ക്രോണിക് ഒബ്‌സ്ട്രക്ടീവ് പൾമണറി ഡിസീസ് (സിഒപിഡി) എന്നത് ശ്വാസകോശത്തെ ബാധിക്കുന്ന ഒരു ദീർഘകാലരോഗമാണ്. ഒട്ടേറെ കാരണങ്ങളാണ് അതിനുള്ളത്.
പുകവലിയാണ് സിഒപിഡിയുടെ പ്രധാനകാരണം. കൂടാതെ വിറകടുപ്പിൽനിന്നുള്ള പുക, തൊഴിലിടങ്ങളിലെ രാസവസ്തുക്കൾ, ഇന്ധനപുക, പരിസ്ഥിതി മലിനീകരണം, കുട്ടിക്കാലത്തെ ചില ശ്വാസകോശ അണുബാധകൾ (ഉദാ: ക്ഷയരോഗം) ഇവയൊക്കെയും സിഒപിഡിക്ക് കാരണമായേക്കാം.
മതിയായ ചികിത്സ കിട്ടാത്ത ആസ്ത്മ രോഗികൾക്കും സിഒപിഡി വന്നേക്കാം. (ആസ്ത്മ രോഗികൾ കൃത്യമായി ഇൻഹേലർ ഉപയോഗിക്കേണ്ടതാണ്).
വിട്ടുമാറാത്ത ചുമ, ശ്വാസംമുട്ട്, കിതപ്പ്, വലിവ്, ക്ഷീണം എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ.
സ്ത്രീകളിലെ സിഒപിഡി
ഇന്നത്തെ കാലത്ത് സ്ത്രീകളിൽ സിഒപിഡി വർധിച്ചുവരുന്ന ഒരു പ്രവണത കാണുന്നുണ്ട്.
പുകവലി വർധിച്ചത്: മുമ്പത്തേക്കാൾ കൂടുതൽ ഇപ്പോൾ സ്ത്രീകൾ പുകവലിക്കുകയും പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുകയും ചെയ്യുന്നു.
വിറകടുപ്പ്, മണ്ണെണ്ണ അടുപ്പ് എന്നിവയിലെ പുക ദീർഘകാലം ശ്വസിക്കുന്നത് സിഒപിഡിയിലേക്ക് നയിക്കാം.
പാസീവ് സ്‌മോക്കിങ്: വീട്ടിലോ ജോലിസ്ഥലത്തോ മറ്റുള്ളവർ പുകവലിക്കുന്നതിന് സമീപം കഴിയുന്നത്.
വായുമലിനീകരണം: സ്ത്രീകളുടെ ശ്വാസകോശം പുരുഷൻമാരുടെ അപേക്ഷിച്ച് കൂടുതൽ ചെറുതും സെൻസിറ്റീവുമാണ്. അതിനാൽ പുക, പൊടി എന്നിവ കൂടുതലായി ബാധിക്കും. മാത്രമല്ല രോഗലക്ഷണങ്ങൾക്ക് ആശുപത്രിയിൽ പോകാനും ചികിത്സ നടത്താനും സ്ത്രീകൾ പൊതുവെ വിമുഖരാണ്.
എങ്ങനെ സിഒപിഡി തിരിച്ചറിയാം
സ്‌പൈറോമെട്രി എന്ന ലളിത പരിശോധനയിൽ സിഒപിഡി തിരിച്ചറിയാൻ സാധിക്കും. ഈ ടെസ്റ്റിലൂടെ ശ്വാസകോശം എത്ര വായു പിടിച്ചെടുക്കുന്നു, എത്ര വേഗത്തിൽ പുറത്തുവിടുന്നു എന്ന് മനസ്സിലാക്കാം. എക്‌സ്‌റേയും മറ്റും വേണ്ടിവന്നാൽ ഡോക്ടർ നിർദ്ദേശിച്ചേക്കാം.
ചികിത്സാമാർഗ്ഗങ്ങൾ
പുകവലി പൂർണ്ണമായും ഒഴിവാക്കുക എന്നതാണ് സിഒപിഡി ചികിത്സയിൽ ഏറ്റവും പ്രധാനം. ശ്വാസംമുട്ട് കുറയ്ക്കാനും ആരോഗ്യം വീണ്ടെടുക്കുവാനും സഹായിക്കുന്ന അനവധി മരുന്നുകൾ ഇൻഹേലർ രൂപത്തിൽ ലഭ്യമാണ്. ഒരു പൾമണോളജിസ്റ്റിന്റെ നിർദ്ദേശപ്രകാരം അത് കൃത്യമായി ഉപയോഗിക്കേണ്ടതാണ്. സിഒപിഡി രോഗികൾ ഡോക്ടർ നിർദ്ദേശിക്കുന്ന പ്രതിരോധ കുത്തിവെപ്പുകൾ എടുക്കേണ്ടതാണ്. ഇത് ഇടയ്ക്കിടെയുള്ള അമിത ബുദ്ധിമുട്ടുകൾ തടയാൻ സഹായിക്കും. കൂടാതെ ശ്വസനവ്യായാമങ്ങൾ, പൾമനറി റീഹാബിലിറ്റേഷൻ എന്നിവ രോഗിയെ കൂടുതൽ സജീവവും ആരോഗ്യവാനുമാക്കും. ദിവസേന ലഘുവായ വ്യായാമങ്ങൾ, പോഷകാഹാരം, മതിയായ ഉറക്കം ഇതൊക്കെ സിഒപിഡി രോഗികൾക്ക് അത്യന്താപേക്ഷിതമാണ്.
സിഒപിഡിയും മാനസികാരോഗ്യവും
സിഒപിഡി രോഗികളിൽ പലപ്പോഴും ഉത്കണ്ഠ, വിഷാദം എന്നിവ കൂടുതലായി കണ്ടുവരുന്നു. പ്രവർത്തനശേഷി കുറയ്ക്കുന്നതും ശ്വാസം മുട്ടൽ ഉണ്ടാകുമോയെന്ന ഭയം കൊണ്ടും ക്ഷീണം കൊണ്ടുമൊക്കെയാണ് ഇതുണ്ടാകുന്നത്. ഈ സാഹചര്യത്തിൽ കൗൺസിലിങ്, സൈക്കോതെറാപ്പി, കുടുംബത്തിന്റെ പിന്തുണ എന്നിവയൊക്കെ ഗുണകരമാകും.
എങ്ങനെ സിഒപിഡിയെ പ്രതിരോധിക്കാം
നവംബർ 19 ലോക സിഒപിഡി ദിനം
എല്ലാ വർഷവും നവംബർ 19 ലോക സിഒപിഡി ദിനമായി ആചരിക്കുന്നു. സിഒപിഡിയെ പറ്റിയുള്ള പൊതുബോധം വർധിപ്പിക്കാനാണ് ഇങ്ങനെ ആചരിക്കുന്നത്. പുകവലിക്കാരുടെ ചുമ ആയിട്ടും അലർജിയുടെ ചുമയായിട്ടും പ്രായത്തിന്റെ കിതപ്പായിട്ടും തള്ളിക്കളയുന്നത് ചിലപ്പോൾ സിഒപിഡി ആയേക്കാം.