• English
  • عربي / Arabic
  • മലയാളം / Malayalam

സ്‌ട്രോക്ക്, നിര്‍ണ്ണായകം ഓരോ നിമിഷവും... തിരികെ ജീവിതത്തിലേക്ക് എത്താം

28 January 2026
സ്‌ട്രോക്ക് അഥവാ പക്ഷാഘാതം എന്ന വില്ലന്‍ അസുഖത്തെക്കുറിച്ച് പരിചയമില്ലാത്തവര്‍ കാണില്ല.  കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ, സ്‌ട്രോക്ക് ചികിത്സാ രീതികളില്‍ ഏറെ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. കൃത്യ സമയത്ത് കൃത്യമായ ചികിത്സ ലഭ്യമായാല്‍ രോഗിയെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരുവാന്‍ കഴിയുന്ന വിധത്തില്‍ ഇന്ന് ചികിത്സാമേഖല വളര്‍ന്നിട്ടുണ്ട്. സ്‌ട്രോക്ക് ചികിത്സയില്‍ ഉണ്ടായ പുരോഗതികള്‍, ലഭ്യമായ വിവിധ ചികിത്സാ രീതികള്‍, സമയബന്ധിത ചികിത്സയുടെ പ്രാധാന്യം എന്നിവയെക്കുറിച്ച് അറിയാം

സ്‌ട്രോക്ക് ചികിത്സയിലെ മാറ്റങ്ങള്‍


നേരത്തെ സ്‌ട്രോക്ക് വന്നാല്‍ ചികിത്സ വളരെ പരിമിതമായിരുന്നു. പെട്ടെന്ന് ആശുപത്രിയില്‍ കൊണ്ടുവന്നാലും പലപ്പോഴും ഒന്നും ചെയ്യാനില്ലാത്ത അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ സ്‌ട്രോക്കിന് വിവിധ തരത്തിലുള്ള ചികിത്സകള്‍ ലഭ്യമായിക്കൊണ്ടിരിക്കുകയാണ്.

സ്‌ട്രോക്ക് ഒരു വ്യക്തിയെ മാത്രമല്ല, ആ കുടുംബത്തെ മുഴുവനായി ബാധിക്കുന്ന ഒരു വലിയ പ്രഹരമാണ്.  കൈകാലുകളുടെ തളര്‍ച്ച, സംസാരത്തിലെ ബുദ്ധിമുട്ട്, ശാരീരിക വൈകല്യം, പൂര്‍ണ്ണമായും മറ്റുള്ളവരെ ആശ്രയിക്കേണ്ട അവസ്ഥയിലേക്ക് തുടങ്ങിയവയിലേക്ക്  ഒരു മേജര്‍ സ്‌ട്രോക്ക് രോഗിയെ തള്ളിവിട്ടേക്കാം. 

സമയബന്ധിത ചികിത്സയുടെ പ്രാധാന്യം

സ്‌ട്രോക്ക് വന്ന രോഗിയെ എത്രയും പെട്ടെന്ന് ചികിത്സിച്ച് രോഗത്തില്‍ നിന്ന് മുക്തമാക്കി, റീഹാബിലിറ്റേഷന്‍ നടത്തി, തലച്ചോറില് നാശംവന്ന ഭാഗങ്ങള്‍ സംരക്ഷിച്ച് 
അവരെ തിരിച്ച് ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ സാധിക്കുന്നതില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ നൂതന ചികിത്സാ മാറ്റങ്ങള്‍ വലിയ വിജയം കൈവരിച്ചു.

ആദ്യ നാലര മണിക്കൂര്‍: മരുന്നുകളുടെ പങ്ക്


സ്‌ട്രോക്ക് വന്നതിനു ശേഷമുള്ള ആദ്യ മണിക്കൂറുകള്‍ തിരികെ ജീവിതത്തിലേക്ക് മടങ്ങിയെത്തുന്ന കാര്യത്തില്‍ നിര്‍ണ്ണായകമാണ്. 

സ്‌ട്രോക്ക് വന്നതിന് ശേഷം ആദ്യ നാലര മണിക്കൂറിനുള്ളില്‍ രോഗിയെ എത്തിച്ചാല്‍  തലച്ചോറിലെ ബ്ലോക്കുകള്‍ അലിയിക്കുന്ന  മരുന്നുകള്‍ നല്‍കാന്‍ കഴിയും.
ചെറിയ രക്തക്കുഴലുകളിലെ ബ്ലോക്കുകള്‍ ഇത്തരം മരുന്നുകള്‍ ഉപയോഗിച്ച് നീക്കം ചെയ്യാന്‍ സാധിക്കും. എന്നാല്‍ മേജര്‍ രക്തക്കുഴലുകളിലെ ബ്ലോക്കുകളില്‍ അഞ്ചിലൊരാള്‍ക്ക് മാത്രമേ മരുന്ന് പൂര്‍ണ്ണമായി ഫലപ്രദമാകുന്നുള്ളൂ.

മെക്കാനിക്കല്‍ ത്രോംബെക്ടമി: പ്രധാന ബ്ലോക്കുകള്‍ക്കുള്ള പരിഹാരം


മരുന്ന് ഫലപ്രദമല്ലാത്ത മേജര്‍ ബ്ലോക്കുകളില്‍ മെക്കാനിക്കല്‍ ത്രോംബെക്ടമി അല്ലെങ്കില്‍ എന്‍ഡോവാസ്‌കുലര്‍ ട്രീറ്റ്‌മെന്റ് ആവശ്യമായി വരും.
ഇത് മിനിമലി ഇന്‍വേസീവ് ആയ ഒരു പിന്‍ ഹോള്‍ സര്‍ജറി പോലുള്ള പ്രൊസീജറാണ്. രക്തക്കുഴലിനകത്ത് ചെറിയൊരു പിന്‍ ഹോള്‍ ഉണ്ടാക്കി, ട്യൂബിലൂടെ തലച്ചോറിലെ രക്തക്കുഴലിലേക്ക് പ്രവേശിച്ച്, സക്ഷനും സ്‌റ്റെന്റും ഉപയോഗിച്ച് ക്ലോട്ടിനെ വലിച്ചെടുക്കുന്ന സംവിധാനമാണ് ഇത്. സ്‌ട്രോക്ക് സംഭവിച്ച്് എത്രയും പെട്ടെന്ന് ഈ പ്രൊസീജര്‍ ലഭ്യമാക്കിയാല്‍ മേജര്‍ ബ്ലോക്കുകളില്‍ നിന്നും തലച്ചോറിന്റെ വലിയ ഭാഗങ്ങള്‍ സംരക്ഷിക്കുവാന്‍ സാധിക്കും.

സമയം ഓരോരുത്തര്‍ക്കും വ്യത്യസ്തമാണ്


രക്തയോട്ടം നഷ്ടപ്പെട്ടിട്ടും പിടിച്ചു നില്‍ക്കാനുള്ള കഴിവ് ഓരോരുത്തരുടെയും തലച്ചോറിന് വ്യത്യസ്തമാണ്. ചിലര്‍ക്കു നാല്, അഞ്ച്, ആറു മണിക്കൂര്‍ വരെ കഴിയുമ്പോള്‍, മറ്റുചിലര്‍ക്കു ഒമ്പത് മുതല്‍ പന്ത്രണ്ട് മണിക്കൂര്‍ വരെ കഴിയാം.
ഈ വ്യത്യാസം വിലയിരുത്താന്‍ സിടി, സിടി ആന്‍ജിയോഗ്രാം, സിടി പെര്‍ഫ്യൂഷന്‍, എംആര്‍ഐ എന്നിവ ഉപയോഗിക്കുന്നു. ഇതിലൂടെ ബ്ലോക്ക് കണ്ടെത്തുകയും, സാല്‍വേജബിള്‍ ഏരിയ എത്രമാത്രമുണ്ടെന്ന് മനസ്സിലാക്കുകയും ചെയ്യാം. പൂര്‍ണ്ണമായി നശിച്ച ഭാഗത്തെ 'കോര്‍' എന്ന് വിളിക്കുന്നു. കോര്‍ ചെറിയതും സാല്‍വേജബിള്‍ ഏരിയ കൂടുതലുമാണെങ്കില്‍, ബ്ലോക്ക് നീക്കം ചെയ്ത് ഭാഗങ്ങള്‍ സേവ് ചെയ്യാനുള്ള സാധ്യതയുണ്ട്.

സങ്കീര്‍ണ്ണ ബ്ലോക്കുകളും ചികിത്സകളും


ചിലര്‍ക്കു തലച്ചോറിലെ ഒരു രക്തക്കുഴലില്‍ മാത്രം ബ്ലോക്ക് ഉണ്ടാകാം; മറ്റുചിലര്‍ക്കു കഴുത്തിലും തലച്ചോറിനുള്ളിലും ബ്ലോക്ക് ഉണ്ടാകാം. അങ്ങനെയെങ്കില്‍ രണ്ട് ബ്ലോക്കുകളും നീക്കം ചെയ്യേണ്ടിവരും.
ആദ്യമായി ആന്‍ജിയോപ്ലാസ്റ്റി വഴി കഴുത്തിലെ ബ്ലോക്ക് നീക്കം ചെയ്ത ശേഷം, മൈക്രോ കത്തീറ്ററുകള്‍ ഉപയോഗിച്ച് ക്ലോട്ടിനകത്ത് സ്‌റ്റെന്റ് സ്ഥാപിച്ച് സക്ഷനും സ്‌റ്റെന്റ് റിട്രീവറും ചേര്‍ത്ത് പ്രൊസീജര്‍ നടത്താം. ഇതിനെ സക്ഷന്‍ പ്ലസ് സ്‌റ്റെന്റ് റിട്രീവര്‍ ത്രോംബെക്ടമി എന്ന് പറയുന്നു.

പ്രത്യേക സാഹചര്യങ്ങളിലെ ചികിത്സ


ചില രോഗികളില്‍ രക്തക്കുഴല്‍ ദ്രവിച്ച അവസ്ഥയിലായിരിക്കാം. ദീര്‍ഘകാല ഷുഗര്‍, ബിപി, കൊളസ്‌ട്രോള്‍ തുടങ്ങിയ കാരണങ്ങളാല്‍ ഇത്തരമൊരു അവസ്ഥയെ ഇന്‍ട്രാക്രീനിയല്‍ അതറോസ്‌ക്ലീറോട്ടിക് ഡിസീസ് എന്ന് പറയുന്നു.
ഇത്തരം സാഹചര്യങ്ങളില്‍ വെറും ക്ലോട്ട് വലിച്ചെടുക്കല്‍ മാത്രമാകില്ല വേണ്ടത്. ബ്ലോക്കിനകത്ത് ചെറിയ ട്യൂബ് വഴി ഇന്‍ട്രാ ആര്‍ട്ടീരിയല്‍ ടൈറോഫിബാന്‍ പോലുള്ള ബ്ലോക്ക് അലിയിപ്പിക്കുന്ന മരുന്നുകള്‍ നല്‍കേണ്ടിവരും. ഇതെല്ലാം ചെയ്താലും ചിലപ്പോള്‍ പരാജയപ്പെടുവാനുള്ള സാധ്യതയുണ്ടെങ്കിലും, തുറന്നു വരാനുള്ള സാധ്യത പരമാവധി ഉപയോഗപ്പെടുത്തണം.

സെക്കന്‍ഡറി പ്രിവെന്‍ഷനും റീഹാബിലിറ്റേഷനും


രക്തയോട്ടം പുനസ്ഥാപിച്ചതിന് ശേഷം അടുത്ത സ്‌ട്രോക്ക് വരുന്നത് തടയാന്‍ സെക്കന്‍ഡറി പ്രിവെന്‍ഷന്‍ ആരംഭിക്കും. കട്ടയലിയിക്കുന്ന മരുന്നുകള്‍, ഇന്‍ജക്ഷനുകള്‍, ബ്ലഡ് പ്രഷര്‍ നിയന്ത്രണം എന്നിവ ഇതിന്റെ ഭാഗമാണ്.
തുടര്‍ന്ന് റീഹാബിലിറ്റേഷന്‍ തെറാപ്പി ആരംഭിച്ച് കൈകാലുകളുടെ ചലനം, സംസാരശേഷി, ലാംഗ്വേജ് ഫംഗ്ഷന്‍ എന്നിവ പതുക്കെ മെച്ചപ്പെടുത്തി രോഗിയെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുന്നു.

സമഗ്രമായ സ്‌ട്രോക്ക് ചികിത്സ


സ്‌ട്രോക്കിന്റെ ചികിത്സ ഒരു കോംപ്രിഹെന്‍സീവ് പ്രക്രിയയാണ്. ഓരോ രോഗിക്കും അനുയോജ്യമായ ചികിത്സാ സംവിധാനം സ്‌കാനുകള്‍, സെറിബ്രല്‍ ആന്‍ജിയോഗ്രാം, ഡിഎസ്എ എന്നിവ ഉപയോഗിച്ച് നിര്‍ണയിച്ച ശേഷം തിരഞ്ഞെടുക്കുന്നു.
എത്രയും പെട്ടെന്ന് ബ്ലോക്ക് കണ്ടെത്തി, അത് നീക്കം ചെയ്ത് രക്തയോട്ടം പുനസ്ഥാപിക്കുക എന്നതാണ് സ്‌ട്രോക്ക് ചികിത്സയുടെ പ്രധാന ലക്ഷ്യം.

-

Dr  Anand R Warrier

Dr Anand R Warrier

Consultant

Neurointervention And Neuroradiology