വിശുദ്ധ റമദാൻ മാസത്തിന്റെ പുണ്യത്തിലേക്ക് ഇനി അധിക ദിവസങ്ങളില്ല. ഈ സമയത്ത് മിക്ക ഗർഭിണികൾക്കുമുള്ള പ്രധാന സംശയമാണ് ഈ മാസത്തിൽ നോമ്പ് എടുക്കാൻ സാധിക്കുമോ എന്നത്. നോമ്പ് എടുക്കുന്നത് കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കുമോ എന്നും, ഏതൊക്കെ മാസങ്ങളിലാണ് നോമ്പ് എടുക്കാൻ അനുയോജ്യമെന്നും പലരും ആശങ്കപ്പെടാറുണ്ട്.
യഥാർത്ഥത്തിൽ, ഗർഭകാലത്ത് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെങ്കിൽ നോമ്പ് എടുക്കുന്നതിൽ കുഴപ്പമില്ല. എങ്കിലും, നിങ്ങൾക്കും കുഞ്ഞിനും ഇത് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താൻ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഗർഭകാലത്തെ നോമ്പും, പാലിക്കേണ്ട ഭക്ഷണക്രമവും, ശ്രദ്ധിക്കേണ്ട മുൻകരുതലുകളും എന്തൊക്കെയാണെന്ന് വായിക്കാം
ഏത് സമയത്താണ് നോമ്പ് ഒഴിവാക്കേണ്ടത്?
ഗർഭാവസ്ഥയുടെ ആദ്യ മൂന്ന് മാസങ്ങളിൽ (ആദ്യത്തെ 12 ആഴ്ചകൾ) നോമ്പ് ഒഴിവാക്കുന്നതാണ് ഏറ്റവും സുരക്ഷിതം. 12 ആഴ്ച മുതൽ എട്ടാം മാസം കഴിയുന്നത് വരെ മറ്റ് മെഡിക്കൽ കോംപ്ലിക്കേഷനുകൾ (ആരോഗ്യ പ്രശ്നങ്ങൾ) ഒന്നുമില്ലെങ്കിൽ സുരക്ഷിതമായി നോമ്പ് അനുഷ്ഠിക്കാവുന്നതാണ്.
നോമ്പ് തുറക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നോമ്പ് തുറക്കുന്ന സമയത്ത് എണ്ണപ്പലഹാരങ്ങൾ, എരിവും പുളിയുമുള്ള കാര്യങ്ങൾ എന്നിവ പെട്ടെന്ന് കഴിക്കുന്നത് ഒഴിവാക്കണം. ചെറിയ രീതിയിലുള്ള നട്‌സ്, ഈന്തപ്പഴം എന്നിവ കഴിച്ച് നോമ്പ് തുറന്ന് പ്രോപ്പർ ആയി വെള്ളം കുടിക്കുക. തരിക്കഞ്ഞി, ഓട്സ് എന്നിവ ഉപയോഗിച്ച് ഭക്ഷണം കഴിച്ചു തുടങ്ങുന്നതാണ് എപ്പോഴും സേഫ്.
ഭക്ഷണരീതി എങ്ങനെയായിരിക്കണം?
നോമ്പ് ഇല്ലാത്ത സമയങ്ങളിൽ ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതിന് പകരം ചെറിയ അളവിൽ ഇടയ്ക്കിടെ ഭക്ഷണം കഴിക്കുന്ന രീതി (Small frequent meals) പിന്തുടരുന്നതാണ് ഉചിതം.
കുഞ്ഞിന്റെ അനക്കം ശ്രദ്ധിക്കുക
നോമ്പെടുക്കുന്ന കാലത്ത് കുഞ്ഞിന്റെ അനക്കം (Fetal movements) ശ്രദ്ധിക്കുന്നത് വളരെ പ്രധാനമാണ്. അഞ്ചാം മാസം കഴിഞ്ഞ് സ്ഥിരമായി അനക്കം അറിയുന്ന അമ്മമാർ, അനക്കത്തിൽ എന്തെങ്കിലും വ്യത്യാസം തോന്നുകയാണെങ്കിൽ ആ ദിവസത്തെ നോമ്പ് ഒഴിവാക്കുന്നതാണ് ഉചിതം.
എപ്പോഴാണ് ഡോക്ടറെ സമീപിക്കേണ്ടത്?
നോമ്പെടുക്കുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ബുദ്ധിമുട്ടുകൾ തോന്നുകയാണെങ്കിൽ ഡോക്ടറെ സമീപിക്കാൻ മടിക്കരുത്.