• English
  • عربي / Arabic
  • മലയാളം / Malayalam

എന്താണ് ഐബിഎസ്? ഇറിറ്റബിൾ ബവൽ സിൻഡ്രോം ലക്ഷണങ്ങളും ചികിത്സയും

11 April 2026
നമ്മുടെ നിത്യജീവിതത്തെയും ആത്മവിശ്വാസത്തെയും ഒരുപോലെ ബാധിക്കുന്ന ഒന്നാണ് ഉദരസംബന്ധമായ അസ്വസ്ഥതകൾ. ജോലിക്ക് പോകുന്നതിന് മുൻപോ യാത്രകൾക്കിടയിലോ വിട്ടുമാറാത്ത വയറുവേദനയും ഇടയ്ക്കിടെയുള്ള മലശോധനയും  അനുഭവപ്പെടുന്നത് പലരിലും സ്ട്രെസ്സ് വർദ്ധിപ്പിക്കാറുണ്ട്. ഇത്തരത്തിൽ ദഹനവ്യവസ്ഥയെ ബാധിക്കുന്ന ഒരു പ്രധാന അവസ്ഥയാണ് ഐബിഎസ് (IBS) അഥവാ ഇറിറ്റബിൾ ബവൽ സിൻഡ്രോം.

ഇതൊരു മാരകമായ രോഗമല്ലെങ്കിലും, ഭക്ഷണക്രമത്തിലും മാനസികാവസ്ഥയിലും വരുന്ന ചെറിയ മാറ്റങ്ങൾ പോലും ലക്ഷണങ്ങളെ വഷളാക്കിയേക്കാം. പ്രത്യേകിച്ചും യുവാക്കളിൽ വർദ്ധിച്ചുവരുന്ന മാനസിക സമ്മർദ്ദവും ജീവിതശൈലീ മാറ്റങ്ങളും ഐബിഎസിലേക്ക് നയിക്കുന്ന പ്രധാന ഘടകങ്ങളാണ്. ലക്ഷണങ്ങളെ തിരിച്ചറിഞ്ഞ് ശരിയായ വിദഗ്ധ സഹായം തേടുന്നത് വഴി ഈ അവസ്ഥയെ പൂർണ്ണമായും നിയന്ത്രിക്കാനും സാധാരണ ജീവിതത്തിലേക്ക് മടങ്ങാനും സാധിക്കും. തൊടുപുഴ ബി എം എച്ച് ഹോസ്പിറ്റലിലെ ഗ്യാസ്ട്രോ എൻട്രോളജിസ്റ്റ് ഡോക്ടർ  രാമു കൃഷ്ണന്‍ ഐബിഎസിന്റെ കാരണങ്ങളെയും പരിഹാരമാർഗ്ഗങ്ങളെയും കുറിച്ച് വിശദമാക്കുന്നു.

എന്താണ് ഐബിഎസ് ?


ഐബിഎസ് (Irritable Bowel Syndrome)  എന്നത് ഒരു ഫങ്ഷണൽ ഡിസോർഡറാണ്. പ്രധാനമായും വയറുവേദനയും അതിനോടൊപ്പം മലബന്ധം (Constipation) അല്ലെങ്കിൽ വയറിളക്കം (Loose motion) എന്നിവ മാറി മാറി വരുന്ന അവസ്ഥയാണിത്. ചിലർക്ക് മലശോധന കൃത്യമായി നടക്കാത്ത അവസ്ഥയുണ്ടാകാം, എന്നാൽ മറ്റുചിലർക്ക് അമിതമായി വയറിളകിപ്പോകാം.

അന്താരാഷ്ട്ര തലത്തിലുള്ള 'റോം ഫോർ ക്രൈറ്റീരിയ' (Rome IV Criteria) അനുസരിച്ചാണ് ഇതിനെ നിർവചിക്കുന്നത്. ചുരുങ്ങിയത് ആറുമാസമെങ്കിലും നീണ്ടുനിൽക്കുന്നതും ആഴ്ചയിൽ ഒരിക്കലെങ്കിലും വയറുവേദന അനുഭവപ്പെടുന്നതുമായ അവസ്ഥയാണിത്.

ഐബിഎസിന്റെ  ലക്ഷണങ്ങൾ എന്തൊക്കെയാണ്?

പ്രധാനമായും യുവാക്കളിലാണ് ഐബിഎസ് കണ്ടുവരുന്നത്.

  • ഭക്ഷണം കഴിച്ചാലുടൻ ബാത്റൂമിൽ പോകാനുള്ള തോന്നൽ.
  • വയറുവേദന അനുഭവപ്പെടുകയും മലശോധനയ്ക്ക് ശേഷം വേദനയ്ക്ക് ആശ്വാസം ലഭിക്കുകയും ചെയ്യുക.
  • യാത്രകൾ, ഇന്റർവ്യൂ, പരീക്ഷ തുടങ്ങിയ സ്ട്രെസ്സ് ഉണ്ടാക്കുന്ന സാഹചര്യങ്ങളിൽ ലക്ഷണങ്ങൾ വർദ്ധിക്കുക.
  • പകൽ സമയങ്ങളിൽ മാത്രം ലക്ഷണങ്ങൾ കാണുകയും രാത്രിയിൽ ബുദ്ധിമുട്ടുകൾ ഇല്ലാതിരിക്കുകയും ചെയ്യുക.
 എങ്ങനെയാണ് ഐബിഎസ് രോഗനിർണ്ണയം നടത്തുന്നത്?

ഐബിഎസ് നിർണ്ണയിക്കാൻ പ്രത്യേക ടെസ്റ്റുകൾ ലഭ്യമല്ല. എൻഡോസ്കോപ്പിയോ സ്കാനിംഗോ ചെയ്താലും ഇതിൽ മാറ്റങ്ങൾ കാണില്ല. ക്ലിനിക്കൽ ലക്ഷണങ്ങൾ വെച്ചാണ് ഡോക്ടർമാർ ഇത് സ്ഥിരീകരിക്കുന്നത്. എന്നാൽ 50 വയസ്സിന് മുകളിലുള്ളവർക്ക് മലത്തിലൂടെ രക്തം പോകുകയോ അമിതമായി ഭാരം കുറയുകയോ ചെയ്യുന്നുണ്ടെങ്കിൽ കൂടുതൽ പരിശോധനകൾ ആവശ്യമായി വരും.

സാധാരണ ഗ്യാസ് ട്രബിളും ഐബിഎസും തമ്മിലുള്ള വ്യത്യാസം എന്താണ്?

ഗ്യാസ് ട്രബിൾ എന്നത് പലതരം ബുദ്ധിമുട്ടുകളെ സൂചിപ്പിക്കുന്ന ഒന്നാണ്. എന്നാൽ ഐബിഎസിൽ പ്രധാനമായും വയറുവേദനയാണ് അനുഭവപ്പെടുക. ഈ വേദന മാറണമെങ്കിൽ മലശോധന നടന്നേ മതിയാകൂ എന്നതാണ് ഐബിഎസിനെ മറ്റ് ഗ്യാസ് സംബന്ധമായ പ്രശ്നങ്ങളിൽ നിന്ന് വേർതിരിക്കുന്നത്.

 ഐബിഎസ് ചികിത്സാരീതികൾ എങ്ങനെയാണ്?

ഐബിഎസ് ഒരു മാരക രോഗമല്ല. ഇതിന്റെ ചികിത്സ പ്രധാനമായും മൂന്ന് തലങ്ങളിലായാണ് നടക്കുന്നത്:

സൈക്കോസോഷ്യൽ സപ്പോർട്ട്: മാനസിക സമ്മർദ്ദവും പഴയകാല അനുഭവങ്ങളും ഐബിഎസിന് കാരണമാകാം. അതിനാൽ കൗൺസിലിംഗും ബിഹേവിയറൽ തെറാപ്പിയും ആവശ്യമാണ്.
ഭക്ഷണക്രമം: 'ലോ ഫോഡ്മാപ്പ്' (Low FODMAP) ഡയറ്റ് പിന്തുടരുന്നത് ഗുണകരമാണ്. പാൽ, മൈദ, പോളിഷ് ചെയ്ത അരി എന്നിവ ഒഴിവാക്കുന്നത് ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കും.

മരുന്നുകൾ: വയറുവേദന കുറയ്ക്കാൻ ആന്റി സ്പാസ്മോഡിക്സ്, മലബന്ധത്തിന് ലാക്സേറ്റീവ്സ് എന്നിവ നൽകുന്നു. പ്രോബയോട്ടിക്സുകളും ചിലപ്പോൾ ആന്റിബയോട്ടിക്കുകളും ചികിത്സയുടെ ഭാഗമാകാറുണ്ട്.

ഏത് പ്രായക്കാരിലാണ് ഐബിഎസ് കൂടുതലായും കാണപ്പെടുന്നത് ?

പൊതുവേ ചെറുപ്പക്കാരിലാണ് ഐബിഎസ് കാണുന്നത്. 20 മുതല്‍ 50 വയസ് വരെയുള്ള പ്രായക്കാരില്‍ സ്ഥിരമായി ഐബിഎസ് കാണുന്നത്. ഈ അടുത്തായി സ്‌കൂളില്‍ പോകുന്ന കുട്ടികളും ഐബിഎസ് ചികിത്സയ്ക്കായി വരാറുണ്ട്. നേരത്തെ സൂചിപ്പിച്ച സൈക്കോസോഷ്യല്‍ പ്രശ്‌നങ്ങള്‍ നേരത്തെ ഇവരില്‍ കാണുന്നതിനാലാണിത്. മുതിര്‍ന്നവരുടേതിന് സമാനമായ ലക്ഷണങ്ങളാണ് കുട്ടികള്‍ക്കും ഉണ്ടാവുക. മാസത്തില്‍ നാല് തവണയൊക്കെ വേദന വന്നാല്‍ ഇതിന്റെ ലക്ഷണമായി കാണാം.

മാനസിക സമ്മർദ്ദവും ലഹരിവസ്തുക്കളുടെ ദുരുപയോഗവും ഐബിഎസ് ഉള്ളവരിൽ കൂടുതലാണോ? 

ഐബിഎസ് അനുഭവിക്കുന്നവരിൽ മാനസിക സമ്മർദ്ദം ഒരു പ്രധാന വില്ലനാണ്. പലപ്പോഴും ഈ സമ്മർദ്ദത്തെ അതിജീവിക്കാൻ രോഗികൾ ആൽക്കഹോൾ, പുകവലി, അല്ലെങ്കിൽ മറ്റ് ലഹരിവസ്തുക്കൾ  എന്നിവയെ ആശ്രയിക്കാൻ സാധ്യതയുണ്ട്. രോഗം മൂലമുണ്ടാകുന്ന മാനസിക വിഷമങ്ങളിൽ നിന്നും രക്ഷപ്പെടാനുള്ള ഒരു വഴിയായിട്ടാണ് പലരും ഇതിനെ കാണുന്നത്. കൃത്യസമയത്ത് ഡോക്ടറെ കണ്ട് ചികിത്സ തേടാതിരിക്കുന്നത് ഇത്തരം തെറ്റായ ശീലങ്ങളിലേക്ക് രോഗികളെ നയിച്ചേക്കാം.ഫ്‌ലെയറുകൾ  ഐബിഎസിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ്.  രോഗലക്ഷണങ്ങൾ ഇല്ലാതെ ഇരിക്കുന്ന അവസ്ഥയിൽ നിന്ന് പെട്ടെന്ന് ലക്ഷണങ്ങൾ കഠിനമാകുന്നതിനെയാണ് 'ഫ്‌ലെയറുകൾ' എന്ന് വിളിക്കുന്നത്. മരുന്നുകൾ പെട്ടെന്ന് നിർത്തുന്നതോ ദിനചര്യകളിൽ മാറ്റം വരുന്നതോ ഇതിന് കാരണമാകാം.

ഐബിഎസ് മാറാൻ സർജറിയുടെ ആവശ്യമുണ്ടോ ?
ഐബിഎസ് എന്നത് പൂർണ്ണമായും  ചികിത്സയിലൂടെയും മാനസിക പിന്തുണയിലൂടെയും മാറ്റേണ്ട ഒന്നാണ്. ഇതിന് ഒരിക്കലും ശസ്ത്രക്രിയയുടെ  ആവശ്യമില്ല. അതേസമയം, ഐബിഎസ് പെട്ടെന്ന് വന്നു പോകുന്ന ഒന്നല്ല. ഇതൊരു ലോങ്ങ് ടേം അവസ്ഥയായതിനാൽ ചികിത്സയും ദീർഘകാലം വേണ്ടി വന്നേക്കാം.

വ്യായാമത്തിന് ഐബിഎസ് ചികിത്സയിൽ പങ്കുണ്ടോ?

അതെ. വ്യായാമം ചെയ്യുന്നത് ആത്മവിശ്വാസം കൂട്ടാനും മികച്ച ഉറക്കം ലഭിക്കാനും സഹായിക്കും. ഇത് മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിലൂടെ ഐബിഎസ് ലക്ഷണങ്ങളെ ലഘൂകരിക്കുന്നു. മെഡിറ്റേഷനും ഇതിന് ഫലപ്രദമാണ്.

ഐബിഎസ് പൂർണ്ണമായും ഭേദമാക്കാൻ സാധിക്കുമോ?

ഐബിഎസ് പൂർണ്ണമായും മാറ്റാൻ കഴിയില്ല. ഇതൊരു ക്രോണിക് (വിട്ടുമാറാത്ത) അവസ്ഥയാണ്. ചികിത്സയിലൂടെയും ജീവിതശൈലീ മാറ്റങ്ങളിലൂടെയും ലക്ഷണങ്ങൾ നിയന്ത്രിക്കാനും സാധാരണ ജീവിതം നയിക്കാനും സാധിക്കും. ചികിത്സ നിർത്തിയാൽ ലക്ഷണങ്ങൾ വീണ്ടും വരാനുള്ള സാധ്യതയുണ്ട് 

Dr. Ramu Krishnan is a Consultant Gastroenterologist at Baby Memorial Hospital, Thodupuzha, specializing in gastroenterology, hepatology, and advanced endoscopy. He provides expert care for digestive and liver disorders, including IBD, liver diseases, pancreatitis, GI bleeding, and cancer screening.

Share this video:
Dr Ramu Krishnan

Dr Ramu Krishnan

Consultant

Medical Gastroenterology And GI Endoscopy