• English
  • عربي / Arabic
  • മലയാളം / Malayalam
non-surgical Intra-gastric Balloon treatment

അമിതവണ്ണമുണ്ടോ? ശസ്ത്രക്രിയയില്ലാതെ വണ്ണം കുറയ്ക്കാം

2026-02-07

പ്രായഭേദമില്ലാതെ പലപ്പോഴും ആളുകളെ ആശങ്കപ്പെടുത്തുന്ന ഒന്നാണ്  അമിതവണ്ണം. ആഹാരക്രമീകരണം മുതൽ വ്യായാമം വരെ പല കാര്യങ്ങൾ പരീക്ഷിച്ചാലും സംഗതി  ചിലപ്പോൾ കുറയണമെന്നില്ല.  ജിമ്മിൽ പോയോ ഡയറ്റ് ചെയ്തോ വണ്ണം കുറയാതെ നിരാശരായിരിക്കുന്നവർക്ക് ഒരു മാജിക് പോലെ തോന്നാവുന്ന ചികിത്സാരീതിയാണ് 'ഇൻട്രാ ഗാസ്ട്രിക് ബലൂൺ'. ശസ്ത്രക്രിയയുടെ പേടിയോ ദീർഘകാലത്തെ വിശ്രമമോ ഇല്ലാതെ അമിതവണ്ണത്തെ  പരാജയപ്പെടുത്താൻ ഉപകരിക്കുന്ന  ഇൻട്രാ ഗാസ്ട്രിക് ബലൂൺ ചികിത്സയെക്കുറിച്ച്  ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ    മെഡിക്കല്‍ ഗാസ്‌ട്രോളജി ആന്‍ഡ് ജിഐ എന്‍ഡോസ്‌കോപി സീനിയർ കണ്‍സള്‍ട്ടന്റ്  ഡോക്ടർ പ്രദീപ് കുമാർ   പി വിശദീകരിക്കുന്നു.

എന്താണ് ഇൻട്രാ ഗാസ്ട്രിക് ബലൂൺ ചികിത്സ?

എൻഡോസ്കോപ്പി വഴി വയറിനുള്ളിൽ (സ്റ്റോമക്) ഒരു ബലൂൺ കടത്തിവിടുന്ന രീതിയാണിത്. ഇത് വയറിനുള്ളിലെ 'ഫണ്ടസ്' എന്ന ഭാഗത്ത് എത്തിച്ച് സലൈൻ (Saline) ഉപയോഗിച്ച് വീർപ്പിച്ചു വെക്കുന്നു. ഏകദേശം 500 മുതൽ 600 ml വരെ സലൈൻ ആണ് ഇതിനായി ഉപയോഗിക്കുന്നത്. ഒരു ബോളിന്റെ അത്രയും വലിപ്പമുണ്ടാകുന്ന ഈ ബലൂൺ വയറിനുള്ളിലെ സ്ഥലം കുറയ്ക്കാൻ സഹായിക്കുന്നു.

Read Also: ഗർഭിണി അറിയേണ്ടതെല്ലാം, സംശയമകറ്റി ഗർഭകാലം

ഇത് എങ്ങനെയാണ് വണ്ണം കുറയ്ക്കാൻ സഹായിക്കുന്നത്?

വയറിനുള്ളിലെ ഫണ്ടസ് എന്ന ഭാഗത്താണ് ഭക്ഷണം ശേഖരിക്കപ്പെടുന്നത്. ബലൂൺ അവിടെ ഇരിക്കുന്നതിലൂടെ ഫണ്ടസിലെ സ്പേസ് കുറയുന്നു. തൽഫലമായി, കുറഞ്ഞ അളവിൽ ഭക്ഷണം കഴിക്കുമ്പോൾ തന്നെ വയർ നിറഞ്ഞതായി ബ്രെയിനിന് മെസ്സേജ് ലഭിക്കുന്നു. ഇത് വിശപ്പ് കുറയ്ക്കാനും കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു.

ആർക്കൊക്കെയാണ് ഈ ചികിത്സ അനുയോജ്യം?

ബോഡി മാസ് ഇൻഡക്സ് (BMI) 30 നും 40 നും ഇടയിലുള്ളവർക്കാണ് ഈ ചികിത്സ ഏറ്റവും അനുയോജ്യം. സർജറിയുടെ അത്രയും തടി ഇല്ലാത്തവർക്കും എന്നാൽ വ്യായാമം കൊണ്ടും ഡയറ്റ് കൊണ്ടും വണ്ണം കുറയാത്തവർക്കും ഇതൊരു മികച്ച ഓപ്ഷനാണ്.

ചികിത്സയ്ക്ക് ശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബലൂൺ ഇട്ടു കഴിഞ്ഞാൽ ആദ്യത്തെ രണ്ടാഴ്ച ശരീരം അതുമായി അഡ്ജസ്റ്റ് ചെയ്യാൻ സമയം എടുക്കും. ആ സമയത്ത് ശർദ്ദി (Vomiting), അസിഡിറ്റി എന്നിവ കുറയ്ക്കാനുള്ള മരുന്നുകൾ നൽകും. ഈ രണ്ടാഴ്ച ലിക്വിഡ് ഡയറ്റ് (പ്രോട്ടീൻ പൗഡർ, ജ്യൂസ്, സൂപ്പ്) ആണ് നിർദ്ദേശിക്കുന്നത്. അതിനുശേഷം പതുക്കെ നോർമൽ ഡയറ്റിലേക്ക് മാറാം.

ബലൂൺ എത്രകാലം വയറിനുള്ളിൽ ഉണ്ടാകും?

ആറുമാസം മുതൽ ഒരു വർഷം വരെ വെക്കാവുന്ന ബലൂണുകൾ ലഭ്യമാണ്. ഈ കാലാവധിക്ക് ശേഷം എൻഡോസ്കോപ്പി വഴി തന്നെ ഇത് നീക്കം ചെയ്യാം. ബലൂൺ നീക്കം ചെയ്താലും വ്യായാമവും ഡയറ്റും തുടരുന്നത് ശരീരഭാരം നിലനിർത്താൻ സഹായിക്കും.

ഇതൊരു ശസ്ത്രക്രിയയാണോ?

അല്ല, ഇതൊരു എൻഡോസ്കോപ്പിക് പ്രൊസീജറാണ്. ശസ്ത്രക്രിയയുടെ ആവശ്യമില്ല. സാധാരണയായി 24 മണിക്കൂർ നിരീക്ഷണത്തിന് ശേഷം പേഷ്യന്റിന് വീട്ടിൽ പോകാവുന്നതാണ്. ഇതിന് ശേഷം ജോലി ചെയ്യുന്നതിനോ യാത്ര ചെയ്യുന്നതിനോ തടസ്സമില്ല.

Dr Pradeep Kumar P

Dr Pradeep Kumar P

Medical Gastroenterology And GI Endoscopy