• English
  • عربي / Arabic
  • മലയാളം / Malayalam
A person holding their neck in discomfort, illustrating cervical pain and posture issues

കഴുത്തുവേദനയെ പടിക്കുപുറത്താക്കാം: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

2026-03-02

പ്രായഭേദമെന്യേ എല്ലാവർക്കും ഒരിക്കലെങ്കിലും കഴുത്തുവേദന അനുഭവപ്പെട്ടിട്ടുണ്ടാകാം. ഇന്നത്തെ ഡിജിറ്റൽ കാലഘട്ടത്തിൽ മിക്കവരെയും അലട്ടുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമായി കഴുത്തുവേദന മാറിയിരിക്കുന്നു. ജീവിതശൈലിയിൽ വന്ന മാറ്റങ്ങളും സൗകര്യങ്ങളും കഴുത്തുവേദനയുടെ സാധ്യത കൂട്ടിയെന്ന് പറയാം. മുൻപൊക്കെ മധ്യവയസ്സിന് ശേഷമുള്ളവരിലാണ് കഴുത്തുവേദന കൂടുതലായി കണ്ടിരുന്നതെങ്കിൽ ഇപ്പോൾ ചെറുപ്പക്കാരിലും കുട്ടികളിലും വരെ കഴുത്തുവേദനയുടെ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നുണ്ട്. ഇവിടെ ജീവിതശൈലിയിലെ മാറ്റങ്ങളാണ് പ്രധാന വില്ലനായിമാറുന്നത്.

തുടക്കത്തിൽ ചെറിയ അസ്വസ്ഥതയായി ആരംഭിക്കുന്ന കഴുത്തുവേദന ശരിയായ രീതിയിൽ പരിഗണിക്കാതെ വിട്ടാൽ ഭാവിയിൽ പ്രശ്നങ്ങളിലേക്ക് നയിക്കാം. ചിലരിൽ പെട്ടെന്ന് തീവ്രമായ കഴുത്തുവേദന അനുഭവപ്പെടാം. ചിലരിൽ ദീർഘകാല കഴുത്തുവേദനയായിരിക്കും ഉണ്ടാകുന്നത്. മറ്റൊന്ന് റാഡിക്കുലാർ പെയിനാണ്. നാഡികൾ ഞെരുങ്ങി കൈകളിലും മറ്റും തരിപ്പും മരവിപ്പും ബലക്ഷയവും അനുഭവപ്പെടുന്ന അവസ്ഥയാണ് റാഡിക്കുലാർ പെയിൻ. എല്ലായ്പ്പോഴും കഴുത്തുവേദന ഗൗരവമായ പ്രശ്നമായി മാറാറില്ല. എന്നാൽ അടിയന്തര ചികിത്സ വേണ്ടിവരുന്ന സാഹചര്യങ്ങൾ ഉണ്ടാകാം. അതുകൊണ്ട് കഴുത്തുവേദന അസ്വസ്ഥതയുണ്ടെങ്കിൽ ഡോക്ടറെ കണ്ട് പരിഹാരം തേടാൻ വൈകരുത്.

കഴുത്തുവേദന കാരണങ്ങൾ

കഴുത്തിൽ അനുഭവപ്പെടുന്ന വേദന എന്ന് കഴുത്തുവേദനയെ ലളിതമായി നിർവചിക്കാമെങ്കിലും പലപ്പോഴും കഴുത്തിൽ മാത്രമായി വേദന നിലനിൽക്കണമെന്നില്ല. അത് ചുമലിലേക്കും പുറംഭാഗത്തേക്കും കൈകളിലേക്കും വ്യാപിക്കാം. കൈകളുടെ ബലക്ഷയത്തിനും കാരണമാകാം. കഴുത്തുവേദനയുടെ കാരണങ്ങളും അതിന്റെ ഗൗരവവും അനുസരിച്ച് ഇത്തരം ലക്ഷണങ്ങളിലും മാറ്റങ്ങളുണ്ടാകാം.

കഴുത്ത് അഥവാ സെർവിക്കൽ റീജിയൻ നമ്മുടെ ശരീരത്തിലെ വഴക്കമുള്ളതും സങ്കീർണവുമായ ഒരു ഭാഗമാണ്. തലയെ താങ്ങിനിർത്തുന്ന ഏഴ് ചെറിയ അസ്ഥികളും അവയെ ബന്ധിപ്പിക്കുന്ന പേശികളും ലിഗമെന്റുകളും കശേരുക്കൾക്കിടയിലെ ഡിസ്കുകളും നാഡികളും ചേർന്ന ഈ ഭാഗത്തിലെ ചെറിയ പ്രശ്നം പോലും പലപ്പോഴും കഠിനമായ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാം.

തെറ്റായ ശരീരനില, സന്ധികളിലെ നീർക്കെട്ട്, പരിക്കുകൾ, പ്രായം കൂടുന്നത് തുടങ്ങി ഒട്ടേറെ കാരണങ്ങൾ കഴുത്തുവേദനയ്ക്ക് ഇടയാക്കാറുണ്ട്.

Read Also: അമിതവണ്ണമുണ്ടോ? ശസ്ത്രക്രിയയില്ലാതെ വണ്ണം കുറയ്ക്കാം; എന്താണ് ഗ്യാസ്ട്രിക് ബലൂൺ ചികിത്സ?

തെറ്റായ ശരീരനില

 സാധാരണ കഴുത്തുവേദനയുടെ പ്രധാന കാരണങ്ങളിലൊന്നാണ് തെറ്റായ ശരീരനില. ഇത് കഴുത്തിലെ പേശികൾക്കും ചലനവള്ളികൾക്കും അമിതമായ ആയാസമുണ്ടാക്കും. ദീർഘസമയം കമ്പ്യൂട്ടറിന് മുന്നിൽ ഒരേ രീതിയിൽ ഇരിക്കുക, മൊബൈൽഫോൺ ഉപയോഗിക്കുമ്പോൾ കഴുത്ത് താഴ്ത്തിപ്പിടിക്കുക, തെറ്റായ ഇരിപ്പുരീതികൾ, വളരെ ഉയരമുള്ളതോ തീരെ താഴ്ന്നതോ ആയ തലയണ ഉപയോഗിക്കുക എന്നിവ കഴുത്തിന് അമിത സമ്മർദം നൽകും. കഴുത്തിനും കൈകൾക്കും കൂടുതൽ ആയാസമുണ്ടാക്കുന്ന ജോലികൾ പതിവായി ചെയ്യുന്നതും ദീർഘകാല കഴുത്തുവേദനയ്ക്ക് കാരണമാകാം.

അപ്പർ ക്രോസ് സിന്‍ഡ്രോം എന്ന അവസ്ഥയും ശരീരനിലയുമായി ബന്ധപ്പെട്ടതാണ്. നട്ടെല്ല് മുന്നോട്ട് വളച്ച നിലയിൽ കൂടുതൽ സമയം പ്രവർത്തിക്കുമ്പോൾ പേശികളുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടാം. ഇത് കഴുത്തുവേദനയ്ക്ക് കാരണമാകാം.

പേശീവലിവ്

കഴുത്തിന്റെ പെട്ടെന്നുള്ള ചലനങ്ങൾ, ചെറിയ ക്ഷതങ്ങൾ എന്നിവ മസിൽ സ്പാസത്തിന് കാരണമാകാം. പേശികളിലും അവയെ പൊതിയുന്ന ഫാഷിയയിലും ഉണ്ടാകുന്ന നീർക്കെട്ട് മൂലം രൂപപ്പെടുന്ന ട്രിഗർ പോയിന്റുകളാണ് മയോഫേഷ്യൽ സ്പാസത്തിന് ഇടയാക്കുന്നത്. ട്രിഗർ പോയിന്റുകളിൽ അമർത്തുമ്പോൾ അതിനു ചുറ്റും വേദന അനുഭവപ്പെടുന്നു. അതിനോടൊപ്പം പ്രധാനമായും കൈകളിലേക്കും  വേദന പടരുന്നതായി കാണപ്പെടാറുണ്ട്. 

തേയ്മാനം

പ്രായം കൂടുന്തോറും കഴുത്തിലെ ഡിസ്കുകളും സന്ധികളും ക്ഷയിക്കാം. ഇതാണ് സെർവിക്കൽ സ്പോണ്ടിലോസിസ്. കശേരുക്കളുടെ ചലനം കൂടുതലായതിനാൽ തേയ്മാന സാധ്യതയും കൂടുതലാണ്. ഇതുമൂലം കഴുത്തിൽ വേദന തുടങ്ങുകയും പിന്നീട് നാഡികളിൽ സമ്മർദ്ദം ഉണ്ടാകുകയും തോളിലേക്കും കൈകളിലേക്കും തരിപ്പും വേദനയും വ്യാപിക്കുകയും ചെയ്യാം. 

ഓസ്റ്റിയോഫൈറ്റ്

കശേരുക്കൾ, ഡിസ്‌കുകൾ എന്നിവ തേയ്മാനം സംഭവിച്ച് തെന്നിനീങ്ങാം.അപ്ലോൾ, അവയോട്ചേർന്നുള്ള കശേരുക്കളുടെ വക്കുഭാഗം ഒരു ബ്രാക്കറ്റ് പോലെ അല്പം വളഞ്ഞ് രൂപപ്പെടുന്ന ഭാഗത്തെയാണ്  ഓസ്റ്റിയോഫൈറ്റ് എന്ന്പറയുന്നത്. കശേരുക്കളെയും ഡിസ്കുകളെയും യഥാസ്ഥാനത്ത് നിർത്താൻ വേണ്ടി ശരീരം സ്വയം വരുത്തുന്ന ക്രമീകരണമാണ് ഇതെങ്കിലും ഇത് കശേരുക്കളുടെ ആകൃതിയിൽ മാറ്റംവരുത്തുകയും പൈനൽ സ്റ്റെനോ സിസ്പോലുള്ള പലവിധം രോഗങ്ങൾക്കും ഇടയാക്കാം. കഴുത്തിലെ മൂന്നുമുതൽ ഏഴുവരെയുള്ള കശേരുക്കൾക്കിടയിലെ സന്ധിയാണ് അൺകോ വെർടിബ്രൽ സന്ധി. ഈ സന്ധികളിൽ ഓസ്റ്റിയോഫൈറ്റ് ഉണ്ടാകുന്നതാണ് കഴുത്തുവേദനയ്ക്ക് ഇടയാക്കുന്നത്.

സെർവിക്കൽ സ്റ്റെനോസിസ്

കഴുത്തുഭാഗത്തെ സുഷുമ്ന കടന്നുപോകുന്ന നാളി ചുരുങ്ങി സമ്മർദമുണ്ടാകുന്ന അവസ്ഥയാണ് സെർവിക്കൽ സ്റ്റെനോസിസ്. പ്രായമാകുമ്പോള്‍ ഉണ്ടാകുന്ന തേയ്മാനം  കാരണമോ

 ജന്മനാ ഉള്ള തകരാറുകൾ  കാരണമോ ഈ അവസ്ഥ വരാം. കഴുത്തിലും കൈകളിലും വേദന, മരവിപ്പ്, ബലക്കുറവ്, ഏകോപനം നഷ്ടമാകൽ തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാം.

ഡിസ്ക് തള്ളൽ

കഴുത്തിലെ കശേരുക്കൾക്കിടയിലുള്ള ഡിസ്കുകൾക്കുണ്ടാകുന്ന സ്ഥാനചലനമാണ് ഈ അവസ്ഥ.  ഇതുമൂലം കഴുത്ത്, തോൾ, കൈകൾ എന്നീ ഭാഗങ്ങളിൽ വേദന, മരവിപ്പ് ,  ബലക്ഷയം തുടങ്ങിയ ലക്ഷണങ്ങ ഉണ്ടാകാം. അമിതോപയോഗം അല്ലെങ്കിൽ തേയ്മാനം മൂലം ഡിസ്കിന്റെ പുറംപാളിയായ ആനുലസ് ഫൈബ്രോസിസ് നേർത്ത്  പൊട്ടുകയും അതിലൂടെ  ഉൾപ്പാളിയായ പൾപോസസ് പുറത്തേക്കു തള്ളിവരികയും ചെയ്യാം. അത് സമീപത്തെ നാഡികളെ ഞെരുക്കുമ്പോഴാണ് വേദന അനുഭവപ്പെടുന്നത്.കഴുത്തുവേദനയോടൊപ്പം തോൾ, കൈകൾ എന്നിവയിലേക്ക് വേദനയും ബലക്ഷയവും തരിപ്പും അനുഭവപ്പെടാം. 

Read Also: പ്രമേഹരോഗികളും കണ്ണിന്റെ ആരോഗ്യവും: ഡയബറ്റിക് റെറ്റിനോപതിയെക്കുറിച്ച് അറിയാം

പരിക്കുകളും അപകടങ്ങളും

വാഹനാപകടങ്ങളിലോ കായിക  മത്സരങ്ങൾക്കിടയിൽ സംഭവിക്കുന്ന അപകടങ്ങളിലോ കഴുത്ത് പെട്ടന്ന് മുന്നോട്ടും പിന്നോട്ടും ചലിപ്പിക്കുന്നതുമൂലം   വിപ്ലാഷ് (Whiplash) പരിക്ക് സംഭവിക്കാം. പെട്ടെന്നുണ്ടാകുന്ന ചലനം മൂലം  ചാട്ടവാറടിപോലുള്ള ആഘാതം കഴുത്തിലെ പേശികൾക്കും മറ്റും ഏൽക്കുന്നുവെന്നാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. കഴുത്തിലെ കശേരുക്കൾ, ഡിസ്കുകൾ, പേശികൾ, ലിഗമെന്റുകൾ എന്നിവയ്ക്കൊ

ക്കെ അപകടങ്ങളിൽ ക്ഷതം സംഭവിക്കാം. ഇത് കഴുത്തു വേദനയ്ക്ക് കാരണമാകാം.

മാനസികസമ്മർദം

 സമ്മർദം, ആശങ്ക, ഉറക്കക്കുറവ് എന്നിവയും കഴുത്ത്-തോൾ പേശികളെ സ്ഥിരമായി മുറുക്കിപ്പിടിക്കുന്ന അവസ്ഥ സൃഷ്ടിക്കാം. ഇത് തുടരുന്നത് കഴുത്തുവേദനയ്ക്ക്  കാരണമാകാറുണ്ട്.  ദീർഘകാല കഴുത്തുവേദനയുടെ, പലപ്പോഴും ശ്രദ്ധിക്കപ്പെടാ ത്ത ഒരു പ്രധാന കാരണമാണ് മാനസിക സമ്മർദം. 

അണുബാധ മുതൽ   വാതരോഗങ്ങൾ വരെ

അണുബാധ, മുഴകൾ, വാതരോഗങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടും കഴുത്തുവേദനയുണ്ടാകാം. അത്ര ഗൗരവമല്ലാത്ത അണുബാധമുതൽ ഗൗരവമുള്ള മെനിഞ്ചൈറ്റിസ് പോലുള്ള അവസ്ഥകളിൽ വരെ  കഴുത്തുവേദന ലക്ഷണമായി വരാറുണ്ട്.

തലച്ചോറിന്റെയും സുഷുമ്നയുടെയും സ്മരത്തെ ബാധിക്കുന്ന മെനിഞ്ചൈറ്റിസ് ബാധിച്ചാൽ കഴുത്തു വേദനയ്ക്കൊപ്പം കഠിനമായതലവേദന, പനി എന്നിവയുംഉണ്ടാകും. വൈറസ്, ബാക്ടീരിയ, ഫംഗസ് എന്നിവയെല്ലാം കഴുത്തുവേദനയ്ക്കുകൂടി ഇടയാക്കുന്ന അണുബാധയ്ക്ക് കാരണമാകാം. നട്ടെല്ലിലും സുഷുളയിലുമുണ്ടാകുന്ന മുഴകൾ കഴുത്തു വേദനയ്ക്ക് കാരണമാകാം.

സങ്കീർണതകൾ

ആദ്യഘട്ടത്തിൽ കഴുത്തിൽ മാത്രമായിരിക്കും വേദന  അനുഭവപ്പെടുക.  രണ്ടാമത്തെ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ സുഷുമ്നയിൽ

നിന്ന് ശരീരത്തിൻ്റെ മറ്റുഭാഗങ്ങളിലേക്ക് പോകുന്ന നാഡികൾ ഞെരുങ്ങുകയും ആ നാഡി പോകുന്ന  ഇടങ്ങളിൽ വേദനയും മരവിപ്പും ബലക്കുറവും അനുഭവപ്പെടു കയും ചെയ്യും. സെർവിക്കൽ റാഡിക്കുലോപ്പതി എന്ന അവസ്ഥയാണിത്. മൂന്നാം ഘട്ടത്തിലേക്ക് എത്തിയാൽ സുഷുമ്നയിൽതന്നെ സമ്മർദം കൂടുകയും അത് ഗുരുതരമായ  സെർവിക്കൽ മൈലോപ്പതി എന്ന അവസ്ഥ ഉണ്ടാക്കുകയും ചെയ്യും.

പരിശോധനകൾ

കഴുത്തുവേദനയ്ക്ക് ചികിത്സ ആരംഭിക്കുന്നതിനു മുൻപ്വേദനയുടെ കാരണം കൃത്യമായി തിരിച്ചറിയുക എന്നത് പ്രധാനമാണ്. രോഗചരിത്രവും ശാരീരിക പരിശോധനയും രോഗം നിർണയിക്കുന്നതിൽ പ്രധാനമാണ്. രോഗലക്ഷണങ്ങൾ, പരിക്കുകൾ, വേദനയുണ്ടാക്കുന്ന ശരീരനിലകൾ, പതിവായി ചെയ്യുന്ന ജോലിയുടെ സ്വഭാവം തുടങ്ങിയ കാര്യ ങ്ങളുടെ വിശകലനത്തിലൂടെതന്നെ ഒട്ടുമിക്ക കാരണങ്ങളും മനസ്തിലാക്കാം. കൂടാതെ ആവശ്യമെങ്കിൽ എക്സ് റേ, സി.ടി. സ്കാനിങ്, എം.ആർ.ഐ. സ്കാനിങ്, രക്തപരിശോധന തുടങ്ങിയവയും രോഗനിർണയത്തിന് ആവശ്യമായിവരാം. എന്നാൽ എല്ലാ രോഗികൾക്കും എല്ലാ പരിശോധനകളും ആവശ്യമില്ല. രോഗലക്ഷണങ്ങളും ഡോക്ടറുടെ വിദഗ്ധമായ ശാരീരിക പരിശോധനയിൽ കണ്ടെത്തുന്ന സൂചനകളും അനുസരിച്ചാണ് രോഗനിർണയത്തിന്ആവശ്യമായ ടെസ്റ്റുകൾ നടത്തുന്നത്.

എക്സ്റേ

കഴുത്തിലെ കശേരുക്കളുടെ സ്ഥാനം (Alignment), പൊട്ടൽ (Fracture), തേയ്മാനം (Degeneration) തുടങ്ങിയവ മനസ്സിലാക്കാൻ എക്‌സ് റേ പരിശോധന ആവശ്യമാണ്.

എം.ആർ.ഐ.

ഡിസ്ക് തള്ളൽ നാഡികൾക്കുള്ള അമർച്ച സുഷുമ്നാ നാഡിയിലെ പ്രശ്നങ്ങൾ, ലിഗമെന്റുകൾക്കുള്ള തകരാറുകൾ, ട്യൂമർഎന്നിവ കണ്ടുപിടിക്കാൻ എം.ആർ.ഐ. സ്കാനിങ് ആവശ്വമായിവരും.

സി.ടി. സ്കാൻ

എല്ലുകളുടെ വിശദമായ വിലയിരുത്തലുകൾക്ക് സി.ടി. സ്കാൻ ഉപയോഗിക്കാം.

രക്തപരിശോധന

അണുബാധ, വാതരോഗം എന്നിവ വിലയിരുത്തുന്നതിന് രക്തപരിശോധന ആവശ്യമായിവരും.

ചികിത്സാരീതികൾ

കഴുത്തുവേദനയുടെ സ്വഭാവവും തീവ്രതയും അനുസരിച്ചാണ് ചികിത്സാരീതികൾ നിശ്ചയിക്കുന്നത്. ലഘുവായി വേദനകൾ ആശുപത്രിയിൽ

അഡ്മിറ്റ് ചെയ്യാതെ ചികിത്സിക്കാമെങ്കിലും വിട്ടുമാറാത്ത വേദനകൾക്കും തീവ്രമായ വേദനകൾക്കും വിദഗ്ധചികിത്സ ആവശ്യമാണ്.

കൺസർവേറ്റീവ് ചികിത്സ

വേദനയും നീർക്കെട്ടും കുറയ്ക്കാൻ ഡോക്ടറുടെ നിർദേശപ്രകാരം വേദനസംഹാരികൾ ഉപയോഗിക്കാം.പേശീവലിവിന് മസിൽ റിലാക്സന്റുകളും, നാഡീവേദനകൾക്ക്   ന്യൂറോപതിക് വേദനസംഹാരികളും ഡോക്ടർ നിർദേശിക്കാറുണ്ട്. കഴുത്തുവേദന കുറയ്ക്കുന്നതിനും പേശികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും ഫിസിയോതെറാപ്പിയിൽ ഉപയോഗിക്കുന്ന രീതികളായ ഇലക്ട്രിക്കൽ സ്റ്റിമുലേഷൻ, അൾട്രാസൗണ്ട്, തെർമോ തെറാപ്പി, ട്രാക്ഷൻ, വിവിധ തരം വ്യായാമങ്ങൾ എന്നിവ നൽകാവുന്നതാണ്.

മരുന്നുകളും ഫിസിയോ തെറാപ്പിയും കൊണ്ട് ഫലം ലഭിക്കാത്ത സാഹചര്യത്തിൽ ഇൻവേസീവ്ചികിത്സാരീതികളായ ട്രിഗർ പോയിന്റ് ഇൻജെക്ഷൻ, നാഡി ബ്ലോക്ക്,

ഫേസറ്റ് ജോയിന്റ് ഇൻജെക്ഷൻ, റേഡിയോ ഫ്രീക്വൻസി അബ്ലേഷൻ, എപ്പിഡ്യൂറൽ സ്റ്റിറോയ്ഡ് ഇൻജെക്ഷൻ എന്നിവ രോഗകാരണത്തിനനുസരിച്ച് ഡോക്ടർമാർ നിർദേശിക്കാറുണ്ട്.

സർജറി

നാഡി അമർച്ച കഠിനമായ തോതിൽ ഉണ്ടായതിനെത്തുടർന്ന് കൈകൾക്കോ കാലുകൾക്കോ ഉണ്ടാകുന്ന ബലക്ഷയം, മലമൂത്ര വിസർജനം നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥ, തീവ്രമായ വേദന, കഴുത്തിലെ കശേരുവിന്  പൊട്ടലുണ്ടാകുക,കാൻസർ, സുഷുമ്നനാനാളി ചുരുങ്ങിപ്പോകുന്ന അവസ്ഥ എന്നീ സാഹചര്യങ്ങളിൽ കഴുത്തിലെ കശേരുക്കളിൽ ശസ്ത്രക്രിയ ആവശ്യമായിവരാം.

ആന്റീരിയർ സെർവിക്കൽ ഡിസ്കെക്റ്റമി,  ആന്റീരിയർ സെർവിക്കൽ കോർപെക്റ്റമി, പോസ്റ്റീരിയർ സെർവിക്കൽ ലാമിനെക്റ്റമി.

ആർട്ടിഫിഷ്യൽ ഡിസ്‌ക് റീപ്ലേസ്മെന്റ്, സ്പൈനൽ ഫ്യൂഷൻ എന്നിവ ഇതിൽ ചിലതാണ്. വേദനയുടെ കാരണങ്ങളെ അടിസ്ഥാനമാക്കിയാണ് ഏതുവിധത്തിലുള്ള സർജറിയാണ് വേണ്ടത് എന്ന് തീരുമാനിക്കുന്നത്.

 റീഹാബിലിറ്റേഷൻ

കഴുത്തുവേദന ഭേദമായാൽ വേദന വീണ്ടും വരുന്നത് തടയാൻ റിഹാബിലിറ്റേഷൻ പ്രധാനമാണ്. തീവ്രമായവേദന കുറഞ്ഞാൽ റിഹാബിലിറ്റേഷൻ ആരംഭിക്കാം.കഴുത്തിന്റെ ചലനപരിധി തിരിച്ചെടുക്കാൻ സ്ട്രെച്ചിങ് വ്യായാമങ്ങളും കഴുത്തിലെ പേശികൾ ശക്തിപ്പെടുത്താൻ സ്ട്രെങ്തനിങ് വ്യായാമങ്ങളും തെറ്റായ ശരീരനില തിരുത്താൻ (Posture correction and ergonomics) ജീവിതശൈലി പരിഷ്കരണങ്ങളും വളരെ പ്രധാനമാണ്.ഇരിക്കുമ്പോൾ, നിൽക്കുമ്പോൾ, നടക്കുമ്പോൾ, കിടക്കുമ്പോൾ ശരീരം എങ്ങനെ നിലനിർത്തുന്നു എന്നതാണ് ശരീരനില അഥവാ പോസ്‌ചർ.ശരിയായ ശരീരനില പാലിക്കുമ്പോൾ കഴുത്തിലെ പേശികൾക്കും അസ്ഥികൾക്കും അനാവശ്യമായ സമ്മർദം ഉണ്ടാകില്ല.

ഈ ശരീരനില കഴുത്തിനെ വേദനിപ്പിക്കും

  • തല മുന്നോട്ട് കുനിഞ്ഞ് ഇരിക്കൽ. 
  • മൊബൈൽ ഉപയോഗിക്കുമ്പോൾ കഴുത്ത് താഴ്ക്കൽ.
  • ലാപ്ടോപ് ഉപയോഗിക്കുമ്പോൾ മേശയിൽ താഴ്ന്നനിലയിൽ വയ്ക്കൽ.
  • തോൾ/ ചുമൽ മുന്നോട്ട് വളഞ്ഞനിലയിൽ ഇരിക്കൽ.

ശരീരസൗഹൃദ ജീവിതം

ജോലിസ്ഥലവും ഉപകരണങ്ങളും ശരീരനിലയ്ക്ക് അനുയോജ്യമായ രീതിയിൽ ക്രമീകരിക്കുന്ന ശാസ്ത്രമാണ് എർഗോണോമിക്സ്.

ശരിയായ എർഗോണോമിക് ക്രമീകരണവും ജോലിക്കിടയിൽ ഓരോ മണിക്കൂർ കൂടുമ്പോഴും അഞ്ചുമിനിറ്റ് ലളിതമായ സ്ട്രെച്ചിങ് വ്യായാമങ്ങൾ ചെയ്യുന്നതും കഴുത്തുവേദനയെ പ്രതിരോധിക്കാൻ സഹായിക്കും. കഴുത്തുവേദനയെ പ്രതിരോധിക്കാനുള്ള അറിവ് നേടുകയാണ് പ്രധാനം. ശരിയായ ശരീരനില നിലനിർത്തുന്നതിലും ലഘുവായ വ്യായാമങ്ങൾ ദിനചര്യയുടെ ഭാഗമാക്കുന്നതിലും ശ്രദ്ധിക്കുക. വിട്ടുമാറാത്ത വേദനയോ മറ്റ് അസ്വാസ്ഥതകളോ ഉണ്ടെങ്കിൽ

സ്വയംചികിത്സ ഒഴിവാക്കി വിദഗ്ധ സഹായം തേടാൻ മടിക്കരുത്. ആരോഗ്യകരമായ ശീലങ്ങളിലൂടെ വേദനയില്ലാത്ത ജീവിതം ഉറപ്പാക്കാം.

Share this article:
Dr Muhlisa V

Dr Muhlisa V

Physical Medicine And Rehabilitation