• English
  • عربي / Arabic
  • മലയാളം / Malayalam

കഴുത്തിലെ വീക്കം എപ്പോൾ ഗൗരവമായി കാണണം? കാരണങ്ങളും പരിശോധനകളും അറിയാം

27 April 2026
കഴുത്തിലുണ്ടാകുന്ന വീക്കം പലപ്പോഴും ആളുകളിൽ ആശങ്കയുണ്ടാക്കുന്ന ഒന്നാണ്. സാധാരണമായ അണുബാധകൾ മുതൽ ഗൗരവകരമായ ട്യൂമറുകൾ വരെ ഇതിന് കാരണമായേക്കാം. ഇത്തരം തടിപ്പുകൾ എപ്പോഴാണ് ശ്രദ്ധിക്കേണ്ടതെന്നും അവയ്ക്ക് ലഭ്യമായ ചികിത്സാ മാർഗ്ഗങ്ങൾ എന്തൊക്കെയാണെന്നും തൊടുപുഴ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ ഇ എൻ ടി ആൻഡ് ഹെഡ് ആൻഡ് നെക്ക് സർജറി കൺസൾട്ടന്റ് ഡോക്ടർ ശാലിനി കുര്യന്‍
 വിശദീകരിക്കുന്നു.

കഴുത്തിലെ ഓരോ കോശത്തിലും ഇത്തരം വീക്കങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ലിംഫ് നോഡുകൾ, തൈറോയ്ഡ് ഗ്രന്ഥി, ഉമിനീർ ഗ്രന്ഥി, പേശികൾ തുടങ്ങി വിവിധ ഭാഗങ്ങളിലെ മാറ്റങ്ങൾ കൃത്യമായ പരിശോധനകളിലൂടെ കണ്ടെത്തേണ്ടത് അത്യാവശ്യമാണ്.

 കഴുത്തിലെ വീക്കം അഥവാ തടിപ്പ് ഇതിന് സാധാരണയായി കാണുന്ന കാരണങ്ങൾ എന്തെല്ലാമാണ്?

കഴുത്തിൽ പല കാരണങ്ങൾ കൊണ്ട് തടിപ്പുകൾ വരാം. ഏറ്റവും സാധാരണമായി കാണുന്നത് അണുബാധകൾ (Infections) മൂലമാണ്. ജന്മനാ ഉള്ള തകരാറുകൾ (Developmental anomalies) മൂലവും തടിപ്പുകൾ ഉണ്ടാകാം. ചിലപ്പോൾ ട്യൂമറുകൾ കാരണമാകാം; ഇവ ക്യാൻസർ ആവാനോ അല്ലാതിരിക്കാനോ സാധ്യതയുണ്ട്. ലിംഫ് നോഡുകളിലെ ഇൻഫെക്ഷൻ ആണ് ഏറ്റവും കൂടുതൽ കാണുന്നത്. കൂടാതെ തൈറോയ്ഡ് മുഴകൾ, ഉമിനീർ ഗ്രന്ഥികളിലെ മുഴകൾ, പേശികൾ, എല്ലുകൾ, ചർമ്മം എന്നിവടങ്ങളിലും തടിപ്പുകൾ കാണാറുണ്ട്.


 ഇത്തരം വീക്കം വരുമ്പോൾ എപ്പോഴാണ് ഒരു ഡോക്ടറെ സമീപിക്കേണ്ടത്?

 സാധാരണ മരുന്നുകൾ കഴിച്ചിട്ടും വീക്കം കുറയാതിരിക്കുകയും ക്രമേണ വലുതാവുകയും ചെയ്യുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം. അതോടൊപ്പം മൂക്കടപ്പ്, മൂക്കിൽ നിന്ന് രക്തം വരിക, ഭക്ഷണം ഇറക്കാൻ തടസ്സം, വേദന, ശബ്ദ വ്യത്യാസം, ശ്വാസം മുട്ടൽ, വായിൽ പുണ്ണുകൾ എന്നിവ ഉണ്ടെങ്കിൽ തീർച്ചയായും ഡോക്ടറെ കാണണം. വിട്ടുമാറാത്ത പനി, ശരീരഭാരം കുറയുക, വിശപ്പില്ലായ്മ എന്നിവയും ലക്ഷണങ്ങളാണ്. മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങളുള്ള മുതിർന്ന പുരുഷന്മാർ ഇത്തരം തടിപ്പുകൾ കണ്ടാൽ കൂടുതൽ ജാഗ്രത പാലിക്കണം.

ഇത്തരം വീക്കവുമായി വരുന്ന രോഗികൾക്ക് നിർദ്ദേശിക്കുന്ന പരിശോധനകൾ എന്തെല്ലാമാണ്?

വീക്കത്തിന്റെ സ്ഥാനവും ലക്ഷണങ്ങളും അനുസരിച്ചാണ് പരിശോധനകൾ നിശ്ചയിക്കുന്നത്. സാധാരണയായി ആദ്യം ഒരു അൾട്രാസൗണ്ട് സ്കാൻ (Ultrasound Scan) ചെയ്യുന്നു. ഇതിലെ ഫലം അനുസരിച്ച് എഫ്.എൻ.എ.സി (FNAC - കുത്തിയെടുട്ടുള്ള പരിശോധന), ബയോപ്സി,തുടങ്ങിയവ വേണ്ടിവന്നേക്കാം. ലിംഫ് നോഡിലെ തടിപ്പാണെങ്കിൽ അത് എവിടെ നിന്ന് തുടങ്ങിയതാണെന്ന് കണ്ടെത്താൻ എൻഡോസ്കോപ്പി പരിശോധനയും ആവശ്യമായി വരാം.


തൈറോയ്ഡ് ഗ്രന്ഥിയുമായി ബന്ധപ്പെട്ട വീക്കത്തെ എങ്ങനെ വിലയിരുത്തുന്നു?

തൈറോയ്ഡ് തടിപ്പാണെങ്കിൽ ആദ്യം അൾട്രാസൗണ്ട് സ്കാൻ ചെയ്യും. പലരും രക്തപരിശോധനയിൽ തൈറോയ്ഡ് ഹോർമോൺ നില നോർമൽ ആണെങ്കിൽ മറ്റ് പരിശോധനകൾ ഒഴിവാക്കാറുണ്ട്, ഇത് തെറ്റായ പ്രവണതയാണ്. ഹോർമോൺ നോർമൽ ആണെങ്കിലും തടിപ്പുണ്ടെങ്കിൽ സ്കാൻ ചെയ്യുകയും ആവശ്യമുണ്ടെങ്കിൽ കുത്തിയെടുത്ത് പരിശോധിക്കുകയും വേണം.

ഇത്തരം പ്രശ്നങ്ങൾക്ക് ലഭ്യമായ ചികിത്സാ മാർഗ്ഗങ്ങൾ എന്തെല്ലാമാണ്?

കാരണം കണ്ടെത്തിയ ശേഷമാണ് ചികിത്സ നിശ്ചയിക്കുന്നത്:

അണുബാധ: പല്ലിലെ കേടോ ടോൺസിലൈറ്റിസോ മൂലമുള്ള അണുബാധയാണെങ്കിൽ അത് മാറുമ്പോൾ തടിപ്പും മാറും. ടിബി (TB) ആണെങ്കിൽ അതിനുള്ള മരുന്നുകൾ നൽകണം.
ക്യാൻസർ: ലിംഫോമ പോലുള്ള ക്യാൻസറാണെങ്കിൽ കീമോതെറാപ്പി നൽകുന്നു. മറ്റ് അവയവങ്ങളിൽ നിന്നുള്ള ക്യാൻസർ പടർന്നതാണെങ്കിൽ സർജറി, റേഡിയേഷൻ, കീമോതെറാപ്പി എന്നിവ സ്റ്റേജ് അനുസരിച്ച് നൽകും.
തൈറോയ്ഡ്: സ്കാനിലും എഫ്.എൻ.എ.സിയിലും കുഴപ്പമില്ലെങ്കിൽ ഫോളോ-അപ്പ് മതിയാകും. എന്നാൽ വലുപ്പമുള്ളതോ സംശയാസ്പദമായതോ ആണെങ്കിൽ സർജറി വേണ്ടിവരും.
മറ്റുള്ളവ: ഉമിനീർ ഗ്രന്ഥിയിലെ തടിപ്പുകൾ, തൈറോഗ്ലോസൽ ഡക്ട് സിസ്റ്റ് തുടങ്ങിയവയ്ക്ക് സർജറിയാണ് പ്രധാന ചികിത്സ.

Dr. Shalini Kurian is an Otorhinolaryngologist specializing in Head and Neck Surgery, with a strong focus on the management of head and neck malignancies, including resection, reconstruction, and rehabilitation

Share this video:
Dr Shalini Kurian

Dr Shalini Kurian

Consultant

ENT And Head & Neck Surgery