തീപ്പൊള്ളൽ എന്നത് ഏത് പ്രായക്കാർക്കും എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന ഒന്നാണ്. പൊള്ളലേറ്റാലുടൻ സ്വീകരിക്കേണ്ട അടിയന്തര നടപടികൾ പേഷ്യന്റിന്റെ ജീവൻ രക്ഷിക്കുന്നതിലും മുറിവ് പെട്ടെന്ന് ഉണങ്ങുന്നതിലും നിർണ്ണായക പങ്ക് വഹിക്കുന്നു. തൊടുപുഴ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ പ്ലാസ്റ്റിക് സർജന്മാരായ ഡോ.
മാധവി സിയും
ഡോ. നെൽജോ തോമസും തീപ്പൊള്ളലിന്റെ വിവിധ തരങ്ങൾ, പൊള്ളലേറ്റാൽ ചെയ്യേണ്ട പ്രാഥമിക കാര്യങ്ങൾ, ഹോസ്പിറ്റലിലെ ചികിത്സാ നടപടികൾ, പൊള്ളൽ മൂലമുണ്ടാകുന്ന പാടുകൾ (Scars) മാറ്റുന്നതിനുള്ള ആധുനിക സർജറികൾ എന്നിവയെക്കുറിച്ച് വിശദമായി സംസാരിക്കുന്നു
തീപ്പൊള്ളൽ സംഭവിക്കുമ്പോൾ എമർജൻസി ആയി നമ്മൾ ചെയ്യേണ്ടത് എന്തൊക്കെയാണ്?
ഡോ. മാധവി: തീപ്പൊള്ളൽ കഴിഞ്ഞിട്ടുള്ള ആദ്യ 20-30 മിനിറ്റാണ് ഏറ്റവും പ്രധാനം. ആദ്യം സോഴ്‌സ് കൺട്രോൾ ചെയ്യണം. വെള്ളം ഒഴിച്ച് തീ അണയ്ക്കുകയോ ബ്ലാങ്കറ്റ് ഉപയോഗിച്ച് പൊതിയുകയോ ചെയ്യാം. ഒട്ടിയിരിക്കുന്ന വസ്ത്രങ്ങളും ആഭരണങ്ങളും മാറ്റണം.വൈദ്യുതി ഉപയോഗിച്ചുള്ള പൊള്ളല്‍ ആണെങ്കിൽ പൊള്ളലേറ്റ ആളെ വേഗത്തിൽ അവിടെനിന്ന് മാറ്റണം.
കെമിക്കൽ ബേൺസ് (ഉദാഹരണത്തിന് ഫോർമിക് ആസിഡ്) ആണെങ്കിൽ ഒഴുകുന്ന വെള്ളത്തിൽ 20 മിനിറ്റ് തുടർച്ചയായി കഴുകണം. കുഞ്ഞുങ്ങളിലും വീട്ടമ്മമാരിലും കാണുന്ന സ്‌കാൾഡ് ബേൺസ് (ചൂടുവെള്ളം, ചായ എന്നിവ കൊണ്ട് പൊള്ളുന്നത്) ആണെങ്കിലും 20 മിനിറ്റ് വെള്ളം ഒഴിക്കണം. തുടർന്ന് എത്രയും വേഗം ഒരു പ്ലാസ്റ്റിക് സർജന്റെ സേവനം ലഭ്യമായ എമർജൻസി കെയറിൽ എത്തിക്കുക.
പൊള്ളലേറ്റ ഒരു പേഷ്യന്റ് ഹോസ്പിറ്റലിലെത്തിയാൽ ഉടനെ ചെയ്യുന്ന നടപടികൾ എന്തൊക്കെയാണ്?
ഡോ. നെൽജോ തോമസ്: പേഷ്യന്റിനെ സ്റ്റെബിലൈസ് ചെയ്യുക എന്നതാണ് പ്രധാനം. പൾസ്, ബിപി, രക്തത്തിലെ ഓക്‌സിജൻ (Saturation) എന്നിവ പരിശോധിക്കും. പൊള്ളലേറ്റ ഭാഗത്ത് കൂടി ശരീരത്തിലെ ഫ്ലൂയിഡ്സ് നഷ്ടപ്പെടുന്നത് വഴി ബിപി കുറയാൻ സാധ്യതയുണ്ട്. അതിനാൽ ആദ്യ 48-72 മണിക്കൂർ വളരെ പ്രധാനമാണ്. ഈ സമയത്ത് ബിപി സപ്പോർട്ട് ചെയ്യാനുള്ള ഫ്ലൂയിഡ് നൽകുകയും ഡ്രസ്സിങ് ചെയ്യുകയും ചെയ്യും. പുക ശ്വസിച്ചുണ്ടാകുന്ന ഇൻഹലേഷണൽ ബേൺസ് ഉള്ളവർക്ക് ശ്വാസംമുട്ടൽ ഉണ്ടാകാം, അവരെ ഉടനെ എമർജൻസിയിൽ എത്തിക്കണം.
72 മണിക്കൂറിന് ശേഷം ചെയ്യുന്ന ചികിത്സകൾ എന്തൊക്കെയാണ്?
ഡോ. നെൽജോ തോമസ്: തൊലി പോയ ഭാഗത്ത് ഇൻഫെക്ഷൻ വരാൻ സാധ്യതയുള്ളതിനാൽ നമ്മൾ ടാൻജെൻഷ്യൽ എക്‌സിഷൻ (Tangential Excision) എന്ന സർജറി ചെയ്യാറുണ്ട്. പൊള്ളലേറ്റ് നാശമായ തൊലിയുടെ ഭാഗങ്ങൾ നീക്കം ചെയ്ത് അവിടെ സ്വന്തം ശരീരത്തിലെ തൊലിയോ (Skin Graft), സ്കിൻ ബാങ്കിൽ നിന്നുള്ള കടാബറിക് സ്കിന്നോ, അല്ലെങ്കിൽ ആർട്ടിഫിഷ്യൽ സ്കിൻ സബ്സ്റ്റിറ്റ്യൂട്ടോ (Collagen) ഉപയോഗിച്ച് കവർ ചെയ്യുന്നു.
തീപ്പൊള്ളലിന് ശേഷം ഉണ്ടാകുന്ന മോശം പാടുകൾ (Scars) എങ്ങനെ ഒഴിവാക്കാം?
ഡോ. മാധവി: പൊള്ളലിന്റെ തീവ്രത അനുസരിച്ചാണ് പാടുകൾ ഉണ്ടാകുന്നത്. ഡീപ് ബേൺസ് ആണെങ്കിൽ അത് ഉണങ്ങുമ്പോൾ തടിച്ച പാടുകൾ വരാം. ഇത് ഒഴിവാക്കാൻ ഏർലി സർജറി (Early Surgery) സഹായിക്കും. കൂടാതെ പ്രഷർ ഗാർമെന്റ്‌സ് (Pressure Garments), സിലിക്കോൺ ജെൽ, ഓയിന്റ്‌മെന്റുകൾ, സ്പ്ലിന്റ്‌സ് (Splints) എന്നിവ ഉപയോഗിക്കാം. സന്ധികളിൽ പാടുകൾ ചുരുങ്ങി ലിംബ്സ് അനക്കാൻ പറ്റാത്ത അവസ്ഥ ഒഴിവാക്കാൻ ഇത് സഹായിക്കും.
പൊള്ളലിന് ശേഷം ഉണ്ടാകുന്ന തടിച്ച പാടുകൾ (Hypertrophic Scars) മാറ്റാൻ എന്ത് ചെയ്യാം?
ഡോ. നെൽജോ തോമസ്: ഇത്തരം പാടുകൾക്ക് സ്റ്റിറോയ്ഡ് ഇൻജക്ഷനുകൾ ഫലപ്രദമാണ്. 3 ആഴ്ച ഇടവിട്ട് 3 മുതൽ 6 തവണ വരെ ഇൻജക്ഷൻ എടുക്കേണ്ടി വരും. ഇതിനോടൊപ്പം സ്കാർ മസാജ്, സിലിക്കോൺ ഷീറ്റ് ഡ്രസ്സിംഗ്, കംപ്രഷൻ ഗാർമെന്റ്‌സ് എന്നിവയും നൽകും. കാഴ്ചയിൽ പ്രശ്നമുള്ള (Aesthetic) പാടുകൾക്ക് ലേസർ ചികിത്സയും ലഭ്യമാണ്.
പൊള്ളലിന് ശേഷം സന്ധികൾ ചുരുങ്ങിപ്പോകുന്ന അവസ്ഥയ്ക്ക് പ്ലാസ്റ്റിക് സർജറി എങ്ങനെ സഹായിക്കും?
ഡോ. മാധവി: പാടുകൾ കാരണം കഴുത്തോ കൈകാലുകളോ നീക്കാൻ പറ്റാത്ത അവസ്ഥയെ (Functional Problem) മാറ്റാൻ സ്പ്ലിന്റ്‌സ് ഉപയോഗിക്കാറുണ്ട്. കൂടാതെ സെഡ് പ്ലാസ്റ്റി (Z-plasty) പോലുള്ള സർജറികളിലൂടെ ഇത്തരം ചുരുക്കങ്ങൾ റിലീസ് ചെയ്യാനും മൊബിലിറ്റി വർദ്ധിപ്പിക്കാനും സാധിക്കും.
വർഷങ്ങൾ പഴക്കമുള്ള പാടുകൾക്ക് എന്തെങ്കിലും ചികിത്സയുണ്ടോ?
ഡോ. മാധവി: 10-15 വർഷം പഴക്കമുള്ള പാടുകൾക്ക് പ്ലാസ്റ്റിക് സർജറി ആവശ്യമാണ്. സെഡ് പ്ലാസ്റ്റി (Z-plasty), സ്കാർ റിവിഷൻ, കുഴിഞ്ഞ പാടുകൾക്ക് ഫാറ്റ് ഗ്രാഫ്റ്റിങ് (Fat Grafting) എന്നിവ ചെയ്യാവുന്നതാണ്. ജോയിന്റുകൾ അനക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ഇത് വലിയ ആശ്വാസം നൽകും.
വെളുത്ത നിറത്തിലുള്ള പാടുകൾക്ക് (Hypopigmentation) ചികിത്സയുണ്ടോ?
ഡോ. നെൽജോ തോമസ്: കറുപ്പ് നിറം കുറഞ്ഞ പാടുകൾക്ക് മെലനോസൈറ്റ് ട്രാൻസ്ഫർ (Melanocyte Transfer) എന്ന ചികിത്സ ലഭ്യമാണ്. ശരീരത്തിന്റെ മറ്റൊരു ഭാഗത്ത് നിന്ന് മെലാനിൻ ഉൽപ്പാദിപ്പിക്കുന്ന കോശങ്ങൾ എടുത്ത് ട്രാൻസ്പ്ലാന്റ് ചെയ്യുന്ന രീതിയാണിത്. ഇത് തികച്ചും സുരക്ഷിതമായ ഒരു പ്രൊസീജർ ആണ്.വിറ്റിലിഗോ (Vitiligo) രോഗികൾക്കും ഇത് ഫലപ്രദമാണ്.
ചോദ്യം: പൊള്ളലേറ്റവർക്ക് സർജറി ചെയ്യുന്നത് അപകടമാണോ? അതുകൊണ്ട് റിസ്ക് കൂടുതലാണോ?
ഡോ. മാധവി: ഇതൊരു തെറ്റായ ധാരണയാണ്. ഡീപ് ബേൺസിന് (ആഴത്തിലുള്ള പൊള്ളൽ) ലോകമെമ്പാടും അംഗീകരിക്കപ്പെട്ട ചികിത്സാരീതിയാണ് സർജറി. സർജറി ചെയ്തില്ലെങ്കിൽ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് സർജറി ചെയ്യുന്നതിനേക്കാൾ കൂടുതൽ. എസ്റ്റാർ (Eschar) എന്ന് വിളിക്കുന്ന, പൊള്ളലേറ്റ് ജീവനില്ലാതെ വെളുത്തിരിക്കുന്ന ആ സ്കിൻ നീക്കം ചെയ്യേണ്ടത് അനിവാര്യമാണ്. ശരിയായ മേൽനോട്ടത്തിൽ ചെയ്യുന്നത് വഴി അണുബാധ കുറയ്ക്കാനും പേഷ്യന്റിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കും. ഇതൊരു അപകടകരമായ പ്രൊസീജറല്ല, മറിച്ച് തികച്ചും സുരക്ഷിതമായ ഒന്നാണ്.
പൊള്ളൽ : മിഥ്യാധാരണകളും വസ്തുതകളും
പൊള്ളലേറ്റ ഭാഗത്ത് ടൂത്ത് പേസ്റ്റ് ഉപയോഗിക്കാമോ?
പാടില്ല. ടൂത്ത് പേസ്റ്റിലെ മെന്തോൾ ചൂടിനെ ഉള്ളിൽ നിലനിർത്തുന്നതുവഴി പൊള്ളൽ കൂടാൻ കാരണമാകും. കൂടാതെ ഇത് നീക്കം ചെയ്യാനും പ്രയാസമാണ്.
പൊള്ളലേറ്റ ഭാഗത്ത് കാപ്പിപ്പൊടി ഇടാമോ?
പാടില്ല. ഇത് മുറിവിൽ അണുബാധ ഉണ്ടാക്കാൻ സാധ്യതയുണ്ട്.
ഐസ് വാട്ടർ ഉപയോഗിക്കാമോ?
പാടില്ല. പെട്ടെന്ന് ഐസ് വെള്ളം ഉപയോഗിക്കുന്നത് ശരീരത്തിന്റെ താപനില പെട്ടെന്ന് കുറയുന്നതിനും കൂടുതൽ പ്രശ്നങ്ങൾക്കും കാരണമാകും. സാധാരണ വെള്ളം ഉപയോഗിക്കുന്നതാണ് ഉചിതം.