• English
  • عربي / Arabic
  • മലയാളം / Malayalam

ജീവിതശൈലി രോഗങ്ങളും വൃക്കകളുടെ ആരോഗ്യവും: കിഡ്നി രോഗങ്ങൾ നേരത്തെ എങ്ങനെ കണ്ടുപിടിക്കാം?

30 May 2026
ലോകത്തെമ്പാടും തന്നെ കിഡ്നി രോഗങ്ങളുടെ വർദ്ധനവ് വളരെ കൂടുതലായിട്ട് കാണുന്നുണ്ട്. അതിന് ഏറ്റവും പ്രധാനമായിട്ടുള്ള കാരണം ചൂണ്ടിക്കാണിക്കുന്നത് ജീവിതശൈലി രോഗങ്ങളുടെ വർദ്ധനവാണ്. നമ്മൾ ഒരു ഔട്ട്പേഷ്യന്റ് ഡിപ്പാർട്ട്മെന്റ് അല്ലെങ്കിൽ ഒരു ആശുപത്രിയിൽ കാണുന്ന കിഡ്നി രോഗത്തിന്റെ ഒരു മുക്കാൽ ഭാഗവും പ്രമേഹവുമായി ബന്ധപ്പെട്ട കിഡ്നി രോഗങ്ങളാണ് (ഡയബറ്റിക് കിഡ്നി ഡിസീസ്). പ്രമേഹത്തോടൊപ്പം മറ്റു ജീവിതശൈലി രോഗങ്ങൾ അതായത് അമിതമായ രക്തസമ്മർദ്ദം (ബ്ലഡ് പ്രഷർ), ഹൈപ്പർടെൻഷൻ, അമിത ശരീരഭാരം (ഒബിസിറ്റി) ഉള്ള ആളുകൾ, പുകവലി ശീലമുള്ളവർ, ഹൃദ്രോഗം (ഹാർട്ട് അസുഖം) ഉള്ളവർ ഇങ്ങനെയുള്ള രോഗികളുടെ ഇടയിലും കിഡ്നി രോഗങ്ങളുടെ വർദ്ധനവ് വളരെ കൂടുതലായിട്ട് കണ്ടുവരുന്നു.

പലപ്പോഴും കിഡ്നി രോഗവുമായിട്ട് ഒരു രോഗി കിഡ്നി ഡോക്ടറുടെ (നെഫ്രോളജിസ്റ്റ്) അടുത്ത് എത്തുന്ന സമയം ആകുമ്പോഴേക്കും രോഗം വളരെ ഗുരുതരമായ ഘട്ടത്തിൽ (അഡ്വാൻസ്ഡ് സ്റ്റേജിൽ) ആയിട്ടുണ്ടാകും. കിഡ്നികൾ അതിന്റെ പ്രവർത്തനശേഷി ഏറ്റവും കുറയുന്നത് വരെ ചിലപ്പോൾ ഒരു ലക്ഷണവും ഇല്ലാതെ ജോലി ചെയ്യുന്ന അവയവങ്ങളാണ്. രോഗികൾക്ക് പലപ്പോഴും ലക്ഷണങ്ങൾ പ്രകടമാകുമ്പോഴേക്കും രോഗം അതിന്റെ അവസാന ഘട്ടങ്ങളിലേക്ക് കടന്നിട്ടുണ്ടാകും. അതുകൊണ്ട് ലക്ഷണങ്ങൾ മാത്രം നോക്കി നമുക്ക് കിഡ്നി രോഗം നേരത്തെ കണ്ടുപിടിക്കാൻ ചിലപ്പോൾ പറ്റിക്കൊള്ളണം എന്നില്ല. എന്നാൽ പ്രത്യേക പരിശോധനകൾ (സ്ക്രീനിങ് ടെസ്റ്റുകൾ) ഉപയോഗിച്ച് നമുക്ക് കിഡ്നി രോഗം അതിന്റെ ഗുരുതരമായ അവസ്ഥയിലേക്ക് ആവുന്നതിന് മുമ്പ് കണ്ടുപിടിക്കാൻ പറ്റും. ആ തുടക്ക ഘട്ടത്തിൽ കണ്ടുപിടിച്ചാൽ മാത്രമേ ചികിത്സകൾ ഫലപ്രദമാവുകയുള്ളൂ. വൃക്ക രോഗങ്ങളെക്കുറിച്ചും സ്‌ക്രീനിങ്ങിന്റെ പ്രാധാന്യത്തെക്കുറിച്ചും വടകര ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ നെഫ്രോളജിസ്റ്റ്  ഡോ തുഷാര എ സംസാരിക്കുന്നു


കിഡ്നി രോഗത്തിന്റെ ലക്ഷണങ്ങളും തുടക്കത്തിൽ തിരിച്ചറിയാനുള്ള ബുദ്ധിമുട്ടുകളും

ഞങ്ങൾക്ക് ഒരു രോഗലക്ഷണവും ഇല്ലായിരുന്നു, വെറുതെ രക്തപരിശോധനയോ (ബ്ലഡ് ടെസ്റ്റ്) മൂത്രപരിശോധനയോ (യൂറിൻ ടെസ്റ്റ്) ചെയ്തപ്പോഴാണ് രോഗം കണ്ടത് എന്ന് പറഞ്ഞ് നമ്മുടെ ഒപിയിൽ ഒരുപാട് രോഗികൾ വരാറുണ്ട്. കിഡ്നികൾ അതിന്റെ പ്രവർത്തനശേഷി ഏറ്റവും താഴെയാകുന്നത് വരെ ചിലപ്പോൾ ഒരു ലക്ഷണവും കാണിക്കാതെ വർക്ക് ചെയ്യുന്ന അവയവങ്ങളാണ്. അതുകൊണ്ട് ലക്ഷണങ്ങൾ മാത്രം വെച്ചിട്ട് കിഡ്നി രോഗം നേരത്തെ കണ്ടുപിടിക്കാൻ ചിലപ്പോൾ സാധിക്കില്ല. എങ്കിലും നമ്മൾ പൊതുവെ പറയുന്ന ലക്ഷണങ്ങൾ കാലിൽ നീര് വരിക, പ്രോട്ടീൻ പുറത്തുപോകുന്നതിന്റെ ഭാഗമായി മൂത്രം പതഞ്ഞുപോവുക എന്നിവയാണ്. ഇങ്ങനെയൊക്കെയുള്ള ലക്ഷണങ്ങൾ ഉണ്ടെങ്കിൽ പരിശോധിക്കാം എന്നല്ലാതെ പലപ്പോഴും രോഗം ഗുരുതരമാകുന്നത് വരെ ചിലപ്പോൾ ഒരു ലക്ഷണവും കാണിച്ചില്ല എന്നിരിക്കും.


കിഡ്നി രോഗ സാധ്യതയുള്ള ഹൈ റിസ്ക് ഗ്രൂപ്പുകൾ (High Risk Groups)


രോഗലക്ഷണങ്ങൾ വരുന്നത് വരെ കാത്തിരിക്കാൻ പാടില്ലാത്ത ചില വിഭാഗം ആളുകളുണ്ട്. പ്രമേഹമുള്ളവർ, അമിതമായ രക്തസമ്മർദ്ദം (ബ്ലഡ് പ്രഷർ) ഉള്ള ആളുകൾ, കുടുംബത്തിൽ കിഡ്നി രോഗ പാരമ്പര്യമുള്ളവർ, ജനിതകമായിട്ടുള്ള കിഡ്നി തകരാറുകൾ കുഞ്ഞുനാളിലെ കണ്ടുപിടിച്ചിട്ടുള്ളവർ ഇങ്ങനെയുള്ള ഹൈ റിസ്ക് ഗ്രൂപ്പുകൾ എപ്പോഴും കിഡ്നി രോഗം വരുന്നുണ്ടോ ഇല്ലയോ എന്ന് അറിയാനുള്ള സ്ക്രീനിങ് പരിശോധനകൾ ചെയ്യണം. എന്നാൽ മാത്രമേ നമുക്ക് ലക്ഷണങ്ങൾ വരുന്നതിന് മുൻപ് തന്നെ രോഗം കണ്ടുപിടിക്കാൻ സാധിക്കുകയുള്ളൂ.

പ്രധാന കിഡ്നി സ്ക്രീനിങ് പരിശോധനകൾ (Kidney Screening Tests)


ജനങ്ങൾക്ക് കിഡ്നി രോഗത്തെ പറ്റി കുറച്ചൊക്കെ അറിയുന്നതുകൊണ്ട് എല്ലാവരും രക്തത്തിലെ ക്രിയാറ്റിന്റെ അളവ് പരിശോധിച്ച് ഒപിയിൽ വരാറുണ്ട്. പക്ഷെ പലപ്പോഴും ഈ ക്രിയാറ്റിൻ പോലും ചിലപ്പോൾ നോർമൽ ആയിരിക്കും. കാരണം കിഡ്നി രോഗം തുടങ്ങി വളരെ നാളുകൾ കഴിഞ്ഞാലേ രക്തത്തിൽ ക്രിയാറ്റിൻ കൂടാൻ തുടങ്ങുകയുള്ളൂ. അതുകൊണ്ട് നമ്മൾ പ്രധാനമായി താഴെ പറയുന്ന പരിശോധനകളാണ് ഉപയോഗിക്കുന്നത്:

മൂത്രപരിശോധനകൾ (യൂറിൻ ടെസ്റ്റുകൾ): നമ്മൾ പ്രധാനമായിട്ട് ഉപയോഗിക്കുന്നത് മൂത്രപരിശോധനകളാണ്. മൂത്രത്തിലുള്ള പ്രോട്ടീന്റെ അളവ് നോക്കുന്ന പരിശോധനയാണ് യൂറിൻ ആൽബുമിൻ ക്രിയാറ്റിൻ റേഷ്യോ (യൂറിൻ എസിആർ). ഇത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. പ്രത്യേകിച്ച് പ്രമേഹമുള്ളവർ, നിയന്ത്രണത്തിലല്ലാത്ത രക്തസമ്മർദ്ദമുള്ളവർ, അമിത വണ്ണമുള്ളവർ തുടങ്ങിയ റിസ്ക് ഗ്രൂപ്പിൽ ഉള്ളവരെല്ലാം മൂത്രത്തിൽ പ്രോട്ടീൻ ലീക്കിങ് ഉണ്ടോ എന്ന് അറിയാൻ ഈ പരിശോധന ചെയ്യേണ്ടതാണ്.

ക്രിയാറ്റിൻ പരിശോധന: മറ്റൊരു പരിശോധന ക്രിയാറ്റിൻ ആണ്. ഇത് ആളുകൾ ലാബുകളിൽ പോയി സ്വന്തമായി ചെയ്ത് വരാറുണ്ട്. പക്ഷെ കിഡ്നി രോഗം തുടങ്ങി ഒരുപാട് നാൾ കഴിഞ്ഞേ ഇത് കൂടൂ എന്നൊരു ബുദ്ധിമുട്ട് ഇതിനുണ്ട്.

ഇജിഎഫ്ആർ (eGFR): ക്രിയാറ്റിൻ കൂടാൻ സമയമെടുക്കും എന്നതുകൊണ്ട്  ഉപയോഗിക്കുന്ന മറ്റൊരു മികച്ച പരിശോധനയാണ് ഇജിഎഫ്ആർ അഥവാ എസ്റ്റിമേറ്റഡ് ഗ്ലോമറുലാർ ഫിൽട്രേഷൻ റേറ്റ്. ഇത് കണ്ടുപിടിക്കാൻ ചില പ്രത്യേക മെത്തേഡുകൾ ഉണ്ട്.


പ്രമേഹവുമായി ബന്ധപ്പെട്ട കിഡ്നി രോഗമുള്ളവരിലൊക്കെ രോഗം ഉണ്ടോ ഇല്ലയോ എന്ന് കൃത്യമായി കണ്ടുപിടിക്കാൻ യൂറിൻ ആൽബുമിൻ ക്രിയാറ്റിൻ റേഷ്യോയും ഇജിഎഫ്ആർ പരിശോധനയും വളരെ പ്രധാനമാണ്.

പരിശോധനാ ഫലങ്ങളും നെഫ്രോളജി ഒപിയിലെ വിദഗ്ദ്ധ പരിശോധനകളും

ഈ പരിശോധനകളിൽ പ്രോട്ടീൻ ലീക്കിങ് കൂടുതലാണെന്ന് കണ്ടുപിടിച്ചാലോ അല്ലെങ്കിൽ നിങ്ങളുടെ ക്രിയാറ്റിൻ, ഇജിഎഫ്ആർ നിരക്കുകൾ മോശമാണെന്ന് കണ്ടാലോ നെഫ്രോളജി ഒപിയിൽ എത്തിയാൽ ഞങ്ങൾ കൂടുതൽ അഡ്വാൻസ്ഡ് ആയ പരിശോധനകൾ ചെയ്യും. അതനുസരിച്ച് കിഡ്നി രോഗത്തെ നമ്മൾ विभिन्न ഘട്ടങ്ങളായി (സ്റ്റേജുകളായി) തിരിക്കും. നിങ്ങൾക്ക് എത്രാമത്തെ സ്റ്റേജിലെ രോഗമാണ് എന്നതിനെ ആശ്രയിച്ചാണ് നിങ്ങളുടെ ഭക്ഷണക്രമവും മരുന്നുകളും ബാക്കി കാര്യങ്ങളും തീരുമാനിക്കുന്നത്. ചികിത്സയിൽ ഈ സ്റ്റേജിങ് വളരെ പ്രധാനമാണ്.

കിഡ്നി രോഗത്തിന്റെ വിവിധ ഘട്ടങ്ങളും (Stages) ചികിത്സാ രീതികളും

സ്റ്റേജ് 3 കിഡ്നി രോഗമുള്ള ഒരു രോഗിയെ ചികിത്സിക്കുന്നത് പോലെയല്ല സ്റ്റേജ് 5 രോഗിയെ ചികിത്സിക്കുന്നത്. ഇവരുടെ ഭക്ഷണക്രമവും വ്യത്യസ്തമായിരിക്കും.

സ്റ്റേജ് 3 കിഡ്നി രോഗം: ഈ ഘട്ടത്തിലുള്ള രോഗികൾക്ക് പ്രമേഹമോ രക്തസമ്മർദ്ദമോ ഉണ്ടെങ്കിൽ ആ റിസ്ക് ഫാക്ടറുകൾ നിയന്ത്രിക്കാനുള്ള ചികിത്സയാണ് നൽകുക. മൂത്രത്തിലെ പ്രോട്ടീൻ ചോർച്ച കുറയ്ക്കാനുള്ള ചികിത്സ നൽകുന്നതിനൊപ്പം ഭക്ഷണക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും ശരീരഭാരം കുറയ്ക്കാനും ആവശ്യപ്പെടും.

അഡ്വാൻസ്ഡ് സ്റ്റേജ് (സ്റ്റേജ് 5 കിഡ്നി രോഗം): രോഗം സ്റ്റേജ് 5ൽ എത്തിയാൽ റീനൽ റീപ്ലേസ്മെന്റ് തെറാപ്പി അഥവാ ഡയാലിസിസ് അല്ലെങ്കിൽ കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയ (കിഡ്നി ട്രാൻസ്പ്ലാന്റേഷൻ) എന്നിവ വേണ്ടി വന്നേക്കാം.

അതുകൊണ്ട് നെഫ്രോളജി വിഭാഗത്തിൽ കാണിച്ച് രോഗത്തിന്റെ കൃത്യമായ സ്റ്റേജ് മനസ്സിലാക്കണം. അതിനനുസരിച്ചാണ് രോഗിക്ക് എന്ത് ചികിത്സ വേണമെന്ന് ഡോക്ടർമാർ തീരുമാനിക്കുന്നത്.

Dr. Thushara A is an accomplished Consultant Nephrologist dedicated to providing comprehensive kidney care. Her expertise encompasses a wide range of specialized diagnostic and therapeutic services, ensuring holistic renal care.

Share this video:
Dr Thushara A

Dr Thushara A

Consultant

Nephrology