വിശ്വാസികൾക്ക് ആത്മീയമായ ഉണർവ് നൽകുന്ന കാലമാണ് വിശുദ്ധ റമദാൻ. എന്നാൽ പ്രമേഹരോഗികളെ സംബന്ധിച്ചിടത്തോളം നോമ്പ് എന്നത് ശാരീരികമായ വെല്ലുവിളികൾ കൂടി ഉയർത്തുന്ന സമയം കൂടിയാണ്. "എനിക്ക് നോമ്പ് എടുക്കാൻ സാധിക്കുമോ?", "മരുന്നുകൾ എപ്പോൾ കഴിക്കണം?", "രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞാൽ എന്തുചെയ്യും?" എന്നിങ്ങനെ നിരവധി സംശയങ്ങൾ പ്രമേഹരോഗികളിൽ ഉണ്ടാകാറുണ്ട്.
ശരിയായ പ്ലാനിംഗും കൃത്യമായ ഭക്ഷണക്രമവും ഉണ്ടെങ്കിൽ പല പ്രമേഹരോഗികൾക്കും സുരക്ഷിതമായി നോമ്പ് നോൽക്കാൻ സാധിക്കും. എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിൽ നോമ്പ് ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് ഉത്തമം. നോമ്പ് കാലത്ത് രക്തത്തിലെ പഞ്ചസാരയുടെ അളവ് (Blood Sugar) നിയന്ത്രിക്കുന്നതിനെക്കുറിച്ചും, ഭക്ഷണരീതിയിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും, വിശദീകരിക്കുകയാണ് വടകര ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഇന്റേണല്‍ മെഡിസിന്‍ അസോസിയേറ്റ് കണ്‍സള്‍ട്ടന്റ് ഡോ. അഫീഫ എ
പ്രമേഹമുള്ള എല്ലാവർക്കും നോമ്പ് എടുക്കാൻ സാധിക്കുമോ? ആരെല്ലാമാണ് നോമ്പ് ഒഴിവാക്കേണ്ടത്?
അനിയന്ത്രിതമായ പ്രമേഹം ഉള്ളവർ (HbA1c 9-10 ന് മുകളിൽ), ഇടയ്ക്കിടെ ഹൈപ്പോഗ്ലൈസീമിയ (Hypoglycemia) അഥവാ പെട്ടെന്ന് ഷുഗർ കുറഞ്ഞുപോകുന്നവർ എന്നിവർ നോമ്പ് ഒഴിവാക്കണം. കൂടാതെ താഴെ പറയുന്നവർക്കും നോമ്പ് എടുക്കുന്നത് അപകടകരമാണ്
റമദാന്‍ നോമ്പ് തുടങ്ങുന്നതിനു മുന്‍പ് ഏതെല്ലാം ഹെല്‍ത്ത് ചെക്ക് അപ്പുകളാണ് നടത്തേണ്ടത്
FBS, PPBS, HbA1c, Lipid Profile, Urine ACR തുടങ്ങിയ ടെസ്റ്റുകളാണ് പ്രമേഹ രോഗമുള്ളവർ നോമ്പിന് മുൻപായി ചെയ്യേണ്ടത്.
Read Also: ഗർഭകാലത്തെ നോമ്പും ആരോഗ്യവും: ഗർഭിണികൾ ശ്രദ്ധിക്കേണ്ട പ്രധാന നിർദ്ദേശങ്ങൾ
ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹമുള്ളവർ നോമ്പ് നോൽക്കുമ്പോൾ ഉള്ള റിസ്ക് എന്താണ്?
ടൈപ്പ് 1 പ്രമേഹമുള്ളവർക്ക് രക്തത്തിലെ പഞ്ചസാര കുറഞ്ഞുപോകാനുള്ള സാധ്യത കൂടുതലാണ്. നിർജലീകരണത്തിൻ്റെ ഭാഗമായി 'ഡയബറ്റിക് കീറ്റോഅസിഡോസിസ്' (DKA) ടൈപ്പ് 1 രോഗികളിൽ അധികമായി കണ്ടുവരുന്നു.
മരുന്നുകളുടെ അളവിലും സമയത്തിലും മാറ്റം വരുത്തേണ്ടത് എങ്ങനെ?
ഇൻസുലിൻ്റെയും ഗുളികകളുടെയും അളവ് ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം കൈകാര്യം ചെയ്യുക. ഇൻസുലിൻ നോമ്പ് തുറന്ന ഉടനെയാണ് കൂടുതൽ ഡോസ് എടുക്കേണ്ടി വരിക. ഹൈപ്പോഗ്ലൈസീമിയ സാധ്യതയുള്ള ഗുളികകൾ അത്താഴ നേരത്ത് ഒഴിവാക്കണം. ഡോക്ടറുടെ നിർദ്ദേശമില്ലാതെ മരുന്നുകൾ സ്വയം ഒഴിവാക്കുന്നത് ഹൈപ്പർ/ഹൈപ്പോഗ്ലൈസീമിയ റിസ്ക് വർദ്ധിപ്പിക്കും.
ഇന്‍സുലിന്‍ നോമ്പ് തുറന്ന ഉടനെയാണ് കൂടുതല്‍ ഡോസും എടുക്കേണ്ടി വരിക. അതിനാല്‍ ഡോക്ടറെ കണ്ടശേഷം മാത്രം മാറ്റം വരുത്തുക.
ഇഫ്താർ സമയത്ത് ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?
പച്ചവെള്ളം, ഈത്തപ്പഴം എന്നിവ ഉപയോഗിച്ച് നോമ്പ് മുറിക്കുക.
സാലഡ്, സൂപ്പ്, മുട്ട, ഓട്‌സ്, റാഗി, മധുരം ചേർക്കാത്ത തരിക്കഞ്ഞി എന്നിവ ഉൾപ്പെടുത്തുക.
ഫ്രൂട്ട് ജ്യൂസ്, മധുരപാനീയങ്ങൾ, മധുരമുള്ള എണ്ണക്കടികൾ എന്നിവ ഒഴിവാക്കുക.
ലോ ഗ്ലൈസീമിക് ഇൻഡക്സ് ഉള്ള പഴങ്ങൾ (ആപ്പിൾ, പേരക്ക, പിയേഴ്സ്, ബെറികൾ, അവക്കാഡോ), നട്‌സ് എന്നിവ ഉപയോഗിക്കാം.
അത്താഴത്തിന് അനുയോജ്യമായ ഭക്ഷണങ്ങൾ ഏവ?
പെട്ടെന്ന് ദഹിക്കുന്ന അരിയാഹാരം ഒഴിവാക്കി പകൽ മുഴുവൻ ഗ്ലൂക്കോസ് നിലനിർത്തുന്ന ഭക്ഷണങ്ങൾ കഴിക്കുക. ഓട്‌സ്, മില്ലറ്റ് (റാഗി), ചപ്പാത്തി, പ്രോട്ടീൻ സമ്പുഷ്ടമായ മത്സ്യം, മുട്ട, നട്‌സ്, സീഡുകൾ എന്നിവ ഇതിനായി തിരഞ്ഞെടുക്കാം.
ഗ്ലൂക്കോമീറ്റർ ഉപയോഗിച്ചാൽ നോമ്പ് മുറിയുമോ?
ഇല്ല, ഗ്ലൂക്കോമീറ്റർ ഉപയോഗിച്ച് രക്തത്തിലെ പഞ്ചസാര പരിശോധിക്കുന്നത് കൊണ്ട് നോമ്പ് മുറിയില്ല.
നോമ്പ് സമയത്ത് എത്ര തവണ ഷുഗർ പരിശോധിക്കണം?
നിയന്ത്രിതമായ പ്രമേഹം ഉള്ളവർ അത്താഴത്തിന് മുൻപും നോമ്പ് തുറക്കുന്നതിന് മുൻപും പരിശോധിക്കണം. ഇൻസുലിൻ എടുക്കുന്നവർ ഉച്ചയ്ക്ക് മുൻപും ശേഷവും പരിശോധിക്കുന്നത് നല്ലതാണ്. ഷുഗർ കുറഞ്ഞു എന്ന് സംശയം തോന്നിയാൽ ഉടൻ പരിശോധിക്കണം.
നോമ്പ് കാലത്ത് നിർജലീകരണം ഒഴിവാക്കാൻ എത്ര വെള്ളം കുടിക്കണം?
നോമ്പ് തുറക്കും രാത്രിയിലുമായി കുറഞ്ഞത് രണ്ട് ലിറ്റർ വെള്ളമെങ്കിലും കുടിക്കണം. ഇതിൽ 2-3 ഗ്ലാസ് വെള്ളം അത്താഴ സമയത്ത് കുടിക്കാൻ ശ്രദ്ധിക്കുക.
ഹൈപ്പോഗ്ലൈസീമിയ അഥവാ പഞ്ചസാര കുറയുന്നതിൻ്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്
അമിതമായ വിശപ്പ്, വിറയൽ, ഹൃദയമിടിപ്പ്, തലകറക്കം, ശക്തമായ ക്ഷീണം എന്നിവയാണ് ലക്ഷണങ്ങൾ. ഗുരുതരമായാൽ ബോധം നഷ്ടപ്പെടുക, സംസാരത്തിൽ മാറ്റം വരിക, കാഴ്ച മങ്ങുക എന്നിവയും സംഭവിക്കാം.
Read Also: സ്തനാർബുദം:കാരണങ്ങളും ലക്ഷണങ്ങളും, അതിജീവിക്കാം കൃത്യമായ ചികിത്സയിലൂടെ
മധുരപലഹാരങ്ങളും വറുത്ത ഭക്ഷണങ്ങളും പൂർണ്ണമായും ഒഴിവാക്കണോ?
ഇവ പൂർണ്ണമായും ഒഴിവാക്കുന്നതാണ് നല്ലത്. എങ്കിലും നിയന്ത്രിതമായ ഷുഗർ ഉള്ളവർക്ക് അളവ് കുറച്ച് ഉപയോഗിക്കാവുന്നതാണ്.
അത്താഴത്തിന് അരിയാഹാരം കഴിക്കാമോ?
പെട്ടെന്ന് ദഹിക്കുന്ന അരിയാഹാരം അത്താഴത്തിന് ഒഴിവാക്കുന്നതാണ് നല്ലത്. പകരം മെല്ലെ ദഹിക്കുന്ന ചപ്പാത്തി, ഓട്‌സ് അല്ലെങ്കിൽ മില്ലറ്റുകൾ ഉപയോഗിക്കാം.
റമദാൻ ഹെൽത്ത് ചെക്കപ്പ് (Ramadan Health Check-up)
നോമ്പ് ആരംഭിക്കുന്നതിന് 1 ആഴ്ച മുൻപെങ്കിലും ഒരു ഡോക്ടറെ കണ്ട് 'റമദാൻ ഹെൽത്ത് ചെക്കപ്പ്' നടത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ഇതിൽFBS, PPBS, HbA1c, Lipid Profile, Urine ACR എന്നിവ ഉൾപ്പെടുത്തണം. നിങ്ങളുടെ നിലവിലെ ആരോഗ്യാവസ്ഥ നോമ്പ് എടുക്കാൻ അനുയോജ്യമാണോ എന്ന് ഈ പരിശോധനയിലൂടെ ഉറപ്പുവരുത്താം.