ഇന്ത്യയിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഹെഡ് ആൻഡ് നെക്ക് ക്യാൻസർ ആണ് ഓറൽ ക്യാൻസർ അഥവാ വായിലെ ക്യാൻസർ. രോഗം നേരത്തെ തിരിച്ചറിയുന്നതിലൂടെ മികച്ച ചികിത്സാ ഫലങ്ങൾ ഉറപ്പാക്കാൻ സാധിക്കും.
വായിലെ ക്യാൻസറിന് കാരണമാകുന്ന ഘടകങ്ങൾ, അതിന്റെ പ്രധാന ലക്ഷണങ്ങൾ, ലഭ്യമായ ചികിത്സാ രീതികൾ എന്നിവയെക്കുറിച്ച് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ
ഹെഡ് ആൻഡ് നെക്ക് ഓങ്കോളജി അസോസിയേറ്റ് കൺസൾട്ടന്റ്
ഡോക്ടർ വീണാ ബി ഗംഗ സംസാരിക്കുന്നു.
വായിലെ ക്യാൻസറിന്റെ കാരണങ്ങൾ
ഹെഡ് ആൻഡ് നെക്ക് ക്യാൻസറുകളിൽ ഏറ്റവും പ്രധാനപ്പെട്ട കാരണമായി കാണുന്നത് പുകയിലയുടെ ഉപയോഗമാണ്. ഇതിനെ പ്രധാനമായും രണ്ടായി തിരിക്കാം:
സ്മോക്കിംഗ് ടുബാക്കോ: ബീഡി, സിഗരറ്റ് തുടങ്ങിയവയുടെ ഉപയോഗം.
ച്യൂയിംഗ് ടുബാക്കോ: പാൻ മസാല, കൈനി, ഗുഡ്ക തുടങ്ങിയ രൂപത്തിൽ പുകയില ചവയ്ക്കുന്നത്.
മറ്റു കാരണങ്ങൾ:
മദ്യപാനം (Alcohol).
വളരെ അപൂർവ്വമായി ഹ്യൂമൻ പാപ്പിലോമ വൈറസ് ഇൻഫെക്ഷൻ
ജനിതക കാരണങ്ങൾ (Genetic causes).
ലൈക്കൻ പ്ലാനസ് (Lichen Planus) പോലുള്ള ക്രോണിക് ഇൻഫ്ലമേറ്ററി അവസ്ഥകൾ അപൂർവ്വമായി ക്യാൻസറിലേക്ക് നയിക്കാം.
വായിലെ ക്യാൻസറിന്റെ പ്രധാന ലക്ഷണങ്ങൾ
വായിലെ ക്യാൻസറിന്റെ ലക്ഷണങ്ങൾ പലപ്പോഴും രോഗികൾ അവഗണിക്കാറാണ് പതിവ്. താഴെ പറയുന്ന ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഒരു ഡോക്ടറെ സമീപിക്കേണ്ടതാണ്:
ഉണങ്ങാത്ത മുറിവുകൾ: മൂന്നാഴ്ചയോ നാലാഴ്ചയോ അതിൽ കൂടുതലോ നീണ്ടുനിൽക്കുന്ന, മരുന്നുകൾ ഉപയോഗിച്ചിട്ടും ഉണങ്ങാത്ത വായിലെ മുറിവുകൾ.
പല്ലുകൾക്ക് ഇളക്കം: വായിലെ പല്ലുകൾ ലൂസ് ആകുന്നത്.
മോണയിൽ നിന്നുള്ള രക്തസ്രാവം: ഗം ബ്ലീഡിങ് അനുഭവപ്പെടുന്നത്.
ഇൽ ഫിറ്റിംഗ് ഡെഞ്ചേഴ്സ്: കൃത്രിമ പല്ലുകൾ ഉപയോഗിക്കുന്നവർക്ക് അവ കൃത്യമായി ഫിറ്റ് ആവാത്ത അവസ്ഥ.
നിറവ്യത്യാസങ്ങൾ: വായിൽ വെളുത്ത പാടുകളോ (White patches) ചുവന്ന പാടുകളോ (Red patches) കട്ടിയുള്ളതായി അനുഭവപ്പെടുക.
രോഗനിർണ്ണയവും പരിശോധനകളും
ലക്ഷണങ്ങൾ കണ്ടാൽ വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കാതെ ഉടൻ തന്നെ ഒരു ഡോക്ടറെ കാണേണ്ടതാണ്. പ്രധാനമായും താഴെ പറയുന്ന പരിശോധനകളാണ് വേണ്ടിവരുന്നത്:
ബയോപ്സി ടെസ്റ്റ്: ക്യാൻസർ കോശങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കാനുള്ള പ്രധാന ടെസ്റ്റ് ഇതാണ്.
സ്കാൻ : ക്യാൻസർ എവിടെയൊക്കെ വ്യാപിച്ചിട്ടുണ്ട് എന്നും, കഴുത്തിലെ ഗ്രന്ഥികളെ (Nodes) ബാധിച്ചിട്ടുണ്ടോ എന്നും മനസ്സിലാക്കാൻ ഇത് സഹായിക്കും.
ചികിത്സാ രീതികൾ
ക്യാൻസറിന്റെ സ്റ്റേജ് അനുസരിച്ചാണ് ചികിത്സ നിശ്ചയിക്കുന്നത്.
സ്റ്റേജ് 1 & 2 (Early Stage): ഈ ഘട്ടത്തിൽ മിക്കവാറും സർജറിയിലൂടെ മാത്രം രോഗം ഭേദമാക്കാം. ക്യാൻസർ കോശങ്ങളുള്ള ഭാഗവും അതിനു ചുറ്റുമുള്ള ഒരു സെന്റിമീറ്ററോളം ഭാഗവും നീക്കം ചെയ്യുന്നതാണ് ഇതിന്റെ രീതി.
സ്റ്റേജ് 3 & 4 (Advanced Stage): ഈ ഘട്ടത്തിൽ ക്യാൻസറിന്റെ വ്യാപനം കൂടുതൽ ആയിരിക്കും. സർജറിയോടൊപ്പം തന്നെ പ്ലാസ്റ്റിക് സർജന്റെ സഹായത്തോടെയുള്ള റീകൺസ്ട്രക്ഷൻ ആവശ്യമായി വരും. ഇത് പേഷ്യന്റിന് നല്ല രീതിയിൽ ഭക്ഷണം കഴിക്കാനും ആസ്പിരേഷൻ പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാനും സഹായിക്കും.
അധിക ചികിത്സകൾ: അഡ്വാൻസ്ഡ് സ്റ്റേജുകളിൽ സർജറിക്ക് പുറമെ റേഡിയേഷൻ ട്രീറ്റ്മെന്റും ആവശ്യമെങ്കിൽ കീമോതെറാപ്പിയും നൽകേണ്ടി വരും.
നേരത്തെയുള്ള രോഗനിർണ്ണയത്തിന്റെ പ്രാധാന്യം
ക്യാൻസർ നേരത്തെ കണ്ടുപിടിക്കുന്നത് പേഷ്യന്റിന് മികച്ച ക്വാളിറ്റി ഓഫ് ലൈഫ് നൽകാൻ സഹായിക്കും. നേരത്തെ ചികിത്സ തുടങ്ങുന്നതിലൂടെ ചികിത്സാ രീതികൾ ലളിതമാക്കാനും ദീർഘകാലാടിസ്ഥാനത്തിൽ മികച്ച ഫലം നേടാനും സാധിക്കും.
Dr. Veena B Ganga is an Associate Consultant specializing in Head and Neck Surgical Oncology. She brings extensive expertise in complex oncologic surgeries of the head and neck region, combining precision surgical skills with advanced reconstructive techniques.