• English
  • عربي / Arabic
  • മലയാളം / Malayalam

മുട്ടിലെ ലിഗമെന്റ് പരിക്ക് അവഗണിക്കരുത്: എസിഎൽ ഇഞ്ചുറിയും പരിഹാരമാർഗ്ഗങ്ങളും

07 March 2026

മുട്ടിന് ഏല്‍ക്കുന്ന പരിക്കുകള്‍ നിത്യജീവിതത്തെ ഏറ്റവും ബാധിക്കുന്നവയാണ്. അതില്‍ത്തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് എസിഎല്‍ (ACL) 

ഇഞ്ചുറി അഥവാ ആന്റിരിയര്‍ ക്രൂഷിയേറ്റ് ലിഗമെന്റ് ഇഞ്ചുറി. മുട്ടിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ആധാരമായ ഈ ലിഗമെന്റിന് പരിക്ക് സംഭവിക്കുന്നത് മുട്ടിന്റെ സ്ഥിരതയെ ബാധിക്കുകയും കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ ഗുരുതരമായ തേയ്മാനത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.  എസിഎല്‍ പരിക്കിന്റെ ലക്ഷണങ്ങള്‍, ലഭ്യമായ വിവിധ ഗ്രാഫ്റ്റുകള്‍, രോഗനിര്‍ണ്ണയ രീതികള്‍ എന്നിവയെക്കുറിച്ച് വിശദീകരിക്കുകയാണ് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ സ്‌പോര്‍ട് മെഡിസിന്‍ വിഭാഗം അസോസിയേറ്റ് കണ്‍സള്‍ട്ടന്റ് ഡോ ഹരിശങ്കര്‍ എം 

എസിഎൽ ലിഗമെന്റ് ഇഞ്ചുറിയും ചികിത്സാരീതികളും

മുട്ടിനുള്ളിലെ പ്രധാന ലിഗമെന്റായ ആന്റിരിയർ ക്രൂഷിയേറ്റ് ലിഗമെന്റിന് (ACL) സംഭവിക്കുന്ന പരിക്കുകൾ കൃത്യസമയത്ത് ചികിത്സിക്കേണ്ടത് അത്യാവശ്യമാണ്. 

എസിഎൽ ലിഗമെന്റ് ഇഞ്ചുറി സംഭവിക്കുമ്പോൾ മുട്ടിന് ഇളക്കം അനുഭവപ്പെടുകയും അത് ചികിത്സിക്കാതിരുന്നാൽ മുട്ടിന്റെ മറ്റ് ഭാഗങ്ങളായ കാർട്ടിലേജ്, മെനിസ്കസ് (വാഷർ) എന്നിവയെ ബാധിക്കുകയും ചെയ്യും. ഇത് വളരെ വേഗത്തിൽ മുട്ട് തേയ്മാനത്തിലേക്ക് നയിക്കാൻ കാരണമാകുന്നു. അതിനാൽ ലിഗമെന്റ് സർജറി വഴി ഇത് പരിഹരിക്കുന്നതാണ് ഏറ്റവും ഉത്തമമായ മാർഗ്ഗം.

Read More: മുട്ട് മാറ്റിവെക്കൽ ഒഴിവാക്കാം; സ്വാഭാവിക മുട്ടിനെ സംരക്ഷിക്കാൻ ഹൈ ടിബിയൽ ഓസ്റ്റിയോട്ടമി

സാധാരണ ഗതിയിൽ നിരപ്പായ സ്ഥലങ്ങളിലൂടെ നടക്കുമ്പോൾ ഇത്തരം പരിക്കുകൾ വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കാറില്ല. എന്നാൽ ഓടുക, ചാടുക, അല്ലെങ്കിൽ പെട്ടെന്ന് ദിശ മാറി സഞ്ചരിക്കേണ്ടി വരുന്ന ഫുട്ബോൾ, വോളിബോൾ, ഷട്ടിൽ തുടങ്ങിയ കായിക വിനോദങ്ങളിൽ ഏർപ്പെടുമ്പോഴാണ് മുട്ടിന്റെ ഇളക്കം അഥവാ ഇൻസ്റ്റെബിലിറ്റി കൂടുതൽ അനുഭവപ്പെടുന്നത്.

എന്താണ് എസിഎൽ ലിഗമെന്റ് ഇഞ്ചുറി? 

മുട്ടിന്റെ സന്ധികളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന ലിഗമെന്റാണ് ആന്റിരിയർ ക്രൂഷിയേറ്റ് ലിഗമെന്റ്. ഇതിന് പരിക്ക് പറ്റുമ്പോൾ മുട്ടിന് സ്ഥിരത നഷ്ടപ്പെടുകയും ഇളക്കം സംഭവിക്കുകയും ചെയ്യുന്നു. കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ ഇത് മുട്ടിന്റെ മറ്റ് കോശങ്ങളെ നശിപ്പിക്കുകയും തേയ്മാനത്തിന് കാരണമാവുകയും ചെയ്യും.

എസിഎൽ റീകൺസ്ട്രക്ഷൻ 

എസിഎൽ പരിക്ക് മാറ്റുന്നതിനായി ഭൂരിഭാഗം ആളുകളിലും റീകൺസ്ട്രക്ഷൻ ശസ്ത്രക്രിയയാണ് ചെയ്യുന്നത്. ഇതിൽ പഴയ ലിഗമെന്റിന് പകരം പുതിയൊരു ലിഗമെന്റ് വെച്ചുപിടിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതിനായി വിവിധ തരത്തിലുള്ള ഗ്രാഫ്റ്റുകൾ ഉപയോഗിക്കുന്നു.

  • ഹാംസ്ട്രിങ് ഗ്രാഫ്റ്റുകൾ
  • പാറ്റെല്ലാ ടെൻഡൻ ഗ്രാഫ്റ്റുകൾ
  • ക്വാഡ്രിസെപ്സ് ഗ്രാഫ്റ്റുകൾ
  • പെറോണിയസ് ഗ്രാഫ്റ്റുകൾ
  • സിന്തറ്റിക് ഗ്രാഫ്റ്റുകൾ തുടങ്ങിയവയാണ് പുതിയ ലിഗമെന്റ് നിർമ്മിക്കുന്നതിനായി  ഉപയോഗിക്കുന്നത്. 

രോഗിയുടെ ആവശ്യകത, അവർ ഏർപ്പെടുന്ന കായിക വിനോദങ്ങൾ, അവരുടെ ആക്ടിവിറ്റി ലെവൽ എന്നിവ പരിഗണിച്ചാണ് ഏത് ഗ്രാഫ്റ്റ് വേണമെന്ന് ഡോക്ടർ തീരുമാനിക്കുന്നത്.

Read Also: മാറാത്ത നടുവേദന സ്പൈൻ ഇൻഫെക്ഷൻ ആകാം; ലക്ഷണങ്ങളും ചികിത്സാരീതികളും

രോഗനിർണ്ണയം എങ്ങനെ നടത്താം?

 നിങ്ങൾക്ക് ലിഗമെന്റ് ഇഞ്ചുറി ഉണ്ടെന്ന് സംശയമുണ്ടെങ്കിൽ ഒരു ഓർത്തോപീഡിക് സർജനെയോ സ്പോർട്സ് ഇഞ്ചുറി സ്പെഷ്യലിസ്റ്റിനെയോ കണ്ട് മുട്ട് എക്സാമിൻ ചെയ്യേണ്ടതാണ്. ആവശ്യമെങ്കിൽ മാത്രം എംആർഐ (MRI) സ്കാൻ വഴി ലിഗമെന്റ് ഇഞ്ചുറി ഉണ്ടോ എന്ന് ഉറപ്പുവരുത്താം.

ശസ്ത്രക്രിയ അനിവാര്യമാണോ?

യുവതലമുറയിലുള്ളവർക്ക് മുട്ടിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും ഭാവിയിൽ തേയ്മാനം വരാതിരിക്കുന്നതിനും പുതിയ ലിഗമെന്റ് വെച്ചുപിടിപ്പിക്കുന്നത് തന്നെയാണ് ഏറ്റവും നല്ല മാർഗ്ഗം. ഇത് മുട്ടിനെ കൂടുതൽ തകരാറുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കും.

Share this video:
Dr Harisankar M

Dr Harisankar M

Associate Consultant

Sports Medicine