നമ്മുടെ ദഹനവ്യവസ്ഥയിലെ അന്നനാളം, ആമാശയം, ചെറുകുടലിന്റെ തുടക്കഭാഗങ്ങൾ എന്നിവിടങ്ങളിൽ നിന്നുണ്ടാകുന്ന രക്തസ്രാവത്തെയാണ് അപ്പർ ജിഐ ബ്ലീഡിംഗ് എന്ന് വിളിക്കുന്നത്. അപ്പർ ജിഐ ബ്ലീഡിംഗ് പലപ്പോഴും പെട്ടെന്നോ അല്ലെങ്കിൽ വളരെ പതുക്കെയോ സംഭവിക്കാം. മലത്തിലൂടെ കറുത്ത നിറത്തിൽ രക്തം പോകുന്ന 'മെലീന' മുതൽ വലിയ അളവിൽ രക്തം ശർദ്ദിക്കുന്നത് വരെ ഇതിന്റെ ലക്ഷണങ്ങളാകാം. കൃത്യസമയത്ത് തിരിച്ചറിഞ്ഞാൽ എൻഡോസ്കോപ്പി ഉൾപ്പെടെയുള്ള ആധുനിക മാർഗ്ഗങ്ങളിലൂടെ ഇത് ഫലപ്രദമായി ചികിത്സിച്ചു മാറ്റാൻ സാധിക്കും.ഇതിനെക്കുറിച്ച് തൊടുപുഴ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ
എന്താണ് അപ്പർ ജിഐ ബ്ലീഡ്?
അപ്പർ ജിഐ ബ്ലീഡ് എന്നത് പ്രധാനമായും നമ്മുടെ അന്നനാളം (Esophagus), ആമാശയം (Stomach), ചെറുകുടലിന്റെ ആദ്യ ഭാഗങ്ങൾ എന്നിവടങ്ങളിൽ നിന്നുണ്ടാകുന്ന രക്തസ്രാവമാണ്. ഇതിനെ മൈനർ ബ്ലീഡ് എന്നും മേജർ ബ്ലീഡ് എന്നും രണ്ടായി തിരിക്കാം. മൈനർ ബ്ലീഡ് അത്ര സീരിയസ് ആകണമെന്നില്ല, എന്നാൽ മേജർ ബ്ലീഡ് രോഗിയുടെ ജീവന് തന്നെ ഭീഷണിയായേക്കാവുന്ന ഒരു മെഡിക്കൽ എമർജൻസിയാണ്.
അപ്പർ ജിഐ ബ്ലീഡിംഗിന്റെ പ്രധാന ലക്ഷണങ്ങൾ എന്തൊക്കെയാണ്
രക്തസ്രാവത്തിന്റെ വേഗത അനുസരിച്ച് ലക്ഷണങ്ങളിൽ മാറ്റമുണ്ടാകാം:
സ്ലോ ബ്ലീഡിംഗ്: ചിലർക്ക് പതുക്കെ ബ്ലഡ് പോയ്ക്കൊണ്ടിരിക്കും. ഇതിന്റെ പ്രധാന ലക്ഷണം മലത്തിലൂടെ കറുപ്പ് നിറത്തിൽ രക്തം പോകുന്നതാണ്. ഇതിനെ നമ്മൾ മെലീന എന്ന് വിളിക്കുന്നു. ഇത് ദുർഗന്ധമുള്ളതും ഒട്ടിയിരിക്കുന്നതുമായ കറുത്ത മലമാണ്. ഇത് കൂടാതെ ശരീരത്തിൽ രക്തം കുറയുന്നത് കൊണ്ട് ക്ഷീണം, നടക്കുമ്പോൾ കിതപ്പ്, കാലിൽ നീര് എന്നിവയും കാണാം.
ഫാസ്റ്റ് ബ്ലീഡിംഗ്: വലിയ ബ്ലീഡിംഗ് ആണെങ്കിൽ കൂടിയ അളവിൽ രക്തം ശർദ്ദിക്കും (250ml മുതൽ 1 ലിറ്റർ വരെ). ഇങ്ങനെ ഒരുപാട് രക്തനഷ്ടം ഉണ്ടാകുമ്പോൾ ബിപി കുറഞ്ഞ് രോഗി തളരുകയോ അബോധാവസ്ഥയിലാവുകയോ ചെയ്യാം.
അനീമിയയുടെ ലക്ഷണങ്ങൾ: രക്തം കുറയുന്നത് മൂലം അമിതമായ ക്ഷീണം, നടക്കുമ്പോൾ കിതപ്പ്, കാലിൽ നീര് എന്നിവ ഉണ്ടാകാം.
മറ്റ് ലക്ഷണങ്ങൾ: ബിപി കുറയുക, അബോധാവസ്ഥയിലാവുക, വയറുവേദന, ഭാരം കുറയുക എന്നിവയും കാണപ്പെടാം.
രക്തസ്രാവം കണ്ടാൽ രോഗിയുടെ ആദ്യ പ്രതികരണം എന്തായിരിക്കണം?
രക്തം കാണുമ്പോൾ സാധാരണ എല്ലാവരും പേടിക്കാറുണ്ട്. വലിയ രീതിയിൽ രക്തം ശർദ്ദിക്കുമ്പോൾ രോഗിക്കുതന്നെ അതൊരു എമർജൻസിയാണെന്ന് മനസ്സിലാകും, അവർ ഉടൻ ആശുപത്രിയിൽ എത്തും. എന്നാൽ മലം കറുപ്പായി പോകുന്ന സ്ലോ ബ്ലീഡിംഗ് പലപ്പോഴും ആളുകൾ ശ്രദ്ധിക്കാറില്ല. ഹീമോഗ്ലോബിൻ വളരെ കുറയുമ്പോഴാണ് ഇവർ ഡോക്ടറെ കാണുന്നത്. ഏത് ലക്ഷണമായാലും വൈകാതെ തന്നെ ചികിത്സ തേടേണ്ടതാണ്.
ഇതിന് എന്തൊക്കെ ചികിത്സാ രീതികൾ ആണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്?
രോഗിയെ ആശുപത്രിയിൽ എത്തിച്ചാലുടൻ ആദ്യം ചെയ്യുന്നത് അവരുടെ ബിപി സ്റ്റെബിലൈസ് ചെയ്യുകയും രക്തം കുറവാണെങ്കിൽ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ നൽകുകയുമാണ്. തുടർന്ന് പ്രധാനമായും എൻഡോസ്കോപ്പി (Endoscopy) വഴിയാണ് രോഗനിർണ്ണയവും ചികിത്സയും നടത്തുന്നത്. വായയിലൂടെ ട്യൂബ് ഇട്ട് അന്നനാളവും ആമാശയവും പരിശോധിച്ച് ബ്ലീഡിംഗ് സൈറ്റ് കണ്ടെത്തുന്നു.
എൻഡോതെറാപ്പി (Endotherapy): എൻഡോസ്കോപ്പിലൂടെ രക്തസ്രാവം ഉള്ള ഭാഗം കണ്ടെത്തി അത് കരിച്ചുകളയാൻ (Ablation) സാധിക്കും.
ബാൻഡിംഗ് & ഗ്ലൂ ഇൻജക്ഷൻ: സിറോസിസ് ഉള്ള പേഷ്യൻസിന് ഞരമ്പ് വീക്കം മൂലം രക്തസ്രാവമുണ്ടായാൽ ബാൻഡിംഗ് വഴിയോ ഗ്ലൂ ഇൻജക്ഷൻ വഴിയോ അത് നിയന്ത്രിക്കാം.
സർജറി: ചില സാഹചര്യങ്ങളിൽ, അതായത് അൾസർ മൂലം കുടലിലോ ആമാശയത്തിലോ തുള വീണിട്ടുണ്ടെങ്കിൽ സർജറി ആവശ്യമായി വന്നേക്കാം.
ഇതിന് പൂർണ്ണമായ സുഖപ്രാപ്തി ഉണ്ടോ? റിക്കവറി ടൈം എത്രയെടുക്കും?
രോഗാവസ്ഥയുടെ തീവ്രത അനുസരിച്ച് സുഖപ്പെടുന്ന സമയത്തിൽ മാറ്റംവരും.
അൾസർ ഡിസീസ് ആണെങ്കിൽ പൂർണ്ണമായും ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കും. എന്നാൽ സിറോസിസ് കാരണം ഉണ്ടാകുന്ന രക്തസ്രാവം ആണെങ്കിൽ അവർക്ക് നീണ്ടകാലം ചികിത്സയും തുടർ പരിശോധനകളും വേണ്ടിവരും.
മദ്യപാനം മൂലം അന്നനാളത്തിലുണ്ടാകുന്ന ചെറിയ മുറിവുകൾ (Mallory-Weiss tear) ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ഭേദമാകാറുണ്ട്.
പെപ്റ്റിക് അൾസർ ഉള്ളവർക്ക് മരുന്നുകളിലൂടെ രോഗം പൂർണ്ണമായി മാറ്റാം.
എന്നാൽ സിറോസിസ്, ക്യാൻസർ തുടങ്ങിയ സാഹചര്യങ്ങളിൽ ദീർഘകാല ചികിത്സയും കൃത്യമായ ഫോളോ-അപ്പുകളും ആവശ്യമാണ്.
കൃത്യസമയത്ത് ചികിത്സ കിട്ടിയില്ലെങ്കിൽ എന്തൊക്കെ ബുദ്ധിമുട്ടുകൾ ഉണ്ടാകാം?
ചികിത്സ വൈകുന്നത് മൾട്ടി ഓർഗൻ ഡിസ്ഫങ്ഷൻ (കിഡ്നി, ലിവർ ഡാമേജ്) പോലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കാം. അമിതമായി രക്തം ശർദ്ദിക്കുമ്പോൾ അത് ശ്വാസകോശത്തിൽ കടന്ന് ന്യൂമോണിയ ഉണ്ടാകാനും സാധ്യതയുണ്ട്. ബിപി വല്ലാതെ കുറയുന്നത് മരണത്തിന് വരെ കാരണമായേക്കാം.
ഇത് വരാതിരിക്കാൻ ആരെല്ലാം ശ്രദ്ധിക്കണം? ജീവിതശൈലിയിൽ എന്തൊക്കെ മാറ്റങ്ങൾ വേണം?
മദ്യപിക്കുന്നവർ: ലിവർ സിറോസിസ് വരാനും അന്നനാളത്തിൽ മുറിവുകൾ ഉണ്ടാകാനും ഇവർക്ക് സാധ്യതയുണ്ട്.
മരുന്ന് കഴിക്കുന്നവർ: ആസ്പിരിൻ പോലുള്ള രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകൾ, വേദനസംഹാരികൾ (Painkillers) എന്നിവ സ്ഥിരമായി ഉപയോഗിക്കുന്നവർക്ക് അൾസർ വരാൻ സാധ്യത കൂടുതലാണ്.
ഭക്ഷണക്രമം തെറ്റിക്കുന്നവർ: കൃത്യസമയത്ത് ഭക്ഷണം കഴിക്കാത്തവർക്കും സ്പൈസി ഫുഡ് അമിതമായി കഴിക്കുന്നവർക്കും പെപ്റ്റിക് അൾസർ വരാം.
പ്രതിരോധ മാർഗ്ഗങ്ങൾ
- മദ്യപാനം പൂർണ്ണമായും ഒഴിവാക്കുക.
- കൃത്യസമയത്ത് ഭക്ഷണം കഴിക്കുക, അമിതമായ ഫാസ്റ്റിംഗ് ഒഴിവാക്കുക.
- അമിതമായി എരിവുള്ള ഭക്ഷണങ്ങൾ കുറയ്ക്കുക.
- ഡോക്ടറുടെ നിർദ്ദേശമില്ലാതെ വേദനസംഹാരികൾ കഴിക്കരുത്.
- മലത്തിന് നിറം മാറ്റമോ വിളർച്ചയോ കണ്ടാൽ ഉടൻ ഡോക്ടറെ കാണുക.
Dr. Ramu Krishnan is a Consultant Gastroenterologist at Baby Memorial Hospital, Thodupuzha, specializing in gastroenterology, hepatology, and advanced endoscopy. He provides expert care for digestive and liver disorders, including IBD, liver diseases, pancreatitis, GI bleeding, and cancer screening.