mobile header
Laser Hair Reduction: Procedure, Safety

ലേസര്‍ ഹെയര്‍ റിഡക്ഷന്‍: അമിതരോമ വളര്‍ച്ചയ്ക്ക് പരിഹാരം, സുരക്ഷിതം

2026-01-17

ഇന്നത്തെ കാലഘട്ടത്തില്‍ അമിത രോമവളര്‍ച്ചയും ചര്‍മ്മസംരക്ഷണവുമായി ബന്ധപ്പെട്ട ആശങ്കകളും നിരവധി ആളുകളെ ബാധിക്കുന്ന വിഷയങ്ങളാണ്. ഇതിന് പരിഹാരമായി ഉപയോഗിക്കുന്ന ആധുനിക ചികിത്സാരീതികളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നതാണ് ലേസര്‍ ഹെയര്‍ റിഡക്ഷന്‍. ശരീരത്തിലെ അമിത രോമവളര്‍ച്ചയെ നിയന്ത്രിക്കുവാന്‍ സഹായിക്കുന്ന ഈ രീതിയെക്കുറിച്ച് പക്ഷേ, ആളുകള്‍ക്ക് കൃത്യമായ അറിവില്ല. ലേസര്‍ ഹെയര്‍ റിഡക്ഷന്‍ എന്താണ്, ഇത് എങ്ങനെ പ്രവര്‍ത്തിക്കുന്നു, എത്ര സെഷനുകള്‍ ആവശ്യമയി വരും, ആര്‍ക്കൊക്കെ  ഇത് ഫലപ്രദമാണ്, സുരക്ഷയും ചികിത്സയ്ക്ക് ശേഷം പാലിക്കേണ്ട നിര്‍ദ്ദേശങ്ങളും എന്തെല്ലാമാണ് എന്നതിനെക്കുറിച്ച് വിശദമായി സംസാരിക്കുകയാണ് തൊടുപുഴ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ ഡെര്‍മറ്റോളജി ആന്‍ഡ് കോസ്മറ്റോളജി കണ്‍സള്‍ട്ടന്റ് ഡോ സബിന്‍ ജോസഫ്

എന്താണ് ഈ ലേസര്‍ ട്രീറ്റ്‌മെന്റ്? 

ലേസര്‍ എന്ന് ഉദ്ദേശിക്കുന്നത് ലൈറ്റ് ആംപ്ലിഫിക്കേഷന്‍ ബൈ സ്റ്റിമുലേറ്റഡ് എമിഷന്‍ ഓഫ് റേഡിയേഷന്‍. അതായത് ഇതൊരു ലൈറ്റ് ബേസ്ഡ് ഡിവൈസ് ഉപയോഗിച്ചുള്ള തെറാപ്പി ആണ്. നമ്മള്‍ ഒരു പ്രത്യേക വേവ് ലെങ്ത്തിലുള്ള രശ്മികളെ നമ്മുടെ സ്‌കിന്നിലൂടെ ആംപ്ലിഫൈ ചെയ്ത് നമ്മള്‍  ഏതിനെയാണോ ടാര്‍ഗറ്റ് ചെയ്യുന്നത്, ഉദാഹരണത്തിന് ഇപ്പോള്‍ ഹെയര്‍ റിഡക്ഷന്‍ ലേസര്‍ ആണെങ്കില്‍ ഹെയറിനെ മാത്രം ടാര്‍ഗറ്റ് ചെയ്യുന്നു. നമ്മള്‍ ഈ ഡിവൈസ് ഉപയോഗിക്കുമ്പോള്‍ എല്ലാവരും ചോദിക്കാറുണ്ട് ഹെയറിനെ മാത്രം ഇത് എങ്ങനെ ടാര്‍ഗറ്റ് ചെയ്യുന്നതെന്ന്. ഹെയര്‍ ഫോളിക്കിള്‍സിന് കളര്‍ കൊടുക്കുന്ന പിഗ്മെന്റ് ആണ് മെലാനിന്‍.   ഈ മെലാനിനെയാണ് ബേസിക്കലി ഈ ലൈറ്റ് ടാര്‍ഗറ്റ് ചെയ്യുക. മെലാനിന്‍ ഈ ലൈറ്റ് അബ്‌സോര്‍ബ് ചെയ്ത് ആ മെലാനിന്‍ അടങ്ങിയ ഹെയര്‍ ഫോളിക്കിള്‍സ് നശിക്കപ്പെടുന്നു. എന്നാല്‍ നമ്മുടെ ചര്‍മ്മത്തിന്റെ മേല്‍ പൊള്ളലുകളോ മറ്റുപ്രശ്‌നങ്ങളോ വരാതെ സ്‌കിന്നിന്റെ ഉള്ളിലുള്ള ഹെയറിനെ മാത്രമാണ് ഇത് ബാധിക്കുന്നത്. 

 റേഡിയേഷന്‍ ബേസ്ഡ് ആയിട്ടുള്ള തെറാപ്പി ആണോ ഇത് ചെയ്യുന്നത്? 

ഇത് ആ ലേസറിന്റെ അബ്രിവേഷനകത്ത് ലാസ്റ്റ് ഒരു റേഡിയേഷന്‍ എന്നൊരു വാക്ക് വരുന്നതുകൊണ്ടുള്ള തെറ്റിദ്ധാരണയാണ്. ഒരിക്കലും ഇതൊരു റേഡിയേഷന്‍ ബേസ്ഡ് ട്രീറ്റ്‌മെന്റ് അല്ല. ഇത് വളരെ സുരക്ഷിതമായിട്ടുള്ള ലൈറ്റ് ബേസ്ഡ് ആയിട്ടുള്ള ട്രീറ്റ്‌മെന്റ് ആണ്. 

Read Also: അക്യൂട്ട് കിഡ്നി ഇഞ്ചുറി (AKI): കാരണങ്ങള്‍, ലക്ഷണങ്ങള്‍, ചികിത്സ

ലേസര്‍ ചകിത്സ ഏതെങ്കിലും രീതിയില്‍ ചര്‍മ്മത്തെ  കേടുവരുത്തുന്ന ഒരു പ്രൊസീജര്‍ ആണോ? 

എല്ലാവര്‍ക്കുമുള്ള സംശയമാണിത്. റേഡിയേഷന്‍ അല്ലെങ്കില്‍ പോലും ലേസര്‍  ഉപയോഗിച്ചാല്‍ ഭാവിയിലേക്ക് എന്തെങ്കിലും ദോഷം വരുമോ, സ്‌കിന്നില്‍ ക്യാന്‍സര്‍ വരുമോ,  അല്ലെങ്കില്‍ ഫെര്‍ട്ടിലിറ്റിയെ അഫക്ട് ചെയ്യുമോ എന്നൊക്കെ ആള്‍ക്കാര്‍ ചോദിക്കാറുണ്ട്. ഒരിക്കലുമില്ല,  ഇത് വളരെ സേഫ് ആണ്. 

ഈ സേഫ് ട്രീറ്റ്‌മെന്റ് എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ എല്ലാ ഭാഗത്തും ഒരേ രീതിയില്‍ യൂസ് ചെയ്യാന്‍ പറ്റുന്ന ഒരു പ്രൊസീജര്‍ ആണോ? 

ലേസര്‍ ഹെയര്‍ റിഡക്ഷന്‍ എന്ന് പറയുമ്പോള്‍ നമ്മള്‍ ഉപയോഗിക്കുന്ന് വേവ് ലെങ്ത്തിലുള്ള ലൈറ്റ്‌സ് നമ്മുടെ ബോഡിയിലുള്ള ഏത് ഭാഗത്തുള്ള രോമത്തെയും നീക്കം ചെയ്യാവുന്നതാണ്. അതിന്റെ ഫ്രീക്വന്‍സി അല്ലെങ്കില്‍ അതിന്റെ ഫ്‌ലുവന്‍സ് തുടങ്ങിയവയെ ആശ്രയിച്ചാവും എത്രമാത്രം നമുക്ക് ലൈറ്റ് വേണമെന്നുള്ളത് തീരുമാനിക്കുക. 

Read Also: സെര്‍വിക്കല്‍ ക്യാന്‍സര്‍; പ്രതിരോധ സാധ്യതകളും അറിയേണ്ട കാര്യങ്ങളും

ഇതിന് എത്ര ഡ്യൂറേഷന്‍ വേണം,  അല്ലെങ്കില്‍ എത്ര സെഷനാണ് വേണ്ടിവരിക?

ആദ്യമായിട്ട് ഒരു പേഷ്യന്റ് വരുമ്പോള്‍ നമ്മള്‍ ആ പേഷ്യന്റിന്റെ ഹെയര്‍ ഒന്ന് അസ്സസ് ചെയ്യാറുണ്ട്. അതായത് ആ ഹെയറിന്റെ തിക്ക്‌നെസ്സ്, കളര്‍, ഡെന്‍സിറ്റി ഇതെല്ലാം വെച്ചിട്ടാണ് നമ്മളിത് തീരുമാനിക്കുക. ഒരിക്കലും ഇതൊരു വണ്‍ ടൈം പ്രൊസീജര്‍ അല്ല. എല്ലാവരും ചോദിക്കാറുണ്ട് ഒരു തവണ ചെയ്താല്‍ കംപ്ലീറ്റ് ആയിട്ട് മാറുമോ? ഒരിക്കലുമില്ല. ഓരോ സെഷനിലും നമുക്കൊരു 25% റിഡക്ഷന്‍ മാത്രമേ കിട്ടുകയുള്ളൂ. ഏകദേശം ശരാശരി ഒരു എട്ട് മുതല്‍ 10 സെഷന്‍സ് വരെ വേണ്ടിവരാം. ഒരു നാല് സെഷന്‍ കഴിയുമ്പോള്‍ തന്നെ നമുക്ക് ഭയങ്കര വിസിബിള്‍ ആയിട്ടുള്ള മാറ്റങ്ങള്‍ കണ്ടുതുടങ്ങും. അതിന്റെ സെഷന്‍സ് പിന്നീട് തീരുമാനിക്കുന്നത് പോലും ഇതിന്റെ റിസള്‍ട്ട്‌ കണ്ടുകൊണ്ടാണ്. 

ഒരു സെഷന്‍ നമ്മളിന്ന് ചെയ്ത് കഴിഞ്ഞാല്‍ ഏകദേശം ഒരു മാസത്തിന് ശേഷമായിരിക്കും അടുത്ത സെഷന്‍ നമ്മള്‍ ചെയ്യുക. 

ഒപിയില്‍ ഒരു പേഷ്യന്റ് ലേസര്‍ ഹെയര്‍ റിമൂവലിന് വേണ്ടിയിട്ട് വരികയാണ് എന്ന് പറഞ്ഞാല്‍ അപ്പോള്‍തന്നെ ചെയ്യാന്‍ സാധിക്കുമോ? ഇതിനു മുന്‍പായി ടെസ്റ്റുകളോ മറ്റോ ആവശ്യമുണ്ടോ ?

ആദ്യമായിട്ട് ഒരു പേഷ്യന്റ് വരുമ്പോള്‍ നമ്മളൊന്ന് അസ്സസ് ചെയ്യാറുണ്ട്. അതായത് എക്‌സസീവ് ഹെയര്‍ ഗ്രോത്ത് അല്ലെങ്കില്‍ ഹൈപ്പര്‍ ട്രൈക്കോസിസ് അല്ലെങ്കില്‍ ഹിര്‍സ്യൂട്ടിസം  കാരണങ്ങള്‍ കൊണ്ടും അമിതമായിട്ട് രോമം വളരാം. വീട്ടിലെല്ലാവര്‍ക്കും ഇത്തിരി രോമമൊക്കെ ഉള്ളവരാണെങ്കില്‍ നമുക്കും കുറച്ച് ഹെയറൊക്കെ വരാനുള്ള ചാന്‍സ് കൂടുതലാണ്. പക്ഷേ അതിന് മുന്നേ നമുക്ക് അണ്ടര്‍ലൈയിംഗ് എന്തെങ്കിലും ഹോര്‍മോണ്‍ ഇംബാലന്‍സ് അല്ലെങ്കില്‍ വേറെ എന്തെങ്കിലും കാരണങ്ങള്‍ ഉണ്ടോ എന്നുള്ളത് നിര്‍ബന്ധമായിട്ടും അസ്സസ് ചെയ്യണം. അതിന്റെ കൂടെ ലേസറും കൂടെ കൊടുക്കുമ്പോളായിരിക്കും നല്ല ഇഫക്ടീവ് ആയിട്ടുള്ള ട്രീറ്റ്‌മെന്റ് കിട്ടുക.

പിസിഒഡി ഉള്ളവരാണെങ്കില്‍   ഗൈനക്കോളജിസ്റ്റിന്റെ ഒരു റെഫറന്‍സ് എടുത്തതിന് ശേഷം വരുന്നതാണ് ലേസര്‍ ഇഫക്ടീവ് ആവാനുള്ള സാധ്യത കൂടുതല്‍ നല്കുന്നത്. 

ഹെയര്‍ വൈറ്റ് അല്ലെങ്കില്‍  ഗ്രേനിറം ഉള്ളവരാണെങ്കില്‍  ഈ ലേസര്‍ ഹെയര്‍ റിമൂവല്‍ പോസിബിള്‍ ആണോ?

ആദ്യം പറഞ്ഞപോലെ നമ്മുടെ ഹെയറില്‍ അടങ്ങിയിരിക്കുന്ന പിഗ്മെന്റ് മെലാനിന്‍ ഉണ്ടെങ്കില്‍ മാത്രമേ ആ ലൈറ്റ് അബ്‌സോര്‍ബ് ആവുകയുള്ളൂ. ഗ്രേ ഹെയറിലോ അല്ലെങ്കില്‍ വൈറ്റ് ഹെയറിലോ എന്താ സംഭവിക്കുക? മെലാനിന്റെ അഭാവം ഉണ്ടാവും. അങ്ങനെയെങ്കില്‍

 ഗ്രേ ഹെയര്‍ അല്ലെങ്കില്‍ വൈറ്റ് ഹെയര്‍ ഒരിക്കലും ലേസര്‍ ട്രീറ്റ്‌മെന്റിലൂടെ നമുക്ക് റിമൂവ് ചെയ്യാന്‍ പറ്റില്ല. അതിന് ഇലക്ട്രോളിസിസ് പോലെയുള്ള കാര്യങ്ങള്‍ വേണ്ടിവരും. 

നമുക്ക് ചെവിയിലുള്ള  ഹെയര്‍ ഗ്രോത്ത് നമുക്ക് ലേസര്‍ ഹെയര്‍ റിമൂവല്‍ വഴി ചെയ്യാമോ ? 

അതായത് സ്ത്രീകളിലാണെങ്കിലും പുരുഷന്മാരിലാണെങ്കിലും നമുക്ക് ചെയ്യാവുന്നതാണ്. ഇപ്പൊള്‍  സ്ത്രീകള്‍ വരുമ്പോള്‍ കൂടുതലായിട്ട് ചോദിക്കുന്നത് ഫേഷ്യല്‍ ഹെയര്‍ അതിന്റെ പോലെ തന്നെ നമ്മുടെ അണ്ടര്‍ ആംസ്, കാല്, കൈകള്‍  ഭാഗങ്ങളിലെ ഹെയര്‍ റിമൂവല്‍ ആണ്. മെയില്‍സില്‍ വരുമ്പോള്‍ ഷര്‍ട്ട് അല്ലെങ്കില്‍ ടീഷര്‍ട്ട് ഒക്കെ ഇടുമ്പോള്‍ അവരുടെ ചെസ്റ്റിന്റെ എബൗ നെക്ക് ലൈനില്‍ വരുന്ന എക്‌സസീവ് ഹെയര്‍ അല്ലെങ്കില്‍ ബിയേര്‍ഡ് ലൈന്‍ ട്രിം ചെയ്യാന്‍ വേണ്ടി,  ചെവിയില് വരുന്ന ഹെയര്‍,  ബാക്ക് ഹെയര്‍ ഒക്കെ റിമൂവ് ചെയ്യാന്‍  ചോദിക്കാറുണ്ട്. അതൊക്കെ നമുക്ക് ചെയ്യാവുന്നതുമാണ്. 

 ലേസര്‍ ലൈറ്റ് അടിക്കുമ്പോള്‍ നമ്മുടെ സ്‌കിന്നിന് വേദന ഉണ്ടാകുന്ന ഒരു പ്രൊസീജര്‍ ആണോ ഇത്? 

നേരത്തെയൊക്കെയുള്ള ലേസേഴ്‌സ് എന്ന് പറയുമ്പോള്‍ ഇത്തിരി പെയിന്‍ ഒക്കെ ഉണ്ടായിരുന്നു. ഇപ്പോഴത്തെ ലേസര്‍ മെഷീന്‍സില് അതിനുള്ളില്‍ തന്നെ ഒരു കൂളിംഗ് ഉണ്ട്. അപ്പൊള്‍ നമുക്കിത് ഒട്ടുമേ വേദന തോന്നില്ല. ഇനി അത് ടോളറേറ്റ് ചെയ്യാന്‍ പറ്റാത്ത ആള്‍ക്കാരില്‍ നമ്മള് നമ്പ് ചെയ്യാന്‍ വേണ്ടി നമ്പിംഗ് ക്രീംസ് ഉപയോഗിക്കാറുണ്ട്. പ്രത്യേകിച്ച് ഫേഷ്യല്‍ ഏരിയയില്. അത് ഉപയോഗിച്ച് കഴിഞ്ഞാല്‍ നമ്മളൊരു 45 മിനിറ്റ്‌സ് വെയിറ്റ് ചെയ്യിക്കും. അതിന് ശേഷം ചെയ്ത് കഴിഞ്ഞാല്‍ ഇത് ഒട്ടും പെയിന്‍ഫുള്‍ അല്ല. ബോഡി പാര്‍ട്‌സില്‍ ചെയ്യുമ്പോള്‍ നമ്മളിങ്ങനെ ക്രീംസ് ഒന്നും ഉപയോഗിക്കാറില്ല. അതിന്റെ ആവശ്യം വരാറുമില്ല. 

ലേസര്‍ ചികിത്സയില്‍ ഇഞ്ചക്ഷന്‍സ് ഉപയോഗിക്കാറുണ്ടോ ?

 ലേസറിന് ഒരിക്കലും ഇന്‍ജക്ഷന്‍സ് കൊടുത്ത് മരവിപ്പിച്ചിട്ട് ചെയ്യേണ്ട ഒരു പ്രൊസീജറേ അല്ല. ഇത്‌ ഭയങ്കര സ്‌കിന്‍ ഫ്രണ്ട്‌ലി പ്രൊസീജര്‍ ആണ്. 

ലേസര്‍ ചെയ്യണം എന്ന് പറഞ്ഞിട്ട് ഒപിയിലോട്ട് വരുമ്പോള്‍ എന്തെങ്കിലും തയ്യാറെടുപ്പുകള്‍ നടത്തേണ്ടതുണ്ടോ? 

ഒരുപാട് ആള്‍ക്കാര് ചോദിക്കാറുണ്ട് ഷേവ് ചെയ്തിട്ടൊക്കെ വരട്ടെയെന്ന്. പക്ഷേ,  ഷേവ് ചെയ്ത് വന്നാല്‍ നമുക്കത് അസ്സസ് ചെയ്യാനൊന്നും ഉണ്ടാവില്ല. അപ്പൊ അവര് ശരിക്കും അവരുടെ നോര്‍മല്‍ ഹെയര്‍ എങ്ങനെയാണോ ആ രീതിയില്‍ നമുക്കൊന്ന് കണ്ടിട്ട് അത് ചെയ്യുന്നത് നല്ലതായിരിക്കും. പിന്നെ ലേസറിന് പേഷ്യന്റ് വരുമ്പോള്‍ നമ്മളാണ് ആദ്യത്തെ തവണ ഒന്ന് ഷേവ് ചെയ്ത് വിടാറ്. അത് ഫസ്റ്റ് സെഷനില്‍ മാത്രം. അതിന് ശേഷം അവര്‍ക്ക് ഇന്‍ ബിറ്റ്വീന്‍ ദി സെഷന്‍സ് എന്തായാലും കുറച്ച് രോമങ്ങള്  ഉണ്ടാവാം. അത് അവര്‍ക്ക് ലേസര്‍ ചെയ്യുന്നതിന്റെ ആ പീരീഡിന്റെ അല്ലാത്ത സമയങ്ങളില്‍ റേസര്‍ ഉപയോഗിച്ച് റിമൂവ് ചെയ്യാം. 

ഈ ലേസര്‍ ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് വാക്‌സിംഗ്, ത്രെഡിങ്, ബ്ലീച്ചിങ്, പ്ലക്കിങ് മുതലായവ ഒന്നും ചെയ്യാന്‍ പാടുള്ളതല്ല. കാരണം നമുക്ക് ആ സ്‌കിന്നിന്റെ ഉള്ളിലുള്ള ഹെയര്‍  മെലാനിന്‍ അടങ്ങിയ ഹെയര്‍ ഉണ്ടാവണം. അത് കംപ്ലീറ്റ് ആയിട്ട് കളഞ്ഞാല്‍, ഉദാഹരണത്തിന്  പ്ലക്ക് ചെയ്ത് കളഞ്ഞാല്‍ നമുക്ക് അടുത്ത തവണ ലേസര്‍ ചെയ്യുമ്പോള്‍ അതിന്റെ ഉള്ളില്‍ ഹെയര്‍ ഉണ്ടാവില്ല. അപ്പൊ ആ പ്രൊസീജിയര്‍ കൊണ്ട് ഫലമില്ലാതായി മാറും. 

 ലേസര്‍ ചെയ്തു കഴിഞ്ഞാല്‍ ശ്രദ്ധിക്കേണ്ടതായിട്ടുള്ള കാര്യങ്ങള് ഉണ്ടോ? 

ഉറപ്പായിട്ടും. നമ്മളൊരു ലേസര്‍ ഒരു സെഷന്‍ കഴിഞ്ഞ് കഴിഞ്ഞാല്‍ ഇപ്പൊ നമ്മളൊരു ട്രിപ്പ് ഒക്കെ പ്ലാന്‍ ചെയ്യുന്നെങ്കില്‍ അതിന് ജസ്റ്റ് മുന്നേ വന്ന് ലേസര്‍ ചെയ്യാന്‍ പാടില്ല. കാരണം അത് കഴിഞ്ഞാല്‍ നമുക്കൊരു നല്ല സണ്‍ എക്‌സ്‌പോഷര്‍ ഉണ്ടാവാം. നമ്മള്‍ സണ്‍സ്‌ക്രീന്‍ ഒക്കെ ഉപയോഗിച്ചാണ് പോകുന്നതെങ്കില്‍ പോലും നമ്മള് ലേസര്‍ ചെയ്തിട്ട് ഭയങ്കരമായിട്ട് ഒരു സണ്‍ലൈറ്റ് എക്‌സ്‌പോഷര്‍ ഉണ്ടാവാന്‍ പാടില്ല. രണ്ട് മൂന്ന് ദിവസത്തേയ്ക്ക് കടലില്‍ ഇറങ്ങുന്നതും നീന്തുവാന്‍ പോകുന്നതും ബീച്ചില്‍ പോകുന്നതുമൊക്കെ ഒഴിവാക്കുവാന്‍ പറയാറുണ്ട്‌

കൂടാതൈ,  സണ്‍സ്‌ക്രീന്‍ പ്രൊട്ടക്ഷന്‍ എപ്പോഴും വേണം. ഏത് പ്രൊസീജേഴ്‌സ്, അതായത്,  സലൂണില്‍ ഒരു ഫേഷ്യല്‍ ചെയ്താല്‍ പോലും സണ്‍ പ്രൊട്ടക്ഷന്‍ ഉപയോഗിക്കേണ്ടതാണ് അത് എല്ലാവര്‍ക്കും അതിനെക്കുറിച്ച് അവയര്‍ ആയിരിക്കണം എന്നില്ല. പക്ഷേ നമ്മളത് സ്ട്രിക്റ്റ് ആയിട്ട് ക്യാരി ഔട്ട് ചെയ്യണം എന്ന് പറഞ്ഞ് വിടാറുണ്ട്. 

ഈ ഇന്‍സ്ട്രക്ഷന്‍സ് ഫോളോ ചെയ്തിട്ടില്ല എന്നുണ്ടെങ്കില്‍ ഇതിന്റെ ഇഫക്ട് എന്തായിരിക്കും? 

നമ്മള് ഇന്‍സ്ട്രക്ഷന്‍സ് നമ്മള് പറയുന്ന കാര്യങ്ങള് കറക്റ്റ് ആയിട്ട് ചെയ്തിട്ടില്ലെങ്കില്‍ ചിലപ്പോ നമുക്കൊരു പിഗ്മെന്റേഷന്‍ ആ ചെയ്ത ഭാഗത്തൊക്കെ വരാന്‍ സാധ്യതയുണ്ട്. 

ഈ പിഗ്മെന്റേഷന്‍ അടുത്ത സെഷനില്‍ പോകുവോ അതോ ലോങ്ങ് ലാസ്റ്റിംഗ് ആയിട്ട് നില്‍ക്കുമോ?

ലേസര്‍ ചെയ്യുമ്പോള്‍ അതൊക്കെ മാറാറുണ്ട്. അതൊക്കെ  ടെമ്പററിയാണ് എന്നിരുന്നാല്‍ പോലും ആഫ്റ്റര്‍ പ്രൊസീജര്‍ സ്‌കിന്‍ കെയര്‍ വളരെ അത്യാവശ്യമാണ്.

 ഈ ലേസര്‍ ഹെയര്‍ റിമൂവലിന് ഇത്ര ഡിമാന്‍ഡ് വരാനുള്ള കാരണം എന്താ? 

ഈ നാളുകളില്‍ ഏറ്റവും ഡിമാന്‍ഡിംഗ് ആയിട്ടുള്ള പ്രൊസീജേഴ്‌സ് ആണ് ലേസര്‍. എസ്‌പെഷ്യലി ലേസര്‍ ഹെയര്‍ റിഡക്ഷന്‍. പണ്ട് നമുക്ക് ഈ വാക്‌സിംഗ്, ത്രെഡിങ് അല്ലെങ്കില്‍ ബ്ലീച്ചിങ്, പ്ലക്കിങ് തുടങ്ങിയ മെഷേഴ്‌സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഉദാഹരണത്തിന് നമ്മളൊരു വാക്‌സ് ചെയ്താല്‍ ഒരു മാസം അല്ലെങ്കില്‍ ഒന്നര മാസം ആണ് ഫലമുണ്ടാകുക. വീണ്ടും നമുക്കത് ചെയ്യേണ്ടിവരും. റിപ്പീറ്റഡ് സെഷന്‍സില്  കംപ്ലീറ്റ് റിമൂവലും അല്ല. 

പക്ഷേ ലേസര്‍ ഹെയര്‍ റിഡക്ഷനില്‍ 80 മുതല്‍  90 ശതമാനം വരെ ഹെയര്‍ ആണ് നമുക്ക് മാറിപ്പോകുന്നത്. അപ്പോള്‍ ഇത് ചെയ്ത് കഴിഞ്ഞാല്‍ ലൈഫ് ടേംഇന്‍വെസ്റ്റ്‌മെന്റ് എന്ന് പോലെയാണ്.  നമുക്ക് വീണ്ടും റിപ്പീറ്റഡ്‌ലി വാക്‌സ് ചെയ്യാന്‍ പോകണ്ട. പിന്നെ ഇത് പെയിന്‍ലെസ്സ് ആണ്. അതുകൊണ്ട് ലേസറിന് ഇത്ര ഡിമാന്‍ഡ്. 

എത്ര വയസു മുതലുള്ളവര്‍ക്ക് ലേസര്‍ സര്‍ജറി ചെയ്യാന്‍ പറ്റും?  

 ഒരു 18  വയസിന് മുകളിലുള്ളവര്‍ക്ക് ആണ് നമ്മളിത് പറയുന്നത്. ഇപ്പോള്‍ ഗ്രേ ഹെയര്‍ ആകുന്നതിന് മുന്നേ ഇപ്പൊ ചില ആള്‍ക്കാര് വരാറുണ്ട് ഒരു 45, 50 ഒക്കെ ആകുമ്പോള്‍ അപ്പൊ അവര്‍ക്ക് നോക്കുമ്പോള്‍ അവര്‍ക്കൊരു അണ്ടര്‍ലൈയിംഗ് ഹോര്‍മോണല്‍ ഇംബാലന്‍സ് ഒക്കെ ഉണ്ടാവാം. കൂടാതെ,  ഒത്തിരി ഗ്രേ ഹെയര്‍ ഉണ്ടാവും. ആ സമയത്ത് നമുക്ക് ലേസര്‍ ചെയ്താല്‍ അത് ഇഫക്ടീവ് ആയിട്ട് അവര് ഉദ്ദേശിക്കുന്ന റിസള്‍ട്ട്‌സ് കിട്ടില്ല. അപ്പൊ ഗ്രേ ഹെയര്‍ ഉള്ളവര്‍ക്കും നമുക്ക് ചെയ്യാന്‍ ബുദ്ധിമുട്ടാണ്. 

ഫിലിം ആക്ടേഴ്‌സ്  കൂടുതല്‍ പ്രിഫര്‍ ചെയ്യുന്നത് ലേസര്‍ ഹെയര്‍ റിമൂവല്‍ ആണോ? 

മിക്ക ഫിലിം ആക്ടേഴ്‌സിനും ലേസേര്‍ഡ് ഹാന്‍ഡ്‌സ് ആന്‍ഡ് ലെഗ്‌സ് ആയിരിക്കും നമുക്ക് അറിയാം. കാരണം അതൊരു പെര്‍മനന്റ് റിഡക്ഷന്‍ അല്ലേ? അപ്പൊള്‍ അവര്‍ക്ക് അതായിരിക്കും ഏറ്റവും ഉചിതവും. 

ലേസര്‍  ചെലവേറിയ പ്രൊസീജര്‍ ആണെന്ന്‌ പറയുന്നത് ശരിയാണോ?  അതോ നമ്മള്‍ പാര്‍ലറിലൊക്കെ കൊടുക്കുന്ന പൈസ മുതലാക്കുന്ന ഒരു പ്രൊസീജര്‍ ആണോ ലേസര്‍ ഹെയര്‍ റിമൂവല്‍? 

തീര്‍ച്ചയായും ഇതൊരു കോസ്റ്റ് ഇഫക്ടീവ് ആയിട്ടുള്ള ട്രീറ്റ്‌മെന്റാണ്. ഞാന്‍ മുമ്പേ പറഞ്ഞതുപോലെ അത് ലോങ്ങ് ടേം അല്ലെങ്കില്‍ ലൈഫ് ടൈം ഇന്‍വെസ്റ്റ്‌മെന്റില്‍ പെടും. അതുകൊണ്ട് തന്നെ ലേസര്‍ മെഷീന്‍സ് ഒക്കെ അത്യാവശ്യം എക്‌സ്‌പെന്‍സീവ് ആണ്. എന്നാലും നമ്മള്‍ ഹോസ്പിറ്റല്‍ ബേസ്ഡ് ആയിട്ട് പ്രൊസീജേഴ്‌സ് ചെയ്യുമ്പോള്‍ കുറച്ചുകൂടെ അഫോര്‍ഡബിള്‍ ആയിട്ട് നമുക്ക് ചെയ്തു കൊടുക്കാന്‍ പറ്റും. സാധാരണ പ്രൊസീജേഴ്‌സിനെക്കാളും കുറച്ചുകൂടെ കോസ്റ്റ് ഉണ്ടാവും. 

 ലേസര്‍ ഹെയര്‍ ട്രീറ്റ്‌മെന്റിലൂടെ  ഹെയര്‍ റിമൂവ് ചെയ്തു. എന്നാല്‍ പിന്നീട് ഈ ഹെയര്‍ വേണമെന്ന് തോന്നിയാല്‍ സാധിക്കുമോ ?

അതൊരു ടഫ് ക്വസ്റ്റ്യനാണ്. നമുക്ക് പിന്നീട് ഹെയര്‍ വരാനുള്ള ചാന്‍സ് കുറവാണ്. ഒരു 80  മുതല്‍ 90 ശതമാനം വരെ ഹെയര്‍ അല്ലേ പോകുന്നുള്ളൂ. പിന്നീടുള്ള ഹെയര്‍ എല്ലാം വളരെ ഫൈന്‍ ഹെയര്‍ ആയിരിക്കും

എന്തുകൊണ്ടാണ്  ലേസര്‍ ഹെയര്‍ റിക്വസ്റ്റ്  ഒപിയില്‍ കണ്‍സള്‍ട്ടേഷന്‍ വരാനുള്ള കാരണം, എന്തൊക്കെയാണ് ഇവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍?

കുട്ടികള് അതായത് നമ്മളൊരു 18  വയസ്, ഇയേഴ്‌സ് അല്ലെങ്കില്‍ പ്ലസ് വണ്‍ പ്ലസ് ടുവിനൊക്കെ പഠിക്കുന്ന കുട്ടികള്‍ എപ്പോഴും പറയും ഹൈസ്‌കൂള്‍ മുതലേ മീശയുണ്ടെന്നൊക്കെ പറഞ്ഞ് അവരുടെ കൂടെയുള്ളവര് അവരെ കളിയാക്കാറുണ്ടെന്ന്.  അപ്പൊള്‍ ആ പ്രായത്തില്‍ നമുക്കറിയാം അത് അവരുടെ കോണ്‍ഫിഡന്‍സിനെ വളരെയേറെ ബാധിക്കുന്ന ഒരു കാര്യമാണ്. അവര് കോണ്‍ഫിഡന്റല്ലെങ്കില്‍ അവരുടെ അക്കാദമിക്‌സിലാണെങ്കിലും ഒരു സോഷ്യല്‍ ലൈഫിലും അവരൊന്ന് ഉള്‍വലിയാനുള്ളൊരു ചാന്‍സുണ്ട്.  അങ്ങനെയുള്ളവര്‍ക്ക് നമുക്കൊരു പെര്‍മനന്റ് സൊല്യൂഷന്‍ എന്നുള്ള രീതിയില്‍ 18 വയസ് ഒക്കെ ആകുമ്പോഴത്തേക്കും നമുക്കങ്ങനെ ചെയ്തു കൊടുക്കാം. ലാക്ക് ഓഫ് കോണ്‍ഫിഡന്‍സ് വരാതെ നോക്കുന്നു. ലേസര്‍ ചെയ്ത് കഴിയുമ്പോള്‍ അവരും ഹാപ്പിയാണ്.

Dr Sabine Joseph

Dr Sabine Joseph

Dermatology And Cosmetology