ഒരു കുഞ്ഞിന്റെ ജനനം മുതൽ കൗമാരം വരെയുള്ള വളർച്ചാഘട്ടങ്ങൾ മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം പ്രതീക്ഷകളുടെയും ആശങ്കകളുടെയും സമയമാണ്. ഒരു പനിയോ ജലദോഷമോ വരുമ്പോൾ പോലും ആകുലരാകുന്ന മാതാപിതാക്കൾക്ക് കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ച് ശാസ്ത്രീയമായ അറിവ് ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. കുട്ടികളിൽ സാധാരണയായി കണ്ടുവരുന്ന രോഗങ്ങൾ, പ്രതിരോധ കുത്തിവെപ്പുകളുടെ പ്രാധാന്യം, ശരിയായ ഭക്ഷണരീതി, ഉറക്കം എന്നിവയെക്കുറിച്ചെല്ലാം കൃത്യമായ ധാരണയുണ്ടെങ്കിൽ പല ആരോഗ്യപ്രശ്നങ്ങളും മുൻകൂട്ടി തടയാൻ സാധിക്കും. തൊടുപുഴ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ പീഡിയാട്രിഷ്യൻ
ഡോ. ശ്രുതിമോള്‍ കെ കെ കുട്ടികളുടെ സമഗ്രമായ ആരോഗ്യ പരിപാലനത്തെക്കുറിച്ച് വിശദീകരിക്കുന്നു
കുട്ടികളിലെ രോഗങ്ങളും വളർച്ചയും: മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
എന്താണ് പീഡിയാട്രിക്സ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?
പീഡിയാട്രിക്സ് എന്നത് കുട്ടികളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ ഉന്നമനത്തെ (Mental, Physical, Social wellbeing) ലക്ഷ്യം വയ്ക്കുന്നതാണ്. ജനനം മുതൽ 16-18 വയസ്സു വരെയുള്ള കുട്ടികളുടെ വളർച്ചയും അവർക്കുണ്ടാകുന്ന രോഗങ്ങളും പീഡിയാട്രിക്സ് വിഭാഗത്തിൽ വരുന്നു.
കുട്ടികളിൽ സാധാരണയായി കണ്ടുവരുന്ന രോഗങ്ങൾ ഏതൊക്കെയാണ്?
ജലദോഷം, പനി, ചുമ എന്നിവയാണ് പ്രധാനമായും കണ്ടുവരുന്നത്. കൂടാതെ വയറിളക്കം, ഛർദ്ദി തുടങ്ങിയ ഗ്യാസ്ട്രോ ഇൻഡസ്റ്റൈനൽ പ്രശ്നങ്ങൾ, സ്കിൻ ഇൻഫെക്ഷനുകൾ (ഡയപ്പർ റാഷ്, എക്സീമ), ആസ്മ, ന്യൂമോണിയ, വേം ഇൻഫെസ്റ്റേഷൻ (വിര ശല്യം), യൂറിനറി ഇൻഫെക്ഷൻ, അനീമിയ എന്നിവയും കണ്ടുവരുന്നു.
ഏതൊക്കെ സാഹചര്യത്തിലാണ് പനി വന്നാൽ ഡോക്ടറെ കാണേണ്ടത്?
പനി 100 ഡിഗ്രിക്ക് മുകളിൽ പോവുകയാണെങ്കിൽ ഡോക്ടറെ കാണിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് 6 മാസം മുതൽ 6 വയസ്സു വരെയുള്ള കുട്ടികൾക്ക് പനി കൂടുമ്പോൾ ഫിറ്റ്സ് വരാൻ സാധ്യതയുണ്ട്. പനിക്കൊപ്പം ശർദ്ദി, വയറിളക്കം എന്നിവ ഉണ്ടെങ്കിൽ ഡീഹൈഡ്രേഷൻ വരാൻ സാധ്യതയുള്ളതിനാലും ഡോക്ടറുടെ സഹായം തേടണം.
കുട്ടികൾക്ക് പാരസെറ്റമോൾ നൽകുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്താണ്?
കുട്ടിയുടെ പ്രായവും തൂക്കവും അനുസരിച്ചാണ് മരുന്നിന്റെ അളവ് നിശ്ചയിക്കുന്നത്. അതിനാൽ ഡോക്ടർ നിർദ്ദേശിക്കുന്ന അളവിലും സമയക്രമത്തിലും മാത്രമേ മരുന്ന് നൽകാവൂ. വീട്ടിലിരുന്ന് സ്വയം മരുന്ന് തീരുമാനിക്കുന്നത് ഒഴിവാക്കണം.
കുട്ടികൾക്ക് ആന്റിബയോട്ടിക്സ് (Antibiotics) നൽകുന്നതിൽ എന്തെങ്കിലും പ്രശ്നമുണ്ടോ?
എല്ലാ അസുഖങ്ങൾക്കും ആന്റിബയോട്ടിക് നൽകണമെന്ന് നിർബന്ധമില്ല. കുട്ടികളിലെ മിക്ക അസുഖങ്ങളും വൈറൽ (Viral) ആയിരിക്കും. വൈറൽ ബാധയ്ക്ക് ആന്റിബയോട്ടിക് നൽകിയിട്ട് കാര്യമില്ല. ഒരു വൈറൽ ഫീവർ ആണെങ്കിൽ അത് അതിന്റെതായ സമയമെടുത്ത് (സാധാരണയായി 5 മുതൽ 7 ദിവസം വരെ) മാത്രമേ മാറൂ. മാതാപിതാക്കളുടെ പരിഭ്രമം കാരണം പലപ്പോഴും അവർ ആന്റിബയോട്ടിക് ചോദിച്ചു വരാറുണ്ട്. എന്നാൽ കഴിയുന്നതും ആന്റിബയോട്ടിക് ഒഴിവാക്കി ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷൻ കൃത്യമായി ഫോളോ ചെയ്യുകയാണ് വേണ്ടത്.
സ്കൂളിൽ പോകുന്ന കുട്ടികളിൽ സ്ഥിരമായി കണ്ടുവരുന്ന രോഗങ്ങൾ ഏതൊക്കെയാണ്?
സ്കൂൾ വിദ്യാർത്ഥികളിൽ താഴെ പറയുന്ന ആരോഗ്യപ്രശ്നങ്ങൾ സാധാരണയായി കണ്ടുവരുന്നു:
ഡെന്റൽ കേരീസ്: മിക്ക കുട്ടികളിലും പല്ല് കേടാകുന്ന അവസ്ഥ കാണാറുണ്ട്.
പകർച്ചവ്യാധികൾ: പനി, ചുമ, ജലദോഷം, ഫ്ലൂ എന്നിവ റെക്കറന്റ് ആയി (ആവർത്തിച്ച്) വരാം. ഒരു കുട്ടിയിൽ നിന്ന് മറ്റൊരാളിലേക്ക് ഇത് പടരുന്നതാണ് കാരണം.
ഡയറിയ (Diarrhea): കൂളറിലെ വെള്ളം തുടങ്ങിയവ കുടിക്കുന്നത് വഴി വയറിളക്കം വരാം.
സ്കിൻ ഇൻഫെക്ഷൻസ്: ചൊണങ്ങ് പോലെയുള്ള ചർമ്മ രോഗങ്ങൾ ഈ പ്രായത്തിലുള്ളവരിൽ കൂടുതലായി കാണുന്നു.
വാക്സിനേഷന്റെ (Immunization) പ്രാധാന്യം എന്താണ്?
എല്ലാ കുട്ടികളും നിർബന്ധമായും വാക്സിനേഷൻ എടുത്തിരിക്കണം. മീസെൽസ്, മംസ്, പോളിയോ തുടങ്ങിയ തടയാവുന്ന രോഗങ്ങളിൽ നിന്ന് കുട്ടിയെ സംരക്ഷിക്കാനും സമൂഹത്തിന് മൊത്തത്തിൽ പ്രതിരോധശേഷി (Herd immunity) നൽകാനും ഇത് അത്യാവശ്യമാണ്.
വാക്സിനേഷൻ കൂടാതെ കുട്ടികളിൽ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം?
പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ആദ്യമായി ചെയ്യേണ്ടത് വാക്സിനേഷൻ പൂർത്തിയാക്കുക എന്നതാണ്. അതോടൊപ്പം താഴെ പറയുന്ന കാര്യങ്ങളും ശ്രദ്ധിക്കണം:
വ്യായാമം: കുട്ടികൾക്ക് ദിവസവും 30 മിനിറ്റ് മുതൽ ഒരു മണിക്കൂർ (60 മിനിറ്റ്) വരെ വ്യായാമം നിർബന്ധമാണ്.
ഉറക്കം: കൃത്യമായ ഉറക്കം കുട്ടികളുടെ ബ്രെയിൻ ഗ്രോത്തിനും പൊതുവായ വളർച്ചയ്ക്കും അത്യാവശ്യമാണ്. രാത്രി 9 അല്ലെങ്കിൽ 10 മണിക്ക് ഉറങ്ങുന്ന രീതിയിൽ ഒരു സ്ഥിരം റുട്ടീൻ ഉണ്ടാക്കിയെടുക്കണം.
ഹൈഡ്രേഷൻ: ധാരാളം വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
ശുചിത്വം (Hygiene): കൈകൾ കഴുകുക, പ്രൈവറ്റ് പാർട്സ് വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയ ശീലങ്ങൾ പ്രോത്സാഹിപ്പിക്കണം.
ഹെൽത്ത് ചെക്കപ്പുകൾ: പതിവായി ഹെൽത്ത് ചെക്കപ്പുകൾ നടത്തുന്നത് പ്രതിരോധശേഷി നിലനിർത്താൻ സഹായിക്കും.
കുട്ടികൾക്ക് റെഗുലർ ഹെൽത്ത് ചെക്കപ്പ് അത്യാവശ്യമാണോ? എന്തൊക്കെയാണ് ഇതിലൂടെ പരിശോധിക്കുന്നത്?
അതെ, റെഗുലർ ഹെൽത്ത് ചെക്കപ്പ് അത്യാവശ്യമാണ്. ഇതിലൂടെ പ്രധാനമായും കുട്ടിയുടെ ശാരീരിക വളർച്ചയും (Physical Growth) മാനസിക വികാസവും (Mental Growth) വിലയിരുത്തുന്നു.
ഗ്രോത്ത് ചാർട്ടുകൾ: കുട്ടിയുടെ ഉയരം, തൂക്കം, തലയുടെ ചുറ്റളവ് (Head circumference) എന്നിവ ഗ്രോത്ത് ചാർട്ടുകളിലെ കർവുകളുമായി താരതമ്യം ചെയ്ത് വളർച്ച കൃത്യമാണോ എന്ന് പരിശോധിക്കുന്നു.
മൈൽസ്റ്റോൺസ്: ഓരോ പ്രായത്തിലും കുട്ടി കൈവരിക്കേണ്ട കഴിവുകൾ (ഉദാഹരണത്തിന് രണ്ട് വയസ്സിൽ സംസാരിക്കുന്നുണ്ടോ, മൂന്ന് വയസ്സിൽ കഥ പറയുന്നുണ്ടോ എന്നത്) വിലയിരുത്തുന്നു.
നേരത്തെ തിരിച്ചറിയാം: കൃത്യമായ ചെക്കപ്പുകൾ നടത്തുന്നതിലൂടെ ഓട്ടിസം പോലുള്ള പ്രശ്നങ്ങൾ നേരത്തെ തന്നെ ഐഡന്റിഫൈ ചെയ്യാൻ സാധിക്കും.
കുട്ടികളിലെ അമിതവണ്ണവും പോഷകക്കുറവും എങ്ങനെയൊക്കെ ബാധിക്കും?
അമിതവണ്ണം: ശ്വാസം മുട്ടൽ, ആസ്മ, അലർജി, സ്കിൻ രോഗങ്ങൾ എന്നിവയ്ക്കും ഭാവിയിൽ പ്രമേഹം, ബിപി എന്നിവയ്ക്കും കാരണമാകാം. ഇത് കുട്ടികളിൽ ആത്മവിശ്വാസം കുറയ്ക്കാനും (Low self-esteem) കാരണമാകാറുണ്ട്.
പോഷകക്കുറവ്: ഉയരവും തൂക്കവും കുറയുക, കൂടെക്കൂടെ ഇൻഫെക്ഷനുകൾ വരിക, പഠനത്തിലും മറ്റും പിന്നിലാകുക എന്നിവയാണ് പ്രധാന ഫലങ്ങൾ.
കുട്ടികൾക്ക് നൽകേണ്ട സന്തുലിത ആഹാരം (Balanced Diet) എങ്ങനെയായിരിക്കണം?
ഒരു പ്ലേറ്റ് ഭക്ഷണത്തിന്റെ പകുതി ഭാഗം പഴങ്ങളും പച്ചക്കറികളും ആയിരിക്കണം. കാൽ ഭാഗം കാർബോഹൈഡ്രേറ്റും (ചോറ്, ധാന്യങ്ങൾ), ബാക്കി കാൽ ഭാഗം പ്രോട്ടീനും (ചിക്കൻ, മീൻ, മുട്ട, പാൽ) ഉൾപ്പെടുത്തണം.
ശരിയായ ഉറക്കത്തിന്റെ പ്രാധാന്യം എന്താണ്?
കുട്ടികളുടെ ബ്രെയിൻ വളർച്ചയ്ക്കും ഗ്രോത്ത് ഹോർമോണുകൾ റിലീസ് ചെയ്യാനും ഉറക്കം അത്യാവശ്യമാണ്.
1-3 വയസ്സ്: 11 മുതൽ 14 മണിക്കൂർ.
സ്കൂളിൽ പോകുന്നവർ: 9 മുതൽ 11 മണിക്കൂർ.
കൗമാരക്കാർ: 8 മുതൽ 10 മണിക്കൂർ.
മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട സ്ക്രീൻ ടൈം നിയന്ത്രണങ്ങൾ?
രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് മൊബൈലോ ടിവിയോ (No screen time) നൽകരുത്. രണ്ട് വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് സ്ക്രീൻ ടൈം ഒരു മണിക്കൂറിൽ താഴെയായി കുറയ്ക്കണം.
എന്തൊക്കെ രോഗലക്ഷണങ്ങൾ കണ്ടാലാണ് ഒരു പീഡിയാട്രിഷ്യന്റെ സഹായം തേടേണ്ടത്?
താഴെ പറയുന്ന ലക്ഷണങ്ങൾ കണ്ടാൽ നിർബന്ധമായും ഡോക്ടറെ കാണിക്കണം:
വിട്ടുമാറാത്ത പനി: പാരസെറ്റമോൾ നൽകിയിട്ടും ശരീരം തുടച്ചിട്ടും പനി മാറുന്നില്ലെങ്കിൽ.
ശർദ്ദിലും വയറിളക്കവും: കുട്ടികൾ പെട്ടെന്ന് ഡീഹൈഡ്രേറ്റഡ് (നിർജ്ജലീകരണം) ആകാൻ സാധ്യതയുള്ളതിനാൽ ഇത് ഗൗരവമായി കാണണം.
വിട്ടുമാറാത്ത ചുമയും ജലദോഷവും.
വിര ശല്യം (Worm Infestation): മരുന്നുകൾ നൽകിയിട്ടും മാറാത്ത സാഹചര്യത്തിൽ.
കുട്ടികളുടെ വളർച്ചയിൽ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്?
കുട്ടികളുടെ ഫിസിക്കൽ ഗ്രോത്തും (ശാരീരിക വളർച്ച) മെന്റൽ ഗ്രോത്തും (മാനസിക വളർച്ച) ഒരുപോലെ നിരീക്ഷിക്കണം:
വളർച്ചാ ഘട്ടങ്ങൾ: കുട്ടിക്ക് പ്രായത്തിനനുസരിച്ചുള്ള ഉയരവും തൂക്കവും ഉണ്ടോ എന്ന് നോക്കണം.
മൈൽസ്റ്റോൺസ്: രണ്ട് മാസം പ്രായം മുതൽ കുട്ടിയെ നിരീക്ഷിക്കുക. കമഴുക, ഇരിക്കുക, നിൽക്കുക, സംസാരിക്കുക തുടങ്ങിയ കാര്യങ്ങളിൽ എന്തെങ്കിലും താമസം (Delay) അനുഭവപ്പെട്ടാൽ ഡോക്ടറെ കാണിക്കണം.
പെരുമാറ്റം: കുട്ടി മറ്റുള്ളവരുമായി ഇന്ററാക്ട് ചെയ്യുന്നുണ്ടോ, കളിക്കുന്നുണ്ടോ എന്നതും ശ്രദ്ധിക്കേണ്ടതാണ്.
ഭക്ഷണരീതിയിൽ വരുത്തേണ്ട മാറ്റങ്ങൾ എന്തൊക്കെയാണ്?
- ജങ്ക് ഫുഡും മധുരപലഹാരങ്ങളും മാക്സിമം ഒഴിവാക്കുക.
- വീട്ടിൽ പാകം ചെയ്ത ഭക്ഷണം (Home-cooked food) നൽകാൻ ശ്രമിക്കുക.
- പുറത്തുനിന്നുള്ള ഭക്ഷണം പൂർണ്ണമായും ഒഴിവാക്കേണ്ടതില്ലെങ്കിലും ആഴ്ചയിലൊരിക്കലോ മറ്റോ ആയി അതിന്റെ അളവ് നിയന്ത്രിക്കണം.
സ്ക്രീൻ ടൈം (മൊബൈൽ, ടിവി ഉപയോഗം) കുട്ടികളെ എങ്ങനെ ബാധിക്കുന്നു?
ഇന്നത്തെ കാലത്ത് സ്ക്രീൻ ടൈം കൂടുന്നത് കുട്ടികളുടെ സ്വാഭാവികമായ വളർച്ചയെ ബാധിക്കുന്നുണ്ട്.
രണ്ട് വയസ്സിൽ താഴെ: കുട്ടികൾക്ക് സ്ക്രീൻ ടൈം പൂർണ്ണമായും ഒഴിവാക്കണം.
രണ്ട് വയസ്സിന് മുകളിൽ: ടിവി, ലാപ്ടോപ്പ്, മൊബൈൽ എന്നിവ ഉൾപ്പെടെയുള്ള സ്ക്രീൻ ടൈം ഒരു മണിക്കൂറിൽ താഴെയായി പരിമിതപ്പെടുത്തണം.
കുട്ടികൾ മൊബൈൽ നോക്കുന്നതിന് പകരം ചുറ്റുപാടുകളിൽ നിന്ന് കാര്യങ്ങൾ പഠിക്കുന്നതാണ് അവരുടെ മെന്റൽ ഗ്രോത്തിന് നല്ലത്.
Dr. Sruthimol K K is an experienced Paediatrician with a strong clinical background across multiple reputed hospitals in Kerala and Karnataka. She is skilled in paediatric emergency care, intensive care, respiratory management, and procedural paediatrics.