പിവി ഡിഎന്‍എ  ടെസ്റ്റ് ചെയ്യണം. ഇത് ഹ്യൂമന്‍ പാപ്പിലോമ വൈറസിന്റെ സാന്നിധ്യം കണ്ടെത്താന്‍ സഹായിക്കും.

ഇത് നേരത്തെ കണ്ടുപിടിച്ചാലുള്ള പ്രയോജനങ്ങള്‍ എന്തൊക്കെയാണ്?

വൈകി കണ്ടുപിടിക്കുമ്പോള്‍ ചികിത്സാ ഓപ്ഷനുകള്‍ കുറവായിരിക്കും, ചിലവ് കൂടുതലായിരിക്കും. നാലാം സ്‌റ്റേജ് ആയാല്‍ പൂര്‍ണ്ണമായും ഭേദമാക്കാനുള്ള സാധ്യത കുറവാണ്. എന്നാല്‍ ഒന്നാമത്തെയോ രണ്ടാമത്തെയോ സ്‌റ്റേജില്‍ കണ്ടുപിടിക്കുകയാണെങ്കില്‍ ചെറിയ ട്രീറ്റ്‌മെന്റുകള്‍ കൊണ്ട് തന്നെ അസുഖം പൂര്‍ണ്ണമായും ഭേദമാക്കാം. ചിലവ് കുറയ്ക്കാനും രോഗിയുടെ ആരോഗ്യം മികച്ച രീതിയില്‍ നിലനിര്‍ത്താനും ഇതിലൂടെ സാധിക്കും.

എച്ച്പിവി വാക്സിനേഷൻ എന്തിനാണ് എടുക്കുന്നത്?

ഹ്യൂമന്‍ പാപ്പിലോമ വൈറസിനെതിരെയുള്ള വാക്‌സിനേഷന്‍ സെര്‍വിക്കല്‍ ക്യാന്‍സര്‍ വരാനുള്ള റിസ്‌ക് കുറയ്ക്കും. സാധാരണയായി 9 മുതല്‍ 26 വയസ്സുവരെയുള്ള കുട്ടികള്‍ക്കാണ് ഇത് നല്‍കുന്നത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും എടുക്കണം. 9-14 വയസ്സുള്ളവര്‍ക്ക് 2 ഡോസും, 14-26 വയസ്സുള്ളവര്‍ക്ക് 3 ഡോസുമാണ് വേണ്ടത്. ഇത് 80-90% വരെ സെര്‍വിക്കല്‍ ക്യാന്‍സര്‍ സാധ്യത ഇല്ലാതാക്കാന്‍ സഹായിക്കും.


 ക്യാന്‍സര്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്?

പൂര്‍ണ്ണമായും കാന്‍സറിനെ മാറ്റിനിര്‍ത്തി ജീവിക്കുവാന്‍ നമുക്ക് സാധിക്കില്ല. ചെറിയൊരു ശതമാനം കാന്‍സറുകള്‍ ജനിതകപരമായ വ്യത്യാസങ്ങള്‍ കൊണ്ടാണ്. ബാക്കിയുള്ള കാന്‍സറുകളെ ഒരുപരിധി വരെ ജീവിതശൈലിയില്‍  വ്യത്യാസങ്ങള്‍ വരുത്തി മാറ്റിനിര്‍ത്താന്‍ സാധിക്കും. 

പുകവലി, പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവ പൂര്‍ണ്ണമായി ഒഴിവാക്കുക. ഫ്രഷ് ആയ പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. കോള പോലുള്ള മധുരപാനീയങ്ങള്‍, അമിത ഉപ്പ്, മൈദ, പ്രോസസ്ഡ് ഫുഡ്, ഉയര്‍ന്ന താപനിലയില്‍ ചുട്ടെടുത്ത/ കരിച്ചെടുക്കുന്ന ഭക്ഷണങ്ങള്‍ എന്നിവ കുറയ്ക്കുക. പൊണ്ണത്തടി ഒഴിവാക്കാന്‍ ആഴ്ചയില്‍ രണ്ടര മുതല്‍ മൂന്ന് മണിക്കൂര്‍ വരെ വ്യായാമം ചെയ്യുക. ദിവസം 8-10 ഗ്ലാസ് വെള്ളം കുടിക്കുക, 68 മണിക്കൂര്‍ ഉറങ്ങുക. പ്രധാനമായി ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കുക.

Dr Neena Johnis a skilled Clinical Oncology Specialist at Baby Memorial Hospital, Thodupuzha, specializing in medical oncology for solid tumors.

Share this video:
Dr Neena John

Dr Neena John

Radiation Oncology