പ്രായഭേദമന്യേ ആളുകളെ വലയ്ക്കുന്ന ബുദ്ധിമുട്ടുകളാണ് കഴുത്തില്‍ നിന്ന് കൈകളിലേക്കും നടുവില്‍ നിന്ന് കാലുകളിലോക്കും പോകുന്ന വേദനയും തരിപ്പും. ഇത്തരത്തിലുള്ള പരാതികളോടെ നിരവധി പേര്‍ സ്‌പൈന്‍ ഒപികളിലെത്തുന്നുണ്ട്. ഇവയുടെ കാരണം, ചികിത്സാ രീതികള്‍, എപ്പോഴാണ് സര്‍ജറി ആവശ്യമായി വരുന്നത്, കൂടാതെ ഏറ്റവും പുതിയ ശസ്ത്രക്രിയാ സാങ്കേതികവിദ്യയായ യുബി എന്‍ഡോസ്‌കോപ്പിക് സ്‌പൈന്‍ സര്‍ജറി എന്നിവയെക്കുറിച്ച് വിശദീകരിക്കുകയാണ് കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ യുബി എന്‍ഡോസ്‌കോപ്പിക് (Unilateral Biportal Endoscopy (UBE)) സ്‌പൈന്‍ സര്‍ജന്‍ ഡോക്ടര്‍ ഹരി കൃഷ്ണന്‍.
കഴുത്ത്, നടുവ് വേദനകളോടെ എത്തുന്ന രോഗികളെ എങ്ങനെ ചികിത്സിക്കുന്നു?
ആദ്യം കുറച്ച് ദിവസങ്ങള്‍ മരുന്നുകളോ ഫിസിയോതെറാപ്പി എക്‌സര്‍സൈസുകളോ ഉപയോഗിച്ച് പ്രശ്‌നം മാറ്റാന്‍ ശ്രമിക്കും. ചിലരില്‍ ഇത് മാറും, ചിലരില്‍ മാറില്ല.
മരുന്നുകളും ഫിസിയോതെറാപ്പിയും കൊണ്ട് മാറാത്തവര്‍ക്ക് പ്രശ്‌നത്തിന്റെ കൃത്യമായ കാരണം കണ്ടെത്താന്‍ എംആര്‍ഐ സ്‌കാന്‍ ചെയ്യുന്നു. മരുന്നുകൊണ്ട് മാറാത്തവരില്‍ എംആര്‍ഐയില്‍ കൂടുതലായി രണ്ട് അവസ്ഥകളാണ് കാണുന്നത്.
സ്ലിപ്പ് ഡിസ്‌ക്
കഴുത്തിലോ നടുവിലോ ഉള്ള ഡിസ്‌ക് പ്രായം, ജോലി, അല്ലെങ്കില്‍ പെട്ടെന്നുണ്ടാകുന്ന അപകടം എന്നിവയുടെ ഭാഗമായിട്ട് ബള്‍ജ് ചെയ്ത് പുറത്തേക്ക് തെന്നി വരികയും, കൈയിലേക്കോ കാലുകളിലേക്കോ പോകുന്ന ഞരമ്പുകള്‍ക്ക് പ്രഷര്‍ ഉണ്ടാക്കുകയും ചെയ്യുന്ന അവസ്ഥയാണ്. ഇതിനെ സ്ലിപ്പ് ഡിസ്‌ക് എന്ന് പറയുന്നു.
സ്റ്റിനോസിസ്
ചിലരില്‍ ഡീജനറേഷന്റെ ഭാഗമായി ഞരമ്പുകള്‍ പോകേണ്ട സ്ഥലത്ത് പരിമിതി ഉണ്ടാകുന്നു, അഥവാ സ്ഥലം കുറഞ്ഞു വരുന്നു. ഈ അവസ്ഥയാണ് സ്റ്റിനോസിസ്.
എല്ലാവര്‍ക്കും സര്‍ജറി ആവശ്യമുണ്ടോ?
എംആര്‍ഐയില്‍ സ്ലിപ്പ് ഡിസ്‌ക് അല്ലെങ്കില്‍ സ്റ്റിനോസിസ് കാണുന്നവരില്‍, കൂടാതെ ചില റെഡ് ഫ്‌ലാഗ് ലക്ഷണങ്ങള്‍ ഉള്ളവരിലാണ് സാധാരണയായി സര്‍ജറി നിര്‍ദേശിക്കുന്നത്. എന്നാല്‍ സ്‌പൈന്‍ ഒപിയില്‍ വരുന്ന ഏകദേശം 70 ശതമാനം ആളുകള്‍ക്കും സര്‍ജറി ആവശ്യമില്ല; അവരെ മരുന്നുകളും ഫിസിയോതെറാപ്പിയും കൊണ്ടാണ് ചികിത്സിക്കുന്നത്.
സ്‌പൈന്‍ സര്‍ജറിയില്‍ വന്ന മാറ്റങ്ങളെ കുറിച്ച് പറയാമോ?
ആദ്യം ചെയ്തിരുന്നത് ഓപ്പണ്‍ സര്‍ജറിയാണ്. പിന്നീട് മൈക്രോസ്‌കോപ്പിക് സര്‍ജറി വന്നു. അതിന് ശേഷം എന്‍ഡോസ്‌കോപ്പിക് സ്‌പൈന്‍ സര്‍ജറി, അതിലെ യൂണിപോര്‍ട്ടല്‍ എന്‍ഡോസ്‌കോപ്പിക് സ്‌പൈന്‍ സര്‍ജറി അല്ലെങ്കില്‍ പെല്‍ഡ് സര്‍ജറി എന്നിവ വന്നു.
യുബി എന്‍ഡോസ്‌കോപ്പിക് സ്‌പൈന്‍ സര്‍ജറി എന്താണ്?
ഏറ്റവും പുതിയ ടെക്‌നിക് ആണ് യുബി എന്‍ഡോസ്‌കോപ്പിക് സ്‌പൈന്‍ സര്‍ജറി. ഇതില്‍ രണ്ട് കീഹോളുകള്‍ ഉപയോഗിക്കുന്നു. ഒരു കീഹോളിലൂടെ 10- 15 മടങ്ങ് വലുതായി കാണിക്കുന്ന പ്രത്യേക എന്‍ഡോസ്‌കോപ്പ് കടത്തിവിടും. മറ്റൊരു കീഹോളിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ ആവശ്യമായ ഇന്‍സ്ട്രുമെന്റുകള്‍ കടത്തിവിടും.
ഈ രണ്ട് വ്യത്യസ്ത കീഹോളുകള്‍ ഉപയോഗിച്ച് സ്ലിപ്പ് ഡിസ്‌ക് നീക്കം ചെയ്യാനോ, സ്ഥലം ചുരുങ്ങിയിട്ടുണ്ടെങ്കില്‍ കൂടുതല്‍ സ്ഥലം ഉണ്ടാക്കിക്കൊടുക്കാനോ കൂടുതല്‍ ക്ലിയറായ വിഷനോടെയും കൂടുതല്‍ സേഫ്റ്റിയോടെയും ചെയ്യാന്‍ സാധിക്കുന്നു. അതുകൊണ്ട് തന്നെ ഇതിന്റെ വിജയശതമാനം വളരെ കൂടുതലാണ്. ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ ഇത് ഇപ്പോള്‍ സ്ഥിരമായി ചെയ്യുന്നു.
യുബി എന്‍ഡോസ്‌കോപ്പിക് സ്‌പൈന്‍ സര്‍ജറിക്ക് ശേഷം പ്രത്യേക മുന്‍കരുതലുകള്‍ വേണമോ?
ഈ സര്‍ജറിയ്ക്ക് കീഹോള്‍ സര്‍ജറിയുടെ എല്ലാ സവിശേഷതകളും ഉണ്ട്. ഹോസ്പിറ്റല്‍ സ്‌റ്റേ വളരെ കുറച്ച് ദിവസങ്ങള്‍ മാത്രമാണ്. വലിയ മുറിവുകള്‍ ഇല്ലാത്തതിനാല്‍ മുറിവ് ഉണങ്ങുന്നതിലും ഇന്‍ഫെക്ഷന്‍ സാധ്യതയിലും പ്രശ്‌നം കുറവാണ്.
ഓപ്പണ്‍ അല്ലെങ്കില്‍ മിനി ഓപ്പണ്‍ സര്‍ജറികളെ അപേക്ഷിച്ച് രോഗികള്‍ക്ക് വളരെ പെട്ടെന്ന് തന്നെ അവരുടെ ജോലിയിലേക്കോ ദിനചര്യയിലേക്കോ മടങ്ങാന്‍ കഴിയും. ഏഴു ദിവസത്തിനുള്ളില്‍ തന്നെ ജോലിക്ക് പോയ നിരവധി രോഗികള്‍ ഉണ്ട്.
സര്‍ജറിയ്ക്ക് ശേഷം എപ്പോള്‍ മുതല്‍ നടന്നു തുടങ്ങാം?
യുബി എന്‍ഡോസ്‌കോപ്പിക് സ്‌പൈന്‍ സര്‍ജറി കഴിഞ്ഞാല്‍ സാധാരണയായി മൂന്നു മുതല്‍ നാല് മണിക്കൂര്‍ വരെ മാത്രമാണ് ബെഡ് റെസ്റ്റ് പറയുന്നത്. അതിന് ശേഷം രോഗിക്ക് നടക്കാന്‍ കഴിയും. രാവിലെ സര്‍ജറി ചെയ്താല്‍ ഉച്ചയോടെ നടക്കുകയും വൈകുന്നേരത്തോടെ സ്വയം വാഷ്‌റൂമില്‍ പോകുകയും ചെയ്യും. അടുത്ത ദിവസം തന്നെ വീട്ടിലേക്ക് പോകാന്‍ സാധിക്കും.