• English
  • عربي / Arabic
  • മലയാളം / Malayalam

തൈറോയിഡ് മുഴകൾക്ക് ശസ്ത്രക്രിയയില്ലാത്ത ചികിത്സ: മൈക്രോവേവ് തൈറോയിഡ് അബ്ലേഷൻ

19 February 2026

തൈറോയിഡ് ഗ്രന്ഥിയിലെ മുഴകൾ (Thyroid Nodules) ആളുകളിൽ വലിയ ആശങ്കയുണ്ടാക്കുന്ന ഒന്നാണ്. ഈ മുഴകൾ നീക്കം ചെയ്യാൻ ശസ്ത്രക്രിയ മാത്രമേ വഴിയുള്ളൂ എന്ന തെറ്റിദ്ധാരണ പലർക്കുമുണ്ട്. എന്നാൽ അത്യാധുനിക മെഡിക്കൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ മുറിവുകളോ ശസ്ത്രക്രിയാ പാടുകളോ ഇല്ലാതെ തന്നെ ഇത്തരം മുഴകൾ നീക്കം ചെയ്യാൻ ഇന്ന് സാധിക്കും. ഇതിനായുള്ള ഏറ്റവും പുതിയ ചികിത്സാരീതിയായ  മൈക്രോവേവ് തൈറോയിഡ് അബ്ലേഷൻ (Microwave Thyroid Ablation)നെക്കുറിച്ച് സംസാരിക്കുകയാണ് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ ഇന്റർവെൻഷൻ റേഡിയോളജിസ്റ്റ് ഡോ. ജിത്തു  സുഭാഷ് ബാബു

എന്താണ് മൈക്രോവേവ് തൈറോയിഡ് അബ്ലേഷന്‍

തൈറോയിഡ് മുഴകളെ സംബന്ധിച്ചും അവയുടെ ശസ്ത്രക്രിയ ഇല്ലാത്ത ചികിത്സകളെക്കുറിച്ചും അറിയാൻ ധാരാളം രോഗികൾ വരാറുണ്ട്.  ക്യാൻസറസ് അല്ലാത്ത തൈറോയിഡ് മുഴകൾക്കും, വീണ്ടും വരുന്ന (Recurrent) ക്യാൻസറസ് തൈറോയിഡ് മുഴകൾക്കും ശസ്ത്രക്രിയയില്ലാതെ തന്നെ ചെയ്യാവുന്ന ഒരു  ചികിത്സയാണ്  മൈക്രോവേവ് തൈറോയിഡ് അബ്ലേഷൻ

എന്തൊക്കെയാണ് മൈക്രോവേവ് തൈറോയിഡ് അബ്ലേഷന്‍ ഗുണങ്ങൾ

 മൈക്രോവേവ് തൈറോയിഡ് അബ്ലേഷന്‍  മിനിമലി ഇൻവേസീവ് പ്രൊസീജറാണ് (Minimally Invasive Procedure). അതായത്, കഴുത്തിൽ മുറിപ്പാടുകളോ (Scar) മറ്റ് അടയാളങ്ങളോ ഇല്ലാതെ തന്നെ മുഴകൾ നീക്കം ചെയ്യാൻ സാധിക്കും. ലോക്കൽ അനസ്തേഷ്യയിലാണ് ഇത് ചെയ്യുന്നത്. കുറഞ്ഞ ഹോസ്പിറ്റൽ സ്റ്റേ മാത്രമേ ഇതിന് ആവശ്യമുള്ളൂ എന്നത് ഒരു വലിയ പ്രത്യേകതയാണ്.

Read Also: സർജറിയില്ലാതെ പൈൽസ് ചികിത്സ, അറിയാം ഹെമറോയ്ഡൽ ബാൻഡിങ്ങ്

എല്ലാ തൈറോയിഡ് മുഴകൾക്കും ഈ ചികിത്സ നൽകാൻ സാധിക്കുമോ?

തൈറോയിഡ് മുഴകൾ ക്യാൻസറസ് അല്ല എന്ന് ഉറപ്പുവരുത്തിയതിനുശേഷം മാത്രമേ ഈ ട്രീറ്റ്മെന്റ് നൽകാൻ സാധിക്കുകയുള്ളൂ. ടിറാഡ്സ് (TIRADS) 1, 2, അല്ലെങ്കിൽ പരമാവധി 3 വരെയുള്ള നോഡ്യൂളുകൾക്കാണ് നമ്മൾ ഇത് നൽകുന്നത്. എല്ലാ തൈറോയിഡ് മുഴകളും ക്യാൻസറസ് ആണെന്നത് ഒരു തെറ്റിദ്ധാരണയാണ്. ക്യാൻസറസ് അല്ലാത്ത മുഴകൾക്ക് ഈ ചികിത്സാ രീതി ഫലപ്രദമാണ്.

ഈ പ്രൊസീജർ ചെയ്യുന്നത് എങ്ങനെയാണ്?

പേഷ്യന്റിനെ ഫ്ലാറ്റ് ആയി കിടത്തിയ ശേഷം അൾട്രാസൗണ്ട് മെഷീന്റെ സഹായത്താൽ തൈറോയിഡ് ഗ്രന്ഥി മുഴുവൻ സ്കാൻ ചെയ്യുന്നു. മുഴയുള്ള ഭാഗത്തിന് ചുറ്റും ലോക്കൽ അനസ്തേഷ്യ നൽകും. തുടർന്ന് അൾട്രാസൗണ്ട് ഗൈഡൻസിലൂടെ ഒരു മൈക്രോവേവ് അബ്ലേഷൻ നീഡിൽ മുഴയുടെ ഉള്ളിലേക്ക് കടത്തി അതിനെ കരിയിക്കുന്നു (Ablate). ഇത് 'ക്ലൗഡിംഗ്' എന്ന പ്രക്രിയയിലൂടെ ലൈവ് ആയി സ്ക്രീനിൽ കാണാൻ സാധിക്കും. മുഴ പൂർണ്ണമായും കരിഞ്ഞു എന്ന് ഉറപ്പാക്കിയ ശേഷം നീഡിൽ എടുക്കുകയും ആ ഭാഗത്ത് ഒരു ചെറിയ സ്പോട്ട് ബാൻഡേജ് ഒട്ടിക്കുകയും ചെയ്യുന്നു.

Read Also:എന്താണ് കീ ഹോൾ സർജറി? താക്കോൽദ്വാര ശസ്ത്രക്രിയയുടെ ഗുണങ്ങൾ

ശസ്ത്രക്രിയക്ക് ശേഷമുള്ള വിശ്രമം എത്രത്തോളം ആവശ്യമാണ്?

ഇതൊരു ഡേ കെയർ പ്രൊസീജറാണ്. 4 മുതൽ 6 മണിക്കൂർ വരെ ഒബ്സർവേഷനിൽ ഇരുന്ന ശേഷം പേഷ്യന്റിന് മടങ്ങാം. ചിലർക്ക് ഒരു രാത്രി ഹോസ്പിറ്റലിൽ സ്റ്റേ ചെയ്യാവുന്നതാണ്. അടുത്ത ദിവസം തന്നെ നോർമൽ ജോലികളിലേക്ക് മടങ്ങാൻ സാധിക്കും. പെയിൻ ടോളറൻസ് തീരെ കുറവുള്ള ആൾക്കാർക്കാണെങ്കിൽ മൈൽഡ് സെഡേഷൻ കൊടുക്കും. അങ്ങനെയുള്ള ആൾക്കാർക്ക്  നമ്മൾ ഒരു ദിവസത്തെ സ്റ്റേ നിർദ്ദേശിക്കാറുണ്ട്. കാരണം അവർക്ക്  അനസ്തേഷ്യയുമായി ബന്ധപ്പെട്ടപ്രശ്നങ്ങൾ  ഉണ്ടെങ്കിലോ അല്ലെങ്കിൽ ഈ പ്രൊസീജർ റിലേറ്റഡ് ആയിട്ട് എന്തെങ്കിലും പ്രയാസം ഉണ്ടെങ്കിലോ,  ചില ആൾക്കാർക്ക് പെയിൻ ടോളറൻസ് കുറവ് ആയതുകൊണ്ട് വേദന ഉണ്ടെങ്കിലോ  ബുദ്ധിമുട്ടുകൾ വന്നേക്കാം.  അതൊക്കെ ഒഴിവാക്കാൻ ഒരു ദിവസത്തെ ആശുപത്രി വാസം നല്ലതാണ്. 

ഒരിക്കൽ കരിച്ച മുഴകൾ തിരികെ വരുമോ?

ഒരിക്കൽ കരിച്ച നോഡ്യൂളുകൾ തിരികെ വരാറില്ല. കരിച്ച ഭാഗം വളരുകയുമില്ല. ഇക്കാര്യത്തിൽ 100% ഉറപ്പ് നൽകാൻ സാധിക്കും. എന്നാൽ ഒരാളുടെ ബോഡി മെക്കാനിസം അനുസരിച്ച് പുതിയ നോഡ്യൂളുകൾ വന്നാൽ അതിനെ പിന്നീട് ചികിത്സിക്കേണ്ടി വന്നേക്കാം.

Share this video:
Dr Jithu Subash Babu

Dr Jithu Subash Babu

Associate Consultant

Interventional Radiology