മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ ചലനസ്വാതന്ത്ര്യമുള്ള സന്ധികളിലൊന്നാണ് ഷോൾഡർ ജോയിന്റ്. ഒരു ബോൾ ആൻഡ് സോക്കറ്റ് ജോയിന്റ് (Ball and Socket Joint) ആയതുകൊണ്ട് തന്നെ ഇതിന് മറ്റ് സന്ധികളെ അപേക്ഷിച്ച് വിവിധ ദിശകളിലേക്ക് അനായാസം ചലിക്കാൻ സാധിക്കും. എന്നാൽ ഇതേ സവിശേഷത തന്നെ പലപ്പോഴും തോളിലെ സന്ധികളെ തേയ്മാനത്തിലേക്കും മറ്റ് ആരോഗ്യപ്രശ്നങ്ങളിലേക്കും നയിക്കാറുണ്ട്. കൃത്യസമയത്ത് ചികിത്സിക്കാത്ത പരിക്കുകളും പേശികളിലെ തകരാറുകളും പലപ്പോഴും സന്ധിയുടെ സ്വാഭാവിക ഘടനയെ ബാധിക്കുന്നു.
സാധാരണ ഗതിയിൽ തോളിലുണ്ടാകുന്ന വേദനയോ പേശികൾക്കുണ്ടാകുന്ന ചെറിയ പരിക്കുകളോ പലരും ഗൗരവമായി എടുക്കാറില്ല. എന്നാൽ ഇത്തരം അവഗണനകൾ വർഷങ്ങൾ കഴിയുമ്പോൾ ഗുരുതരമായ ജോയിന്റ് തേയ്മാനത്തിലേക്ക് (Osteoarthritis) വഴിമാറുന്നു. ഇത്തരത്തിൽ സന്ധികൾക്ക് പൂർണ്ണമായ തേയ്മാനം സംഭവിക്കുമ്പോൾ വേദന കുറയ്ക്കാനും തോളിലെ ചലനശേഷി വീണ്ടെടുക്കാനുമുള്ള ഒരു ശാശ്വത പരിഹാരമാണ് ഷോൾഡർ ജോയിന്റ് റീപ്ലേസ്മെന്റ് സർജറി.ആര്‍ക്കൊക്കെയാണ് ഷോൾഡർ ജോയിന്റ് റീപ്ലേസ്‌മെന്റ് സര്‍ജറി വേണ്ടതെന്ന് കണ്ണൂര്‍ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ ഓര്‍ത്തോപീഡിക് ആന്‍ഡ് ആര്‍ത്രോസ്‌കോപിക് സര്‍ജറി ചീഫ് ആന്‍ഡ് സീനിയര്‍ കണ്‍സള്‍ട്ടന്റ്
ഡോ. ജ്യോതിപ്രശാന്ത് എം വിശദീകരിക്കുന്നു
ഷോൾഡർ ജോയിന്റ് റീപ്ലേസ്മെന്റ് പ്രധാനമായും ഏത് തരം രോഗികൾക്കാണ് ചെയ്യുന്നത്?
തോളിലെ സന്ധി ഒരു ബോൾ ആൻഡ് സോക്കറ്റ് ജോയിന്റ് ആണ്. ഇതിന് ശരീരത്തിലെ മറ്റു സന്ധികളെപ്പോലെ ശരീരഭാരം താങ്ങേണ്ടി വരുന്നില്ലെങ്കിലും, അമിതമായ ചലനം ഉള്ളത് കാരണം തേയ്മാനം വരാൻ സാധ്യത കൂടുതലാണ്. പ്രധാനമായും രണ്ട് സാഹചര്യങ്ങളിലാണ് ഇത് ആവശ്യമായി വരുന്നത്:
സന്ധി തെറ്റുന്ന അവസ്ഥ : തോളിലെ സന്ധി അടിക്കടി തെറ്റിപ്പോകുന്ന അവസ്ഥയുള്ളവരിൽ അത് ക്രമേണ സന്ധിയുടെ തേയ്മാനത്തിന് കാരണമാകുന്നു. ഇത്തരം തേയ്മാനം വർധിക്കുമ്പോൾ ജോയിന്റ് റീപ്ലേസ്മെന്റ് ആവശ്യമായി വരുന്നു.
പേശികൾക്കുണ്ടാകുന്ന പരിക്ക് (Rotator Cuff Tear): കൈ കുത്തി വീഴുമ്പോൾ തോളിലെ പേശികൾക്ക് (റൊട്ടേറ്റർ കഫ്) മുറിവ് സംഭവിക്കാറുണ്ട്. ഇത് പലപ്പോഴും കൈ പൊക്കാൻ ബുദ്ധിമുട്ടുണ്ടാക്കും. പലരും ഈ വേദന വർഷങ്ങളോളം സഹിക്കുകയും കൃത്യമായ ചികിത്സ എടുക്കാതെ അവഗണിക്കുകയും ചെയ്യാറുണ്ട്. ഈ അവഗണന ജോയിന്റ് തേയ്മാനത്തിലേക്ക് നയിക്കുന്നു.
തോളിലെ പരിക്കുകൾ അവഗണിക്കുന്നത് എന്ത് അപകടമാണ് ഉണ്ടാക്കുന്നത്?
തോളിലുണ്ടാകുന്ന പരിക്കുകൾക്ക് തുടക്കത്തിലേ കൃത്യമായ ചികിത്സ എടുക്കേണ്ടത് അത്യാവശ്യമാണ്. പരിക്കുകൾ അവഗണിച്ച് ചികിത്സ ഒരുപാട് വൈകിയാൽ അത് ജോയിന്റ് തേയ്മാനത്തിലേക്ക് എത്തും. ഇങ്ങനെയുള്ള അവസ്ഥയിൽ ഷോൾഡർ ജോയിന്റ് റീപ്ലേസ്മെന്റ് സർജറി മാത്രമായിരിക്കും ഏക പരിഹാരം. അതിനാൽ തോളിലെ മസിൽ കീറലോ മറ്റ് പരിക്കുകളോ ഉണ്ടായാൽ അത് അവഗണിക്കാതെ ശാശ്വത പരിഹാരത്തിനായി ഡോക്ടറെ കാണേണ്ടതാണ്.
Experienced Orthopaedic Surgeon with over a decade of clinical expertise, currently serving as Head of the Department of Orthopaedics with a special focus on arthroscopy, sports injuries, and joint replacement