മനോഹരമായ ഒരു ചിരിയും ആത്മവിശ്വാസവുമാണ് ഏതൊരു വ്യക്തിയുടെയും വ്യക്തിത്വത്തിന്റെ അടയാളം. എന്നാൽ പല്ലുകൾ നഷ്ടപ്പെടുന്നത് പലപ്പോഴും ഈ ആത്മവിശ്വാസത്തെ ബാധിക്കാറുണ്ട്. പല്ലുകൾ പുനഃസ്ഥാപിക്കാൻ പണ്ട് മുതലേ ഉപയോഗിച്ചിരുന്ന രീതികളിൽ നിന്നും വ്യത്യസ്തമായി, ഇന്ന് ഏറ്റവും ഫലപ്രദവും ശാശ്വതവുമായ പോംവഴിയാണ് ഡെന്റൽ ഇംപ്ലാന്റുകൾ. തൊടുപുഴ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ ഓറല്‍ ആന്‍ഡ് മാക്‌സില്ലോഫേഷ്യല്‍ സര്‍ജറി സ്‌പെഷ്യലിസ്റ്റ് ഡോ റിൻസ് മുഹമ്മദ് ഡെന്റൽ ഇംപ്ലാന്റ് ചികിത്സയുടെ വിവിധ വശങ്ങളെക്കുറിച്ച് സംസാരിക്കുന്നു.
എന്താണ് ഡെന്റൽ ഇംപ്ലാന്റ്?
നഷ്ടപ്പെട്ട പല്ലുകൾക്ക് പകരം വെക്കാവുന്ന ഏറ്റവും ആധുനികവും ഫിക്സഡ് ആയതുമായ ചികിത്സാരീതിയാണ് ഡെന്റൽ ഇംപ്ലാന്റ്. ലളിതമായി പറഞ്ഞാൽ, താടിയെല്ലിനുള്ളിൽ പല്ലിനെ ഉറപ്പിച്ചു നിർത്താൻ സഹായിക്കുന്ന ടൈറ്റാനിയം കൊണ്ട് നിർമ്മിതമായ സ്ക്രൂ പോലുള്ള ഒരു ഡിവൈസ് ആണ് ഡെന്റൽ ഇംപ്ലാന്റ്. കൃത്രിമ പല്ലിന്റെ വേരായി പ്രവർത്തിക്കുന്നു. പല്ലുകൾ സ്ഥിരമായി ആയി വെക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ മാർഗ്ഗമാണിത്.
ഡെന്റൽ ഇംപ്ലാന്റ് എപ്പോഴാണ് ആവശ്യമായി വരുന്നത്?
പല്ല് നഷ്ടപ്പെട്ടവർക്ക് അത് പുനഃസ്ഥാപിക്കാൻ പ്രധാനമായും രണ്ട് സ്ഥിര മാർഗ്ഗങ്ങളാണുള്ളത്.
ക്രൗൺ ആൻഡ് ബ്രിഡ്ജ്: നഷ്ടപ്പെട്ട പല്ലിന് ഇരുവശവും പല്ലുകൾ ഉണ്ടെങ്കിൽ അവയിൽ ക്യാപ്പിട്ട് ഒരു പാലം പോലെ പല്ല് വെക്കുന്ന രീതി.
ഡെന്റൽ ഇംപ്ലാന്റ്: അപ്പുറവും ഇപ്പുറവും പല്ലുകൾ ഇല്ലാത്ത സാഹചര്യത്തിൽ, താടിയെല്ലിനുള്ളിൽ ടൈറ്റാനിയം ഇംപ്ലാന്റ് നൽകി അതിൽ പല്ല് ഉറപ്പിക്കുന്നു. ടൈറ്റാനിയം ഒരു ബയോ-കംപാറ്റിബിൾ മെറ്റീരിയൽ ആയതിനാലാണ് ഇത് ഉപയോഗിക്കുന്നത്.
കൂടാതെ, പ്രായമായവർക്ക് പല്ല് സെറ്റ് (Dentures) ഇളകിപ്പോകാതിരിക്കാൻ ഒന്നോ രണ്ടോ ഇംപ്ലാന്റുകൾ നൽകി അവ ഉറപ്പിച്ചു നിർത്താനും സാധിക്കും.
Read Also: സ്കോളിയോസിസ് ചികിത്സ: കുട്ടികളിലെ നട്ടെല്ലിന്റെ വളവ് പൂര്‍ണ്ണമായും മാറ്റാം
ഡെന്റൽ ഇംപ്ലാന്റ് ചികിത്സാ രീതി, ഘട്ടങ്ങൾ
ഡെന്റൽ ഇംപ്ലാന്റ് പ്രൊസീജ്യർ പ്രധാനമായും രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത്. ഇതിന്റെ ആദ്യ ഘട്ടത്തിൽ ടൈറ്റാനിയം സ്ക്രൂ താടിയെല്ലിനുള്ളിൽ സ്ഥാപിക്കുന്നു. ഈ ഇംപ്ലാന്റ് എല്ലുമായി കൃത്യമായി യോജിക്കുന്നതിനായി (Osseointegration) ബോൺ ക്വാളിറ്റി അനുസരിച്ച് മൂന്ന് മുതൽ ആറ് മാസം വരെ സമയം ആവശ്യമാണ്. ഇംപ്ലാന്റ് സ്ഥാപിക്കുന്ന സമയത്ത് അതിന് ആവശ്യമായ മുറുക്കം ലഭിക്കുന്നുണ്ടോ എന്ന് ഡോക്ടർ പരിശോധിക്കും; ഇതിനെയാണ് 'പ്രൈമറി സ്റ്റെബിലിറ്റി' എന്ന് വിളിക്കുന്നത്. ഇത്തരത്തിൽ നല്ല ഉറപ്പ് ലഭിക്കുകയാണെങ്കിൽ പല്ലുകൾ നേരത്തെ തന്നെ വെക്കാൻ സാധിക്കും. എന്നാൽ സ്റ്റെബിലിറ്റി കുറവാണെങ്കിൽ ഇംപ്ലാന്റ് എല്ലുമായി അറ്റാച്ച് ആകുന്നത് വരെ കാത്തിരിക്കേണ്ടി വരും. നിശ്ചിത സമയത്തിന് ശേഷം രണ്ടാമത്തെ ഘട്ടത്തിൽ, ഇംപ്ലാന്റ് ഭാഗം വീണ്ടും റീ-ഓപ്പൺ ചെയ്ത് 'അബഡ്മെന്റ്' (Abutment) എന്ന അറ്റാച്ച്മെന്റ് അതിലേക്ക് ഘടിപ്പിക്കുന്നു. ഈ അബഡ്മെന്റിന് മുകളിലായാണ് പിന്നീട് സ്ഥിരമായ കൃത്രിമ പല്ലുകൾ ഉറപ്പിക്കുന്നത്.
എന്നിരുന്നാലും, എല്ലിന്റെ ഗുണനിലവാരം മെച്ചപ്പെട്ടതാണെങ്കിൽ 'ഇമ്മീഡിയറ്റ് ലോഡിംഗ്' വഴി വേഗത്തിൽ പല്ല് വെക്കാവുന്നതാണ്. ബേസൽ ഇംപ്ലാന്റുകൾ (Basal Implants) ഉപയോഗിച്ചും വേഗത്തിൽ പല്ല് വെക്കാൻ സാധിക്കും.
പ്രായപരിധിയും ആരോഗ്യ സാഹചര്യങ്ങളും
താടിയെല്ലിന്റെ വളർച്ച പൂർണ്ണമായതിന് ശേഷം മാത്രമേ ഇംപ്ലാന്റ് ചെയ്യാൻ പാടുള്ളൂ. അതിനാൽ കുട്ടികളിൽ ഇത് ഒഴിവാക്കുന്നതാണ് നല്ലത്. മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലാത്ത ഏതൊരു വ്യക്തിക്കും ഇംപ്ലാന്റ് ചെയ്യാം. ഒരു താടിയെല്ലിന്റെ വളർച്ച പൂർണ്ണമായതിന് ശേഷം ഇംപ്ലാന്റ് ഇടുന്നതാണ് ഏറ്റവും നല്ലത്.
Read Also: രക്തസമ്മർദ്ദം നിയന്ത്രിക്കാൻ റീനൽ ഡീനർവേഷൻ തെറാപ്പി
പ്രമേഹരോഗികൾ: കൺട്രോൾഡ് ഡയബറ്റിക് ആയവർക്ക് (HbA1c 8-ൽ താഴെ) സുരക്ഷിതമായി ഇംപ്ലാന്റ് ചെയ്യാം. എന്നാൽ നിയന്ത്രണാതീതമായ പ്രമേഹം ഇൻഫെക്ഷനും ഇംപ്ലാന്റ് ലൂസാകാനും കാരണമായേക്കാം.
മറ്റ് രോഗങ്ങൾ: താടിയെല്ലിൽ റേഡിയേഷൻ ചെയ്തവർ, ബോൺ ക്യാൻസർ ഉള്ളവർ, ആക്ടീവ് കീമോതെറാപ്പി എടുക്കുന്നവർ, ഓർഗൻ ട്രാൻസ്പ്ലാന്റ് ചെയ്തവർ എന്നിവർക്ക് ഇംപ്ലാന്റ് അനുയോജ്യമല്ല.
പല്ലുപോയിട്ട് കുറേക്കാലമായവര്‍ക്ക് ഡെന്റല്‍ ഇപ്ലാന്റ് ചെയ്യാന്‍ സാധിക്കുമോ എന്ന സംശയവും ആളുകള്‍ക്കുണ്ട്.
പല്ലു പോയവരില് പല്ല് പോയി കുറെ കാലം കഴിഞ്ഞാൽ ആ ഭാഗത്തെ സ്പേസ് കുറയാനും മറ്റ് പല്ലുകൾ ചരിയാനും സാധ്യതയുണ്ട്. അത്തരം സാഹചര്യങ്ങളിൽ കമ്പിയിട്ട് സ്പേസ് ഉണ്ടാക്കിയ ശേഷമോ അല്ലെങ്കിൽ ലഭ്യമായ സ്ഥലത്തിനനുസരിച്ചുള്ള ചെറിയ പല്ലുകളോ വെക്കേണ്ടി വരും. അതിനാൽ പല്ല് നഷ്ടപ്പെട്ടാൽ വൈകാതെ ചികിത്സ തേടുന്നതാണ് ഉചിതം.
ഡെന്റല്‍ ഇപ്ലാന്റ്- ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വേദന: ഇത് ലോക്കൽ അനസ്തേഷ്യ നൽകി ചെയ്യുന്ന ഒരു മൈനർ സർജറിയാണ്. അതിനാൽ പ്രൊസീജ്യർ പെയിൻലെസ് ആണ്.
സ്മോക്കിംഗ്: പുകവലിക്കുന്നവരിൽ മോണരോഗ സാധ്യത കൂടുതലായതിനാൽ ഇംപ്ലാന്റ് നിര്‍ദ്ദേശിക്കുന്നത് കുറവാണ്.
ഇത് ഇംപ്ലാന്റ് ലൂസാകാൻ കാരണമായേക്കാം.
എം.ആർ.ഐ (MRI): ടൈറ്റാനിയം എം.ആർ.ഐ കോംപാറ്റിബിൾ ആയതിനാൽ ഇംപ്ലാന്റ് ചെയ്തവർക്ക് എം.ആർ.ഐ എടുക്കുന്നതിൽ തടസ്സമില്ല.
ഡെന്റൽ ഇംപ്ലാന്റ് എത്ര കാലം നിലനിൽക്കും?
നല്ല രീതിയിലുള്ള ഓറൽ ഹൈജീൻ പാലിക്കുന്നവരിലും ആരോഗ്യവാനായ ഒരു വ്യക്തിയിലും സ്വാഭാവിക പല്ല് എത്രകാലം നിൽക്കുമോ അത്രയും കാലം ഇംപ്ലാന്റും നിലനിൽക്കും. കൃത്യമായ പരിചരണമുണ്ടെങ്കിൽ ഇത് ലൈഫ് ടൈം നിലനിൽക്കുന്ന ഒന്നാണ്. സാധാരണ ബ്രഷിംഗിന് പുറമെ ഫ്ലോസിംഗ്, ഇന്റർ ഡെന്റൽ ബ്രഷിംഗ് എന്നിവ ചെയ്യണം. ആറു മാസം കൂടുമ്പോൾ ഒരു ഡെന്റിസ്റ്റിനെ കണ്ട് പരിശോധന നടത്തുന്നത് നന്നായിരിക്കും.
ഇംപ്ലാന്റ് ചെയ്ത പല്ലുകൾ കമ്പിയിട്ട് മാറ്റാൻ സാധിക്കുമോ?
ഇല്ല. സാധാരണ പല്ലുകൾ കമ്പിയിട്ട് (Orthodontics) നീക്കാൻ സാധിക്കുമെങ്കിലും ഇംപ്ലാന്റ് ചെയ്ത പല്ലുകൾ ഒരിടത്ത് ഉറച്ചു നിൽക്കുന്നതിനാൽ അവ നീക്കാൻ സാധിക്കില്ല.
ഇംപ്ലാന്റ് ചെയ്ത ശേഷം സാധാരണ പോലെ ഭക്ഷണം കഴിക്കാമോ?
അതെ. പല്ല് പൂർണ്ണമായി ഉറപ്പിച്ചു കഴിഞ്ഞാൽ സാധാരണ പല്ലുകൾ പോലെ തന്നെ ഭക്ഷണം കഴിക്കാവുന്നതാണ്.