• English
  • عربي / Arabic
  • മലയാളം / Malayalam

സുരക്ഷിത ഗർഭകാലം, ആരോഗ്യമുള്ള കുഞ്ഞ്: ഗർഭിണികൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

21 February 2026

ആശുപത്രികളിലേക്ക് സാധാരണയായി ആളുകളെ എത്തിക്കുന്നത് രോഗങ്ങളും ശാരീരിക ബുദ്ധിമുട്ടുകളുമാണ്. എന്നാല്‍ സന്തോഷവും പുത്തന്‍ പ്രതീക്ഷകളും നല്കുന്ന ഇടങ്ങളാണ് പ്രസവമുറികള്‍. 

ഗര്‍ഭധാരണത്തിന് മുന്‍പും ശേഷവും ദമ്പതികള്‍ അറിഞ്ഞിരിക്കേണ്ട എല്ലാ പ്രധാന കാര്യങ്ങളെക്കുറിച്ചും വിശദീകരിക്കുകയാണ് തൊടുപുഴ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ മീനാ സോമന്‍

പ്രീനാറ്റല്‍, ആന്റിനാറ്റല്‍ കെയര്‍ എന്നാല്‍ എന്താണ്? ഇതിന്റെ പ്രാധാന്യം എന്താണ്?

 ആരോഗ്യമുള്ള അമ്മയ്ക്ക് മാത്രമേ ആരോഗ്യമുള്ള ഒരു കുഞ്ഞ് ജനിക്കുകയുള്ളൂ. അമ്മയുടെ ഗര്‍ഭകാല ആരോഗ്യത്തിന്റെ പ്രതിഫലനമാണ് ആരോഗ്യമുള്ള  കുഞ്ഞ്. പ്രീ നേറ്റല്‍ കെയര്‍ എന്ന് പറഞ്ഞാല്‍ ഗര്‍ഭിണി ആകുന്നതിന് മുമ്പ് നമ്മള്‍ എന്തൊക്കെ കരുതലെടുക്കണം  എന്നതാണ് സൂചിപ്പിക്കുന്നത്. 

Read Also: ഗർഭകാലത്തെ നോമ്പും ആരോഗ്യവും: ഗർഭിണികൾ ശ്രദ്ധിക്കേണ്ട പ്രധാന നിർദ്ദേശങ്ങൾ

മുപ്പതുകള്‍ക്ക് ശേഷമുള്ള ഗര്‍ഭധാരണം വര്‍ദ്ധിച്ചുവരുന്ന ഇന്നത്തെ കാലത്ത് പ്രഗ്‌നന്‍സി പ്ലാന്‍ ചെയ്യേണ്ടത് അത്യാവശ്യമാണ്. ജീവിതശൈലി രോഗങ്ങളായ ഡയബറ്റിസ്, ഹൈപ്പര്‍ടെന്‍ഷന്‍, തൈറോയ്ഡ്, പാരമ്പര്യ രോഗങ്ങള്‍ എന്നിവയുള്ളവര്‍ ഗര്‍ഭധാരണത്തിന് മുമ്പ് ഗൈനക്കോളജിസ്റ്റിനെ കണ്ട് ഇവ നിയന്ത്രണത്തിലാണെന്ന് ഉറപ്പുവരുത്തണം. അപസ്മാരം പോലുള്ള രോഗങ്ങള്‍ക്ക് കഴിക്കുന്ന ചില മരുന്നുകള്‍ കുഞ്ഞിന് ദോഷകരമായതിനാല്‍ അവ മാറ്റേണ്ടതുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക എന്നതും പ്രധാനമാണ്. ചില ഹൃദ്രോഗങ്ങള്‍ ഉള്ളവരോടെ ഒരിക്കലും ഗര്‍ഭം ധരിക്കരുത് എന്ന് നിര്‍ദ്ദേശമുണ്ടായിരിക്കും. ഇത്തരം കാര്യങ്ങളില്‍ പൂര്‍ണ്ണമായ വ്യക്തത വരുത്തിയതിനു ശേഷം വേണം പ്രഗ്നന്‍സിക്ക് ശ്രമിക്കുവാന്‍. ഇതിനെയാണ് പ്രീ നാറ്റല്‍ കെയര്‍ എന്നു പറയുന്നത്.  

ആന്റിനാറ്റല്‍ കെയര്‍: ഗര്‍ഭം സ്ഥിരീകരിക്കുന്നത് മുതല്‍ പ്രസവം വരെയുള്ള കാലയളവില്‍ നല്‍കുന്ന പരിചരണമാണിത്. ഈ സമയത്ത് എന്തൊക്കെ ശ്രദ്ധിക്കണം എന്നുള്ള കാര്യങ്ങള്‍ ആന്റി നേറ്റല്‍ കെയറില്‍ അറിയാം.  

 ഗര്‍ഭകാലത്ത് എത്ര തവണ ഡോക്ടറെ കാണണം? പ്രധാന പരിശോധനകള്‍ ഏതൊക്കെയാണ്?

ഗര്‍ഭപരിശോധന പോസിറ്റീവ് ആയാല്‍ ഉടന്‍ ഡോക്ടറെ കാണണം. ആദ്യ ചെക്കപ്പില്‍ തന്നെ എല്ലാ കാര്യങ്ങളും വിശദമായി ഡോക്ടറിനോട് സംസാരിക്കണം. 

Read Also: പുരുഷന്മാരിലെ വന്ധ്യതയും വേരിക്കോസീലും: സർജറിയില്ലാത്ത എംബൊലൈസേഷൻ ചികിത്സ

 ബിപി, ഭാരം, ഹീമോഗ്ലോബിന്‍ ലെവല്‍,  ബ്ലഡ് ടെസ്റ്റുകള്‍, യൂറിന്‍ ടെസ്റ്റുകള്‍ ഇതൊക്കെ ആദ്യ ചെക്കപ്പില്‍ തന്നെ നടത്തും. അതിനൊപ്പം തന്നെ സ്‌കാനിങ്ങും ഉണ്ട്.   വയബിലിറ്റി സ്‌കാന്‍ എന്നാണ് ഇതിനെ  പറയുന്നത്.  ചെക്കപ്പ് കഴിഞ്ഞ്  ഡോക്ടര്‍ എല്ലാം ഡോക്യുമെന്റ് ഒക്കെ ചെയ്തു കഴിഞ്ഞാല്‍ 28 ആഴ്ച,  അതായത് ഏഴാം മാസം വരെ മാസത്തില്‍ ഒന്ന് വീതം കണ്ടിരിക്കണം. 28 മുതല്‍ 36 അതായത് ഒമ്പതാം മാസം വരെ രണ്ടാഴ്ച കൂടുമ്പോള്‍ കാണണം. 36 മുതല്‍ പ്രസവിക്കുന്ന സമയം വരെ ആഴ്ചയില്‍ ഒരു തവണ കാണണം. ഇതാണ് സാധാരണയുള്ള ഒരു ചെക്കപ്പിന്റെ രീതി. 

വിവിധ ഘട്ടങ്ങളിലെ സ്‌കാനിംഗുകള്‍ എന്തിനുവേണ്ടിയാണ്?

ഗര്‍ഭകാലത്തെ മൂന്ന് ട്രൈമെസ്റ്ററുകളായി തിരിക്കാം:

ഫസ്റ്റ് ട്രൈമെസ്റ്റര്‍ (ആദ്യ 3 മാസം): വയബിലിറ്റി സ്‌കാന്‍.

സെക്കന്‍ഡ് ട്രൈമെസ്റ്റര്‍ (12 ആഴ്ച മുതല്‍ 6 മാസം വരെയുള്ള കാലഘട്ടം):  എന്‍ടി സ്‌കാന്‍ (ന്യൂക്കല്‍ ട്രാന്‍സ്ലൂസന്‍സി): ജനിതക വൈകല്യങ്ങള്‍  അറിയാന്‍. പ്രധാനമായും ട്രൈസോമി 21 (ബുദ്ധിമാന്ദ്യം), 13, 18 എന്നിവ പരിശോധിക്കുന്നു. ഇതിനൊപ്പം ഡബിള്‍/ട്രിപ്പിള്‍ മാര്‍ക്കര്‍ ടെസ്റ്റുകളും ചെയ്യാം.

അനോമലി സ്‌കാന്‍ : 18-22 ആഴ്ചകളില്‍ കുഞ്ഞിന്റെ ശാരീരിക വൈകല്യങ്ങള്‍ പരിശോധിക്കാന്‍.

തേര്‍ഡ്  ട്രൈമെസ്റ്റര്‍ (6-9 മാസം): കുഞ്ഞിന്റെ വളര്‍ച്ചയും തൂക്കവും വിലയിരുത്താന്‍ ഗ്രോത്ത് സ്‌കാന്‍ 

24-ാം ആഴ്ചയില്‍ ഗ്ലൂക്കോസ് ടോളറന്‍സ് ടെസ്റ്റ്-  രക്തത്തിലെ പഞ്ചസാരയുടെ അളവ് അറിയുവാന്‍.

ഗര്‍ഭകാലത്ത് എടുക്കേണ്ട വാക്‌സിനുകള്‍ ഏതൊക്കെയാണ്? 

ടിഡി വാക്ക്:  ടെറ്റനസും ഡിഫ്തീരിയയും തടയാന്‍ മൂന്നാം മാസത്തില്‍ ആദ്യ ഡോസും 4-6 ആഴ്ചക്ക് ശേഷം ബൂസ്റ്റര്‍ ഡോസും നല്‍കുന്നു.

ഇന്‍ഫ്‌ലുവന്‍സ വാക്‌സിന്‍: ഓപ്ഷണല്‍ ആണ്.

കോവിഡ് വാക്‌സിന്‍: ഏത് സമയത്തും എടുക്കാം.

പൂച്ച മാന്തുകയോ മറ്റോ ചെയ്താല്‍ റേബീസ് വാക്‌സിന്‍ എടുക്കുന്നതില്‍ തടസ്സമില്ല.

 ഗര്‍ഭിണികള്‍ രണ്ടുപേര്‍ക്കുള്ള ഭക്ഷണം കഴിക്കണോ? എന്തൊക്കെ ഒഴിവാക്കണം

ഗര്‍ഭിണികള്‍ രണ്ടുപേര്‍ക്കുള്ള ഭക്ഷണം കഴിക്കണം എന്നത് തെറ്റായ ധാരണയാണ്. സാധാരണ കഴിക്കുന്നതിനേക്കാള്‍ 300 കലോറി അധികം മതിയാകും. പക്ഷേ, രണ്ടുപേര്‍ക്കുള്ള 'പോഷണം' അടങ്ങിയ ഭക്ഷണം കഴിക്കണം.

 മൂന്ന് നേരം വലിയ അളവില്‍ കഴിക്കുന്നതിന് പകരം 5-6 തവണയായി കുറഞ്ഞ അളവില്‍ കഴിക്കുക.

ഉള്‍പ്പെടുത്തേണ്ടവ: പ്രോട്ടീന്‍ (മുട്ട, പാല്‍, മത്സ്യം, മാംസം, പയര്‍വര്‍ഗ്ഗങ്ങള്‍), പച്ചക്കറികള്‍, പഴങ്ങള്‍, ഇലക്കറികള്‍. ദിവസം ഒരു മുട്ടയും അര ലിറ്റര്‍ പാലും നല്ലതാണ്.

ഒഴിവാക്കേണ്ടവ: ടിന്നിലടച്ച ഭക്ഷണങ്ങള്‍, കെ.എഫ്.സി പോലെയുള്ള ഭക്ഷണങ്ങള്‍. പപ്പായ, പൈനാപ്പിള്‍ എന്നിവ മിതമായ അളവില്‍ കഴിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

 വ്യായാമത്തിന്റെ പ്രാധാന്യം എന്താണ്?

 ദിവസം 20-30 മിനിറ്റ് നടക്കുന്നത് നല്ലതാണ്. യോഗയും ധ്യാനവും ശീലിക്കാം. അഞ്ചാം മാസത്തിന് ശേഷം ഇടതുവശം ചരിഞ്ഞു കിടക്കുന്നത് രക്തയോട്ടം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ബിപി, ഷുഗര്‍, പൊണ്ണത്തടി എന്നിവയുള്ളവര്‍ക്ക് വലിയ കോംപ്ലിക്കേഷന്‍സ്  വരാതിരിക്കാന്‍ വ്യായാമം അത്യാവശ്യമാണ്.

ഗര്‍ഭകാലത്തെ അസ്വസ്ഥതകള്‍ എങ്ങനെ നേരിടാം?

 അമിത ക്ഷീണം, വിശപ്പില്ലായ്മ, ഓക്കനം, ശര്‍ദ്ദി തുടങ്ങിയവയാണ് ആദ്യ ട്രൈമെസ്റ്ററില്‍ കാണുന്ന ലക്ഷണങ്ങള്‍. സാധാരണയായി ഇതിന് പ്രത്യേക ചികിത്സ ആവശ്യമില്ലെങ്കിലും ഒരു പരിധിയില്‍ കൂടുതല്‍ ശര്‍ദ്ദിച്ചു കഴിഞ്ഞാല്‍ ആശുപത്രിയില്‍ വന്ന് ഡ്രിപ്പ് ഇടണം. 

ആദ്യ മാസങ്ങളിലെ ഛര്‍ദ്ദിക്ക് ഇഞ്ചി ചായയോ മിഠായിയോ പരീക്ഷിക്കാം. അമിതമായാല്‍ ആശുപത്രിയില്‍ അഡ്മിറ്റായി ഡ്രിപ്പ് എടുക്കണം. അസിഡിറ്റി കുറയ്ക്കാന്‍ എരിവും പുളിയും കുറയ്ക്കുക, തണുത്ത പാല്‍ കുടിക്കുക. മസില്‍ ക്രാംപ്‌സ് ഒഴിവാക്കാന്‍ വെള്ളം കുടിക്കുകയും കാല്‍സ്യം സപ്ലിമെന്റുകള്‍ എടുക്കുകയും വേണം.

ബാഡ് ഒബ്സ്റ്റട്രിക് ഹിസ്റ്ററി (നേരത്തെ അലസിപ്പോയവര്‍), ഗര്‍ഭപാത്രത്തിന് താഴെ മറുപിള്ള ഉള്ളവര്‍ എന്നിവര്‍ യാത്രകളും ദാമ്പത്യബന്ധവും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഒഴിവാക്കണം. മറ്റുള്ളവര്‍ക്ക് മിതമായ രീതിയില്‍ ഇവ തുടരാം

.

Share this video:
Dr Meena Soman

Dr Meena Soman

Senior Consultant

Obstetrics And Gynaecology