നാല്പത് വയസ്സിന് മുകളിലുള്ളവരിൽ ഏതാണ്ട് 30 ശതമാനം ആളുകളെയും അലട്ടുന്ന ഒരു പ്രധാന വില്ലനാണ് അമിത രക്തസമ്മർദ്ദം അഥവാ ഹൈപ്പർടെൻഷൻ. എന്നാൽ കൃത്യമായി മരുന്നുകൾ കഴിച്ചിട്ടും പലരിലും ബി.പി (B.P) നിയന്ത്രണവിധേയമാകാറില്ല എന്നതാണ് വാസ്തവം. മരുന്നുകൾക്ക് വഴങ്ങാത്ത ഇത്തരത്തിലുള്ള രക്തസമ്മർദ്ദത്തെ തളയ്ക്കാൻ വൈദ്യശാസ്ത്രം കണ്ടെത്തിയ വിപ്ലവകരമായ ചികിത്സാരീതിയാണ് 'റീനൽ ഡീനർവേഷൻ തെറാപ്പി' (Renal Denervation Therapy).
തലച്ചോറിൽ നിന്നും വൃക്കകളിലേക്കുള്ള സിംപതറ്റിക് നാഡീമിടിപ്പുകളെ ശാസ്ത്രീയമായി നിയന്ത്രിച്ചുകൊണ്ട്, പാർശ്വഫലങ്ങളില്ലാതെ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന ഈ നൂതന മാർഗ്ഗത്തെക്കുറിച്ച് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ സീനിയര്‍ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ് ഡോ. ജോൺ എഫ് ജോൺ സംസാരിക്കുന്നു.
രക്തസമ്മർദ്ദം ഉയർന്നിരിക്കുന്ന ആളുകളിൽ, പ്രത്യേകിച്ച് മരുന്നുകൾ കഴിച്ചിട്ടും ബിപി കൺട്രോൾ ആവാത്തവർക്ക് ചെയ്യുന്ന ഒരു ചികിത്സ രീതിയാണിത്. നമ്മുടെ ശരീരത്തിൽ ബ്രെയിനിൽ നിന്ന് കിഡ്നിയിലേക്കും തിരിച്ചും ഞരമ്പുകൾ വഴി സിഗ്നലുകൾ പോകുന്നുണ്ട്. മരുന്നുകൾ കഴിച്ചിട്ടും ബിപി കുറയാത്തവർക്ക് ബ്രെയിനിൽ നിന്നുള്ള ഈ 'കണ്ടിന്യൂസ് സിംപതെറ്റിക് ആക്ടിവിറ്റി' (Continuous Sympathetic Activity) കുറയ്ക്കാനാണ് ഈ ചികിത്സ ചെയ്യുന്നത്.
Read Also: ശരീരത്തിലെ അമിത കൊഴുപ്പ് നീക്കം ചെയ്യാൻ ലൈപോസെക്ഷൻ
ആൻജിയോഗ്രാം ചെയ്യുന്നതുപോലെ കാലിലെ ഞരമ്പിലൂടെ ഒരു പ്രത്യേക കത്തീറ്റർ കടത്തിവിട്ടാണ് ഇത് ചെയ്യുന്നത്. കിഡ്നിയിലേക്ക് പോകുന്ന രക്തധമനികളിൽ ഈ കത്തീറ്റർ എത്തിക്കുന്നു. തുടർന്ന് ഹീറ്റ് എനർജി ഉപയോഗിച്ച് ഈ രക്തധമനികൾക്ക് ചുറ്റുമുള്ള ഞരമ്പുകളെ കരിയിച്ചു കളയുന്നു. ഇതോടെ സിംപതെറ്റിക് ആക്ടിവിറ്റി കുറയുകയും ബ്ലഡ് പ്രഷർ നിയന്ത്രണത്തിലാവുകയും ചെയ്യുന്നു.
സാധാരണഗതിയിൽ ബ്ലഡ് പ്രഷർ 180 mm Hg-ന് മുകളിലുള്ള ആളുകളിലാണ് ഇത് ചെയ്യുന്നത്. മരുന്നുകൾ കൃത്യമായി കഴിച്ചിട്ടും ബിപി കൺട്രോൾ കിട്ടാത്ത 30-40% ആളുകളിൽ ഈ രീതി ഫലപ്രദമാണ്.
Read Also: പ്രമേഹരോഗികൾക്ക് സുരക്ഷിതമായി നോമ്പ് അനുഷ്ഠിക്കാമോ? അറിയേണ്ടതെല്ലാം!
ഈ പ്രൊസീജറിന്റെ ഗുണങ്ങൾ എന്തെല്ലാമാണ്?
ബിപിയിൽ കുറവ്: ഇത് ചെയ്തു കഴിഞ്ഞാൽ ബ്ലഡ് പ്രഷറിൽ 10 മുതൽ 20 mm വരെ കുറവ് ലഭിക്കും.
ദീർഘകാല ഫലം: പ്രൊസീജർ കഴിഞ്ഞ് അടുത്ത ആറു മാസം മുതൽ മൂന്ന് വർഷം വരെ ബിപി ക്രമാതീതമായി കുറയുന്നത് കാണാറുണ്ട്.
മരുന്നുകളുടെ എണ്ണം കുറയ്ക്കാം: നിലവിൽ നാലോ അഞ്ചോ മരുന്നുകൾ കഴിക്കുന്നവർക്ക് ഈ ചികിത്സയ്ക്ക് ശേഷം ഒന്നോ രണ്ടോ മാസത്തിനുള്ളിൽ മരുന്നുകളുടെ എണ്ണം ഒന്നോ രണ്ടോ ആയി കുറയ്ക്കാൻ സാധിക്കും.
ചികിത്സയ്ക്ക് ശേഷം എത്ര നാൾ വിശ്രമം വേണം?
ഇതൊരു ഡേ ടൈം പ്രൊസീജർ പോലെയാണ് ചെയ്യുന്നത്. ലോക്കൽ അനസ്തീസിയയിലാണ് ഇത് നിർവ്വഹിക്കുന്നത്. ഒരു ദിവസം മാത്രം ആശുപത്രിയിൽ അഡ്മിറ്റ് ചെയ്താൽ മതിയാകും. ഇതിന് പ്രത്യേക പാർശ്വഫലങ്ങൾ ഒന്നുമില്ലാത്തതിനാൽ പിറ്റേ ദിവസം തന്നെ ജോലിക്ക് പ്രവേശിക്കാവുന്നതാണ്.
ആരെല്ലാമാണ് റീനൽ ഡിനർവേഷൻ തെറാപ്പി ചെയ്യാൻ പാടില്ലാത്തത്?
ഗർഭിണികൾക്കും (Pregnancy), സിടി സ്കാൻ ചെയ്യുമ്പോൾ കിഡ്നിയിലേക്കുള്ള രക്തധമനികൾ വളരെ ചെറുതാണെന്ന് കാണുന്നവർക്കും ഈ പ്രൊസീജർ അനുയോജ്യമല്ല.