• English
  • عربي / Arabic
  • മലയാളം / Malayalam

ശ്വാസകോശത്തിന് കരുത്തേകാൻ 4 ലഘു വ്യായാമങ്ങൾ!

09 February 2026

ദീർഘകാലമായി ശ്വാസകോശ രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർക്ക് ശ്വാസംമുട്ടൽ കാരണം ദൈനംദിന കാര്യങ്ങൾ ചെയ്യാൻ പ്രയാസമുണ്ടാകാറുണ്ട്. ഇത് രോഗികളിൽ മാനസികമായ തളർച്ചയ്ക്കും മറ്റുള്ളവരെ അമിതമായി ആശ്രയിക്കുന്ന അവസ്ഥയ്ക്കും കാരണമാകുന്നു. ഇത്തരം സാഹചര്യങ്ങളിൽ ശ്വാസകോശത്തിന്റെ ശേഷി വർദ്ധിപ്പിക്കാനും ആത്മവിശ്വാസം വീണ്ടെടുക്കാനും സഹായിക്കുന്ന ലളിതമായ നാല് വ്യായാമമുറകൾ   പരിചയപ്പെടാം.

കഠിനമായ വ്യായാമങ്ങൾ ചെയ്യാൻ ബുദ്ധിമുട്ടുള്ളവർക്ക് ലഘുവായ വ്യായാമമുറകളിലൂടെ ശ്വാസകോശത്തിന്റെ  ശക്തി വീണ്ടെടുക്കാം.

മോഡ്യൂൾ  1: അടിസ്ഥാന ശ്വസന വ്യായാമം

ആദ്യമായി രോഗി ഒരു പ്രതലത്തിൽ കാൽ രണ്ടും നിലത്ത് കുത്തി നിൽക്കുക. അതിനുശേഷം ശ്വാസം നീട്ടി ഉള്ളിലേക്ക് വലിക്കുക. അഞ്ച് സെക്കൻഡ് ശ്വാസം പിടിച്ചു നിർത്തുക (ബ്രീത്ത് ഇൻ). അഞ്ച് സെക്കൻഡിന് ശേഷം ശ്വാസം വളരെ പതുക്കെ പുറത്തേക്ക് വിടുക. ഇങ്ങനെ തുടർച്ചയായി 10 പ്രാവശ്യം ചെയ്യുക.

Read Also: ഹെർണിയ വേദന അവഗണിക്കരുത്; ഓപ്പൺ സർജറിയും ലാപ്രോസ്കോപ്പിയും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മോഡ്യൂൾ 2: കൈമുട്ടുകൾ ഉപയോഗിച്ചുള്ള വ്യായാമം

രോഗി ഒരു സ്റ്റൂളിലോ കസേരയിലോ ഇരിക്കുക. രണ്ട് കാൽപാദങ്ങളും നിലത്ത് അമർത്തി വെക്കുക. കൈ രണ്ടും നെഞ്ചിന് ചേർത്ത് പിടിച്ച ശേഷം കൈമുട്ട് പുറകോട്ട് ചലിപ്പിക്കുക. ഈ സമയത്ത് ശ്വാസം നീട്ടി ഉള്ളിലേക്ക് വലിച്ച് അഞ്ച് സെക്കൻഡ് പിടിച്ചു വെക്കണം. ശ്വാസം പതുക്കെ പുറത്തേക്ക് വിടുന്ന സമയത്ത് കൈമുട്ടുകൾ പഴയ സ്ഥാനത്ത് എത്തിക്കുക. ഇത് 10 പ്രാവശ്യം ആവർത്തിക്കുക.

മോഡ്യൂൾ 3: ഷോൾഡർ ഉയർത്തിയുള്ള വ്യായാമം

രണ്ട് കയ്യും കാൽമുട്ടിന്റെ മേലെ അമർത്തി വെക്കുക. മുതുക് പതുക്കെ ഉയർത്തി തോൾ (ഷോൾഡർ) ചെവിയുടെ അടുത്തേക്ക് ഉയർത്തി പിടിക്കുക. ഉയർത്തുന്ന സമയത്ത് ശ്വാസം നീട്ടി വലിക്കണം. അഞ്ച് സെക്കൻഡ് ശ്വാസം പിടിച്ചു വെച്ച ശേഷം പതുക്കെ പുറത്തേക്ക് വിടുക. പുറത്തേക്ക് വിടുന്ന സമയത്ത് തോൾ പതുക്കെ താഴോട്ട് പഴയ നിലയിലേക്ക് കൊണ്ടുവരിക.

Read Also: സിഒപിഡി: വിട്ടുമാറാത്ത ശ്വാസതടസ്സവും ചുമയും നിസ്സാരമാക്കരുത്; കാരണങ്ങളും ചികിത്സകളും

മോഡ്യൂൾ 4: വയറിൽ അമർത്തിയുള്ള ശ്വസനം

കസേരയിലോ സ്റ്റൂളിലോ ഇരിക്കുക, കാലുകൾ നിലത്ത് അമർത്തി വെക്കുക. കൈപ്പത്തികൾ രണ്ടും വയറ്റിന്റെ മേലെ അമർത്തി വെക്കുക. പതുക്കെ ശ്വാസം ഉള്ളിലേക്ക് നീട്ടി വലിക്കുക. അഞ്ച് സെക്കൻഡ് ശ്വാസം പിടിച്ചു വെച്ച ശേഷം പതുക്കെ പുറത്തേക്ക് വിടുക. ശ്വാസം പുറത്തേക്ക് വിടുന്ന സമയം കൈകൾ വയറ്റിൽ ശക്തിയായി അമർത്തണം. ഇത് ശ്വാസകോശത്തിലെ വായു മുഴുവൻ പുറത്തേക്ക് പോകാൻ സഹായിക്കും. ഇത് 10 പ്രാവശ്യം ചെയ്യുക.

വ്യായാമങ്ങൾ ചെയ്യുമ്പോൾ പാലിക്കേണ്ട ക്രമങ്ങൾ

ഈ വ്യായാമങ്ങൾ എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും ചെയ്യേണ്ടതാണ്. ഒരു മാസം കഴിഞ്ഞാൽ 10 തവണ എന്നുള്ളത് 15 ആക്കി ഉയർത്തുക. രോഗലക്ഷണങ്ങൾ കുറയുന്നതിനനുസരിച്ച് ഇത് 20 ലേക്കും 30 ലേക്കും ഉയർത്താം. പിന്നീട് ഡോക്ടറുടെ നിർദ്ദേശപ്രകാരം സാധാരണ വ്യായാമമുറകളിലേക്ക് മാറാവുന്നതാണ്. സാധിക്കുമെങ്കിൽ പൂർണ്ണമായ വ്യായാമമുറകൾ ചെയ്യുന്നതാണ് ഏറ്റവും അത്യുത്തമം.

Dr Ravindran C

Dr Ravindran C

Senior Consultant & Chief of Medical Services

Pulmonology