പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇപ്പോള്‍ സാധാരണമായി മാറിയിരിക്കുകയാണ്. പ്രായമേറുമ്പോൾ ഈ ഗ്രന്ഥിക്ക് ഉണ്ടാകുന്ന മാറ്റങ്ങൾ പലപ്പോഴും പലരിലും ആശങ്കയുണ്ടാക്കാറുണ്ട്. സാധാരണയായി 50 വയസ്സിന് മുകളിൽ പ്രായമുള്ള പുരുഷന്മാരിൽ കണ്ടുവരുന്ന പ്രോസ്റ്റേറ്റ് ഗ്രന്ഥി വീക്കം ശരിയായ സമയത്ത് തിരിച്ചറിയുകയും വിദഗ്ദ്ധ ചികിത്സ തേടുകയും ചെയ്യേണ്ട ഒന്നാണ്.
മിക്കപ്പോഴും മൂത്രമൊഴിക്കുന്നതിലുണ്ടാകുന്ന തടസ്സങ്ങൾ, ഇടയ്ക്കിടയ്ക്ക് മൂത്രം ഒഴിക്കാൻ തോന്നുക തുടങ്ങിയ ബുദ്ധിമുട്ടുകൾ അവഗണിക്കുന്നത് ഗുരുതരമായ വൃക്കരോഗങ്ങളിലേക്കോ അണുബാധകളിലേക്കോ നയിച്ചേക്കാം. ആധുനിക വൈദ്യശാസ്ത്രത്തിൽ മരുന്നുകളിലൂടെയും ലളിതമായ ശസ്ത്രക്രിയകളിലൂടെയും പ്രോസ്റ്റേറ്റ് സംബന്ധമായ പ്രശ്നങ്ങൾ പൂർണ്ണമായും പരിഹരിക്കാൻ സാധിക്കും. ഈ വിഷയത്തെക്കുറിച്ച് വടകര ബേബി മെമ്മോറിയൽ ആശുപത്രിയിയിലെ യൂറോളജിസ്റ്റ്
ഡോ. അശ്വിന്‍ വി സംസാരിക്കുന്നു.
പ്രോസ്റ്റേറ്റ് ഗ്രന്ഥി വീക്കം: ലക്ഷണങ്ങളും ചികിത്സാ രീതികളും
എല്ലാ പുരുഷന്മാരിലും സാധാരണയായി കണ്ടുവരുന്ന ഒന്നാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി. എന്നാൽ പ്രായം കൂടുന്നതിനനുസരിച്ച്, പ്രത്യേകിച്ച് 50 വയസ്സിന് ശേഷം ഹോർമോൺ വ്യതിയാനങ്ങൾ കാരണം ചിലരിൽ ഈ ഗ്രന്ഥി വലുതാകാൻ സാധ്യതയുണ്ട്.
എന്താണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി? പ്രായമാകുമ്പോൾ ഇതിന് എന്ത് മാറ്റമാണ് സംഭവിക്കുന്നത്?
പ്രോസ്റ്റേറ്റിക് ഗ്രന്ഥി എന്ന് പറഞ്ഞാൽ എല്ലാ പുരുഷന്മാർക്കും നോർമൽ ആയിട്ട് ഉണ്ടാകുന്ന ഒരു ഗ്രന്ഥിയാണ്. സാധാരണയായി 50 വയസ്സ് കഴിഞ്ഞാൽ ഹോർമോണിന്റെ വ്യതിയാനങ്ങൾ കാരണം ചിലർക്ക് പ്രോസ്റ്റേറ്റ് ഗ്രന്ഥി വലുതാകുന്നു. പ്രായം കൂടുന്തോറും ഇതിന്റെ വലുപ്പം കൂടുമെങ്കിലും, എല്ലാവരിലും ഇത് ലക്ഷണങ്ങൾ കാണിക്കണമെന്നില്ല.
പ്രോസ്റ്റേറ്റ് ഗ്രന്ഥി വലുതാകുമ്പോൾ ഉണ്ടാകുന്ന പ്രധാന ബുദ്ധിമുട്ടുകൾ എന്തൊക്കെയാണ്?
പ്രധാനമായും മൂത്രമൊഴിക്കുന്നതിലാണ് ബുദ്ധിമുട്ടുകൾ അനുഭവപ്പെടുക.
- മൂത്രം പോകുന്നതിന് പണ്ടത്തെപ്പോലെ ഒരു ഫോഴ്സോ സ്പീഡോ ഇല്ലാതിരിക്കുക.
- മൂത്രം പൂർണ്ണമായും പോകാതെ കെട്ടിനിൽക്കുന്നതായി തോന്നുക.
- ഇടയ്ക്കിടയ്ക്ക് മൂത്രം ഒഴിക്കാൻ തോന്നുക.
- രാത്രികാലങ്ങളിൽ മൂന്നിൽ കൂടുതൽ തവണ മൂത്രം ഒഴിക്കാനായി എഴുന്നേൽക്കേണ്ടി വരിക.
ഇത് ചികിത്സിക്കാതിരുന്നാൽ മറ്റു ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമോ?
അതെ, മൂത്രം കെട്ടിക്കിടക്കുന്നത് വഴി അണുബാധ ഉണ്ടാകാൻ സാധ്യതയുണ്ട്. കൂടാതെ ഇത് കിഡ്നിയുടെ പ്രവർത്തനത്തെ ബാധിക്കാനും സാധ്യതയുണ്ട്.
പ്രോസ്റ്റേറ്റ് പ്രശ്നങ്ങൾ എങ്ങനെയാണ് കണ്ടെത്തുന്നത്?
മൂത്ര സംബന്ധമായ ബുദ്ധിമുട്ടുകൾ തോന്നുകയാണെങ്കിൽ ചില ടെസ്റ്റുകൾ ചെയ്യേണ്ടതുണ്ട്.
സ്കാനിംഗ്: മൂത്രം കെട്ടിനിൽക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ.
യൂറോ ഫ്ലോ ടെസ്റ്റ് (Uroflowmetry): ഏത് സ്പീഡിലാണ് യൂറിൻ പോകുന്നത് എന്ന് മനസ്സിലാക്കാൻ ഈ ടെസ്റ്റ് സഹായിക്കുന്നു.
ലഭ്യമായ ചികിത്സാ രീതികൾ എന്തൊക്കെയാണ്?
യൂറിൻ ഫ്ലോ വളരെ കുറവാണെങ്കിൽ മരുന്നുകളിലൂടെ ഇത് ശരിയാക്കാവുന്നതാണ്. മൂന്നോ ആറോ മാസം സ്ഥിരമായി മരുന്ന് കഴിച്ചിട്ടും മാറ്റമില്ലെങ്കിൽ മാത്രമേ സർജറി നിർദ്ദേശിക്കാറുള്ളൂ.
ഏതൊക്കെ തരത്തിലുള്ള സർജറികളാണ് നിലവിലുള്ളത്?
സർജറി പലവിധത്തിൽ ചെയ്യാവുന്നതാണ്:
ലേസർ സർജറി: ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് മരുന്ന് കഴിക്കുന്നവർക്കും, മരുന്ന് നിർത്താൻ സാധിക്കാത്തവർക്കും ലേസർ സർജറി ചെയ്യാവുന്നതാണ്.
പുതിയ രീതികൾ: യൂറോ ലിഫ്റ്റ് (Urolift) പോലുള്ള പുതിയ സർജറികളും നിലവിലുണ്ട്.
എല്ലാ സർജറികളുടെയും ഫലം ഏതാണ്ട് ഒരുപോലെയാണെങ്കിലും, രോഗിയുടെ ശാരീരിക അവസ്ഥയും മറ്റ് ബുദ്ധിമുട്ടുകളും പരിഗണിച്ചാണ് അനുയോജ്യമായ രീതി തിരഞ്ഞെടുക്കുന്നത്. സർജറിയിലൂടെ പ്രോസ്റ്റേറ്റ് പ്രശ്നം പൂർണ്ണമായും മാറ്റാവുന്നതാണ്.
Dr. Aswin V is a highly trained Consultant Urologist with comprehensive expertise in managing a wide spectrum of urological disorders across all age groups. With advanced training in endourology, laparoscopic urological procedures, open reconstructive surgeries, and renal transplant care.