mobile header
Stroke Symptoms, Treatment & Early Warning

സ്ട്രോക്ക്: ലക്ഷണങ്ങൾ, ചികിത്സ, നിര്‍ണ്ണായകമായ ആദ്യ മണിക്കൂറുകൾ

2026-01-03

പക്ഷാഘാതം, പരാലിസിസ് അഥവാ സ്‌ട്രോക്ക്. ഇന്ത്യയില്‍ ഒരു മിനിറ്റില്‍ മൂന്ന് പേര്‍ക്ക് സംഭവിക്കുന്നു. ലോകമെമ്പാടും ഒന്നേകാല്‍ കോടി ജനങ്ങള്‍ക്ക് ഓരോ വര്‍ഷവും പക്ഷാഘാതമുണ്ടാകുന്നെന്നാണ് കണക്ക്. ഏകദേശം ഒരു ലക്ഷത്തില്‍ 145 പേര്‍ക്ക് കേരളത്തില്‍ പക്ഷാഘാതം ഉണ്ടാകുന്നുണ്ട്.

എന്താണ് പക്ഷാഘാതം

 നമ്മുടെ ശരീരത്തിലെ പ്രധാനപ്പെട്ട ഒരു അവയവമാണല്ലോ തലച്ചോറ്. ഇതിനുണ്ടാകുന്ന രക്തയോട്ടക്കുറവ് അല്ലെങ്കില്‍ രക്തസ്രാവം  കാരണമായി തലച്ചോറിന് വിവിധതരം ലക്ഷണങ്ങള്‍ ഉണ്ടാകുന്നു. ഉദാഹരണ ഒരുഭാഗം തളര്‍ന്നുപോകുക, ചുണ്ട് കോടുക, നടക്കാന്‍ പറ്റാതെയാകുക, സംസാരിക്കുമ്പോള്‍ കുഴയുക, അല്ലെങ്കില്‍ വാക്കുകള്‍ കിട്ടാതിരിക്കുകയോ, വാക്കുകള്‍ മനസ്സിലാവാതിരിക്കുകയോ ചെയ്യുക, കാഴ്ച നഷ്ടപ്പെടുക, ഓര്‍മ നഷ്ടപ്പെടുക, ബാലന്‍സ് തെറ്റിപ്പോകുക, സ്പര്‍ശനം നഷ്ടപ്പെടുക, ഭക്ഷണം ഇറക്കാന്‍ പറ്റാതെയാകുക, വേച്ചുപോകുക, പെട്ടെന്ന് സ്വഭാവമാറ്റം ഉണ്ടാകുക, പെട്ടെന്ന് കേള്‍വി നഷ്ടപ്പെടുക, ബോധം നഷ്ടപ്പെടുക, രണ്ടായി കാണുക എന്നിവ ഇവയില്‍ ചിലതു മാത്രമാണ്. പക്ഷേ ഇത് 90% ശതമാനവും തടയാന്‍ പറ്റുന്നതാണ് എന്ന് നാം മനസിലാക്കേണ്ടതുണ്ട്.

സ്‌ട്രോക്ക്- പ്രാരംഭ ലക്ഷണങ്ങള്‍

ഏറ്റവും ചുരുങ്ങിയത് സ്‌ട്രോക്കിന്റെ ആരംഭലക്ഷണങ്ങളായ മുഖം ഒരു ഭാഗത്തേക്ക് കോടുക, കൈ അല്ലെങ്കില്‍ കാല്‍ ബലക്കുറവ് വരിക, സംസാരം കുഴയുക, കിട്ടാതിരിക്കുക (FAST- Face dropping, Arm Weakness, Slurred Speech Time) എന്നിവ വന്നാല്‍ അപ്പോള്‍ തന്നെ നിര്‍ബന്ധമായും ഒരു സ്‌ട്രോക്ക് റെഡി ഹോസ്പിറ്റലില്‍ രോഗിയെ എത്തിക്കേണ്ടതാണ്. അതായത് രോഗിയെ ആശുപത്രിയില്‍ എത്തിച്ചാല്‍ രോഗിക്ക് നിര്‍ബന്ധമായും കിട്ടേണ്ട ചികില്‍സ ലഭ്യമാക്കുന്നതിനുള്ള എല്ലാ സംവിധാനങ്ങളും അവിടെ ഉണ്ടെന്ന്  ഉറപ്പുവരുത്തേണ്ടതാണ്. ഓരോ അഞ്ച് സെക്കന്റിലും ഒരു പുരുഷനും ഓരോ നാല് സെക്കന്റില്‍ ഒരു സ്ത്രീയും പക്ഷാഘാതത്തിന് വിധേയമാകുന്നുണ്ട്. പ്രായം കൂടുന്തോറും ഇതിന്റെ നിരക്കും കുടിയിരിക്കും. സ്‌ട്രോക്ക് ബാധിതരില്‍ മൂന്നില്‍ രണ്ടും 65 വയസ്സിന് മുകളിലുള്ളവരാണെങ്കിലും ഗര്‍ഭാശയത്തിലെ കുഞ്ഞിന് മുതല്‍ നൂറു വയസ്സിന് മുകളില്‍ വരെ ഏതു പ്രായക്കാരിലും പക്ഷാഘാതം സംഭവിക്കാം. പക്ഷേ ഓരോ പ്രായക്കാരിലും ഇതിന്റെ കാരണങ്ങള്‍ വ്യത്യസ്തമായിരിക്കുമെന്ന് മാത്രം.

അവഗണിക്കരുത് ഈ ലക്ഷണങ്ങള്‍


സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് ആള്‍ കുഴയുകയാണെങ്കില്‍ അല്ലെങ്കില്‍, ചിറി കോടുകയാണെങ്കില്‍ അത് പക്ഷാഘാതമാണെന്ന് കരുതി രോഗിയെ ഉടനെ ആശുപത്രിയിലെത്തിക്കണം. അമാന്തം കാണിക്കരുത്. പലപ്പോഴും രോഗി വേദന പ്രകടിപ്പിക്കാത്തതിനാല്‍ ആളുകള്‍ ഇത് സാരമില്ല എന്ന നിലയില്‍ അശ്രദ്ധ കാണിക്കാറുണ്ട്. പട്ടണങ്ങളില്‍ ഉള്ള രോഗികള്‍ ആണെങ്കിലും പലപ്പോഴും മണിക്കൂറുകളും ദിവസങ്ങളും കഴിഞ്ഞ് മാത്രമേ രോഗികള്‍ ചികില്‍സ തേടുന്നുള്ളു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഡോക്ടര്‍ ദമ്പതിമാരുടെ അച്ഛനെ ചികില്‍സിക്കെത്തിച്ചത് 8 മണിക്കൂറുകള്‍ക്ക് ശേഷമാണ്!

ഇവയില്‍ പലതും പക്ഷാഘാതം തന്നെയാകണമെന്നില്ല ഉദാഹരണം, പലതരം തലചുറ്റലുകള്‍, ബോധക്കേട്, വീഴ്ച, വിറയല്‍, തലവേദന തുടങ്ങിയവയും ആകാം. പക്ഷേ ഒരു വിദഗ്ദ ഡോക്ടറുടെ നിരീക്ഷണത്തിന് ഇവരെ വിധേയമാക്കേണ്ടതാണ്. രോഗിയെ പല ആളുകളും എംആര്‍ഐക്ക് വിധേയമാക്കാറുണ്ട്. 90% കേസുകളിലും എം.ടി. സ്‌കാന്‍ തന്നെ മതി,  പത്ത് ശതമാനത്തിന് എം.ആര്‍.ഐ. വേണ്ടി വന്നേക്കാം, ഉദാഹരണത്തിന് രാവിലെ ഉറക്കമുണരുമ്പോള്‍ പക്ഷാഘാതമായി ഉണരുക, രോഗിക്ക് പക്ഷാഘാതമുണ്ടായ സമയം അറിയാതിരിക്കുക ഈ സന്ദര്‍ഭങ്ങളില്‍ മാത്രം ഒരു രോഗിയുടെ ആദ്യത്തെ ടെസ്റ്റ് ആശുപത്രിയില്‍ ചെന്നാല്‍ രക്തപരിശോധനയാണ്. പ്രമേഹം കാരണം ചില കാരണങ്ങളില്‍ ഷുഗര്‍ കുറഞ്ഞാലും ഇതുപോലെ സംഭവിക്കാം. പെട്ടെന്ന് തന്നെ രോഗിയെ പരിശോധിച്ച് സമയം കളയാതെ പക്ഷാഘാത സ്‌കോര്‍ എത്രയാണെന്ന് നോക്കി, രോഗി എപ്പോഴാണ് നോര്‍മലായി കണ്ടത് എന്ന് മനസ്സിലാക്കുക (Last Known Well) സി.ടി. സ്‌കാന്‍ എടുത്ത് നാലര മണിക്കൂറിന്റെ ഉള്ളില്‍ രോഗിക്ക് നിര്‍ബന്ധമായും രക്തക്കട്ട അലിയിക്കാനുള്ള മരുന്ന് കൊടുക്കേണ്ടതാണ്. പക്ഷേ സ്‌കാനില്‍ രക്തസ്രാവമുള്ളവര്‍ക്ക് ഇത് കൊടുക്കാന്‍ പാടുള്ളതല്ല. അലിയിക്കാനുള്ള മരുന്നു ACTILYSE, TENECTASE (ആക്ടിലൈസ്, ടെനക്ടേയ്‌സ്) ഇത് പറ്റുമെങ്കില്‍ ആദ്യത്തെ സുവര്‍ണ്ണ മണിക്കൂറില്‍ തന്നെ രോഗിക്ക് കൊടുക്കണം, വൈകിക്കരുത്. പല ആളുകളും ഇത് കൊടുക്കാതിരിക്കുകയോ നിഷേധിക്കുകയോ സ്വീകരിക്കാതിരിക്കുകയോ ചെയ്യാറുണ്ട്. ഇത് നിരുത്സാഹപ്പെടുത്തേണ്ടതാണ്. അപൂര്‍വ്വം കേസുകളില്‍ രക്തസ്രാവം വരാറുണ്ട്. നൂറില്‍ അഞ്ച് ശതമാനം ആണെങ്കിലും ഇത് രണ്ട് ശതമാനത്തില്‍ താഴെ മാത്രമേ കാണാറുള്ളു. ഇന്ത്യയില്‍ അലിയിക്കുവാനുള്ള മരുന്ന് 23% മാത്രമേ രോഗികള്‍ക്ക് കിട്ടുന്നുള്ളു, ഇത് മൂലം പക്ഷാഘാതം വന്ന രോഗികളില്‍ ഭൂരിഭാഗവും കിടപ്പിലാവും. നമ്മളെല്ലാവരും ഒത്തൊരുമിച്ചു നിന്നാല്‍ വളരെയധികം പേര്‍ക്ക് ഈ മരുന്നുകളുടെ ഗുണം ലഭിക്കും.

സിടി സ്‌കാന്‍ ചെയ്യുമ്പോള്‍ രക്തക്കുഴലുകള്‍ അടഞ്ഞിട്ടുണ്ടോ എന്ന് നോക്കും സി.ടി. ആന്‍ജിയോഗ്രാം (CT Angio). പലതരം രക്തക്കുഴലുകളുണ്ട്- കരോട്ട്, ബസിലാര്‍, മിഡില്‍ സെറിബ്രല്‍ മുതലായവ. ഇവ അടഞ്ഞിട്ടുണ്ടെങ്കില്‍ രോഗിയെ നാലര മണിക്കൂറിനുള്ളില്‍ ആണെങ്കില്‍ നേരിട്ട് കാത്ത്‌ലാബിലേക്കു കൊണ്ടുപോയി ആ ക്ലോട്ട് നീക്കം ചെയ്യും. ഇതിന് മെക്കാനിക്കല്‍ ത്രോംബക്ടമി എന്ന് പറയും. നാലര മണിക്കൂറിന് ശേഷമാണെങ്കില്‍ 24 മണിക്കൂര്‍ വരെ CT PERFUSION/ MRI  PERFUSION (സിടി/എം.ആര്‍.ഐ പെര്‍ഫൂഷന്‍) സ്‌കാന്‍ ചെയ്തിട്ട് ബ്രെയിന്‍ അധികം കേടുവന്നിട്ടില്ലെങ്കില്‍ മെക്കാനിക്കല്‍ ത്രോംബക്ടമിക്ക് വിധേയമാക്കും. നൂറ് കണക്കിന് രോഗികളാണ് അങ്ങനെ നവജീവിതത്തിലേക്ക് കൊണ്ട് വരാന്‍ സാധിച്ചിട്ടുണ്ട്. ഇതിനുള്ള പ്രതിവിധി, പുറമേയുള്ള ആശുപത്രിയില്‍ വെച്ച് സി.ടി സ്‌കാന്‍ എടുത്ത് ഒരു SPOKE- HUB  മാതൃകയില്‍ ന്യൂറോളജിസ്റ്റുമായി ബന്ധപ്പെടുക. സി.ടി. സ്‌കാന്‍ വാട്‌സ് ആപ്പിലൂടെ നിമിഷത്തിനുള്ളില്‍ അയക്കാവുന്നതാണല്ലോ. സി.ടി. സ്‌കാന്‍ റിസള്‍ട്ടിന് ഒരിക്കലും കാത്തിരിക്കരുത്, അപ്പോഴേക്കും തലച്ചോറിലെ കോടിക്കണക്കിന് കോശങ്ങള്‍ക്ക് കേടുപാട് വന്ന ശേഷമായിരിക്കും നമ്മള്‍ രോഗിയെ കാണുന്നത്.

DRIP & SHIP- ഡ്രിപ് ആന്റ് ഷിപ് രോഗിക്ക് അലിയിക്കാനുള്ള മരുന്ന് കൊടുത്ത് ഒരു ആംബുലന്‍സില്‍ രോഗിയെ വിദഗ്ദ ചികിത്സക്കയക്കുക. പലതരം കാരണങ്ങള്‍ പരാലിസിസിന് കാരണമാകാറുണ്ട്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഏറ്റവും പ്രധാനപ്പെട്ടതാണ്. 50% രോഗികള്‍ക്കും ഇതാവാം കാരണം. മരുന്ന് കഴിച്ച് പ്രഷര്‍ 160/100 നിന്ന് 150/90 ആയാല്‍പോലും 40% പക്ഷാഘാത സാധ്യത കുറയ്ക്കുന്നു. പ്രമേഹരോഗികളില്‍ 2 മുതല്‍ 3 ഇരട്ടി പക്ഷാഘാതം സംഭവിക്കുന്നു. കൊളസ്‌ട്രോള്‍ 15% സാധ്യത കൂട്ടുന്നു. മദ്യപാനവും ഇതിനുള്ള സാധ്യത കൂട്ടുന്നു. രക്തസ്രാവവും ഇതില്‍പ്പെടും. ദിവസം ഒരു സിഗരറ്റ്  വലിച്ചാല്‍പോലും പക്ഷാഘാതം വരാന്‍ 30% സാധ്യതയാണുള്ളത് ഹൃദയസംബന്ധമായ രോഗങ്ങള്‍ പ്രത്യേകിച്ച് മിടിപ്പിന്റെ തകരാര്‍ (AF- ATRIAL FIBRILLATION)  ആട്രിയല്‍ ഫിബ്രിലേഷന്‍ ഓരോ വര്‍ഷവും 5% സാധ്യത ഉണ്ടാക്കുന്നു, അതായത് 10 വര്‍ഷം കൊണ്ട് 50% ആളുകള്‍ക്കും, അതുകൊണ്ട് തന്നെ ഇത് നിര്‍ബന്ധമായും ചികിത്സിക്കണം. മൈഗ്രേന്‍ തലവേദന, മയക്ക് മരുന്നുകള്‍, ഇവ ഇതിന്റെ ചാന്‍സ് വര്‍ധിപ്പിക്കുന്നു.

സ്‌ട്രോക്ക് തടയുവാന്‍ എന്ത് ചെയ്യണം 

ദിവസേനയുള്ള വ്യായാമം 26% പക്ഷാഘാതത്തെ ചെറുക്കുന്നു, അതുകൊണ്ടു തന്നെ ഇതിന് നിശ്ചയമായും നാം മുന്നിട്ടിറങ്ങേണ്ടതുണ്ട്. ഭക്ഷണം കഴിക്കുമ്പോള്‍ നാം ശ്രദ്ധിക്കണം ഉപ്പ് കുറയ്ക്കുക, മധുരം കുറയ്ക്കുക, എണ്ണ ഭക്ഷണങ്ങള്‍ കുറക്കുക, പച്ചക്കറിയും പഴങ്ങളും കഴിക്കുക, നമ്മുടെ ശരീരഭാരം ക്രമപ്പെടുത്തുക. ബിഎംഐ 20-25 ആക്കുക. ഇടക്ക് നമ്മുടെ ഹെല്‍ത്ത് ചെക്കപ്പ് ചെയ്യുക. ചുരുങ്ങിയത് നമ്മുടെ രക്തസമ്മര്‍ദ്ദം, ഷുഗര്‍, കൊളസ്‌ട്രോള്‍ മുതലായവ. ഏറ്റവും ചുരുങ്ങിയത് 40 മിനിറ്റ് നടക്കുക. ഉറക്കം 6-8 മണിക്കൂര്‍ നിര്‍ബന്ധമാണ്. നാം ശാന്തശീലരാകാന്‍ ശ്രമിക്കുക. മാനസിക സമ്മര്‍ദ്ദത്തിന് വിട നല്‍കുക. പ്രാര്‍ത്ഥന, യോഗ ശീലമാക്കുക. 

ചിലതരം സ്‌ട്രോക്ക്, സൈലന്റ് സ്‌ട്രോക്ക്, മിനി സ്‌ട്രോക്ക് (TIA) എന്നിവയുമുണ്ട് ഇതിനും ചികില്‍സ നല്‍കണം. രോഗിയെ ഒരു സ്‌ട്രോക്ക് യൂണിറ്റില്‍ പ്രവേശിപ്പിക്കുക. മാനസിക പിരിമുറുക്കങ്ങള്‍ക്ക് വിഷാദ രോഗവും 3050% ഇവര്‍ക്കുണ്ടാകാറുണ്ട്, ഇത് പ്രത്യേകിച്ച് ശ്രദ്ധിക്കണം. പല രോഗികളും ആത്മഹത്യയുടെ വക്കിലൂടെ കടന്നുപോകാറുണ്ട്.

നേരത്തെയുള്ള ഫിസിയോതെറാപ്പി, ബോട്ടോക്‌സ് ചികിത്സ, ഒക്യുപേഷണല്‍ ആന്റ് സ്വാലോ തെറാപ്പി, സ്പീച്ച് തെറാപ്പി ഇതും അത്യാവശ്യമാണ്. രോഗികള്‍ക്ക് നിര്‍ബന്ധമായും അവരുടെ അപകടസാധ്യത നോക്കി ചികിത്സ നല്‍കണം. അസ്പിരിന്‍ അത് പോലെയുള്ള മരുന്നുകള്‍ നിര്‍ത്തരുത്. ചില രോഗികള്‍ക്ക് വീണ്ടും വീണ്ടും പക്ഷാഘാതം വരും. ഇവരെ കൂടുതല്‍ നിരീക്ഷിക്കേണ്ടതാണ്. ചില രോഗികളില്‍ കഴുത്തിലെ രക്തധമനി ചുരുങ്ങിയിരിക്കുംകരോട്ടിഡ് ബ്ലോക്ക്/STENOSIS . ഇത് ആന്‍ജിയോപ്ലാസ്റ്റി വഴി സുഖപ്പെടുത്താം. ഈയിടെയായി ചെറുപ്പക്കാരിലും പക്ഷാഘാതവും ഹൃദയാഘാതവും കൂടുതലായി കാണുന്നു. മയക്കുമരുന്ന്, എം.ഡി.എം.എ., പുകയില, വായില്‍വെക്കല്‍, മദ്യപാനം, വ്യായാമമില്ലായ്മ, പുകവലി, അമിത ശരീരവണ്ണം ഭക്ഷണത്തില്‍ ശ്രദ്ധയില്ലായ്മ, ഫാസ്റ്റ്ഫുഡ് എന്നിവയൊക്കെയാണ് കാരണങ്ങള്‍. നമുക്കൊന്നിച്ച് പക്ഷാഘാതത്തിനെതിരെ പടപൊരുതാം.

Dr Ummer K

Dr Ummer K

Neurology