സ്വീകരിച്ച കരളിനെ നിങ്ങളുടെ ശരീരം തിരസ്‌കരിക്കാതിരിക്കാന്‍ പ്രതിരോധ സംവിധാനത്തെ നിയന്ത്രിക്കുന്ന മരുന്നുകള്‍ അത്യാവശ്യമാണ്. ഓരോ വ്യക്തിക്കും മരുന്നിന്റെ അളവ് വ്യത്യസ്തമായിരിക്കും, അത് കാലാനുസൃതമായി മാറുകയും ചെയ്യും. ഒരിക്കലും സ്വന്തം തീരുമാനപ്രകാരം മരുന്നുകള്‍ നിര്‍ത്തുകയോ അളവില്‍ മാറ്റം വരുത്തുകയോ ചെയ്യരുത്.
കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ഡോക്ടറുടെ നിര്‍ദ്ദേശം അനുസരിച്ച് രോഗികള്‍ എടുക്കേണ്ട മരുന്നുകള്‍ ഏതൊക്കെയെന്ന് വിശദീകരിക്കുകയാണ് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ലിവര്‍ ട്രാന്‍സ്പ്ലാന്റ് കണ്‍സള്‍ട്ടന്റ് ഡോ. മുഹമ്മദ് ഫവാസ് എന്‍
Tacrolimus (Calcineurin Inhibitor)
• പ്രതിരോധ സംവിധാനം കരളിനെ ആക്രമിക്കുന്നത് തടയുന്ന പ്രധാന മരുന്നാണിത്.
• കഴിക്കേണ്ട രീതി: സാധാരണയായി ദിവസവും രണ്ടുനേരം കൃത്യസമയത്ത് കഴിക്കണം. രക്തത്തിലെ ഇതിന്റെ അളവ് കൃത്യമായി പരിശോധിക്കാറുണ്ട്. രക്തം പരിശോധനയ്ക്കായി എടുത്ത ശേഷം മാത്രം മരുന്ന് കഴിക്കുക (ഡോക്ടര്‍ പ്രത്യേകം നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കില്‍ മാത്രം മാറ്റം വരുത്തുക). മരുന്നിന്റെ ഒരു മണിക്കൂർ മുന്പും ശേഷവും ഭക്ഷണം പാടുള്ളതല്ല.
Read More: കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ:ആര്‍ക്ക്, എപ്പോള്‍?
• സാധാരണ പാര്‍ശ്വഫലങ്ങള്‍: കൈവിറയല്‍, തലവേദന, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, വൃക്ക സംബന്ധമായ പ്രശ്‌നങ്ങള്‍ (ക്രിയാറ്റിനിന്‍ ഉയരുക), രക്തത്തിലെ പഞ്ചസാരയുടെ അളവുയരുക/പ്രമേഹം, ഉയര്‍ന്ന പൊട്ടാസ്യം, മുടികൊഴിച്ചില്‍, ഉറക്കക്കുറവ്.
• ശ്രദ്ധിക്കുക: ചില ആന്റിബയോട്ടിക്കുകള്‍, അപസ്മാരത്തിനുള്ള മരുന്നുകള്‍, ഹൃദ്രോഗത്തിനുള്ള മരുന്നുകള്‍, (Grapefruit/Pomelo), ചില ആയുര്‍വേദ/ഹെര്‍ബല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയുമായി ഈ മരുന്ന് പ്രതിപ്രവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്. ഏതൊരു പുതിയ മരുന്നോ സപ്ലിമെന്റോ കഴിക്കുന്നതിന് മുന്‍പ് ഡോക്ടറുടെ ഉപദേശം തേടുക.
സുരക്ഷാ നിര്‍ദ്ദേശങ്ങള്‍: നന്നായി വെള്ളം കുടിക്കുക. വേദനസംഹാരികള്‍ ഒഴിവാക്കുക. കഴിയുന്നിടത്തോളം മരുന്നിന്റെ ബ്രാന്‍ഡ് മാറ്റാതിരിക്കുക, പ്രത്യേകം ശ്രദ്ധിക്കുക: ഓരോ തവണ ആശുപത്രിയില്‍ പോകുമ്പോഴും നിങ്ങള്‍ കഴിക്കുന്ന മരുന്നുകളുടെ കൃത്യമായ ലിസ്റ്റ് കൂടെ കരുതുക.
Read More:ആർക്കൊക്കെ കരൾ ദാനം ചെയ്യാം? അറിയേണ്ട കാര്യങ്ങളും യോഗ്യതകളും
Micophenolate mofetil or sodium
• ടക്രോലിമസിനൊപ്പം തിരസ്‌ക്കരിക്കുന്ന അപകടസാധ്യത കുറക്കുന്നു.
• കഴിക്കേണ്ട രീതി: സാധാരണയായി ദിവസവും രണ്ടുനേരം.
• സാധാരണ പാര്‍ശ്വഫലങ്ങള്‍: വയറിളക്കം അല്ലെങ്കില്‍ വയറ്റില്‍ അസ്വസ്ഥത, വെളുത്ത രക്താണുക്കളുടെ കുറവ് അല്ലെങ്കില്‍ വിളര്‍ച്ച (ബ്ലഡ് കൗണ്ട് ആവശ്യമായിവരും), വായ്പുണ്ണ്.
• ഗര്‍ഭധാരണം: ഈ മരുന്ന് ഗര്‍ഭസ്ഥ ശിശുവിന് ദോഷകരമാണ്. അതിനാല്‍ കൃത്യമായ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുക. ഗര്‍ഭധാരണം പ്ലാന്‍ ചെയ്യുന്നുണ്ടെങ്കില്‍ മുന്‍കൂട്ടി ഡോക്ടറോട് സംസാരിക്കുക. ഈ മരുന്ന് കഴിക്കുമ്പോള്‍ ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ മുലയൂട്ടരുത്.
എവറോലിമസ് (mTOR Inhibitor)
• പ്രതിരോധം നിയന്ത്രിക്കാന്‍ ഉപയോഗിക്കുന്നു. ചിലരില്‍ ടക്രോലിമസിന്റെ അളവ് കുറയ്ക്കാന്‍ ഇതു സഹായിക്കും.
• പരിശോധന: രക്തത്തിലെ മരുന്നിന്റെ അളവ് കൃത്യമായി പരിശോധിക്കണം.
• പാര്‍ശ്വഫലങ്ങള്‍: വായ്പുണ്ണ്, കാലിലെ വീക്കം, കൊളസ്‌ട്രോള്‍/ട്രൈഗ്ലിസറൈഡ്‌സ് കൂടുക, മുറിവുകള്‍ ഉണങ്ങാന്‍ താമസിക്കുക, മൂത്രത്തില്‍ പ്രോട്ടീന്‍ കാണപ്പെടുക, അപൂര്‍വ്വമായി ശ്വാസകോശ അണുബാധ. ശസ്ത്രക്രിയാ മുറിവുകള്‍ ഉണങ്ങിയ ശേഷം മാത്രമേ സാധാരണയായി ഈ മരുന്ന് തുടങ്ങാറുള്ളൂ.
Corticosteroids (Prednisolone/Prednisone)
• നീര്‍ക്കെട്ട് തടയുന്നതിനും • പ്രതിരോധ ശേഷി നിയന്ത്രിക്കുന്നതിനുമുള്ള ശക്തമായ മരുന്നാണിത്.
• അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം തുടക്കത്തില്‍ ഇത് നല്‍കുകയും അളവ് ക്രമേണ കുറയ്ക്കുകയും (Tapering) ചെയ്യുന്നു.
• സാധാരണ പാര്‍ശ്വഫലങ്ങള്‍ (അളവിനെ ആശ്രയിച്ചിരിക്കും): വിശപ്പ് കൂടുക/ശരീരഭാരം വര്‍ദ്ധിക്കുക, മൂഡ് വ്യതിയാനങ്ങള്‍/ഉറക്കമില്ലായ്മ, രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുക/പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ചര്‍മ്മം നേര്‍ത്തതാകുക, മുഖക്കുരു, എല്ലുകളുടെ ബലക്ഷയം (ഓസ്റ്റിയോപൊറോസിസ്), തിമിരം. എല്ലുകളുടെ സംരക്ഷണത്തിനായി നിങ്ങള്‍ക്ക് കാല്‍സ്യം/വിറ്റാമിന്‍ ഡി അല്ലെങ്കില്‍ മറ്റു മരുന്നുകള്‍ നല്‍കിയേക്കാം.
Read More: കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം: സ്വീകർത്താവ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
അണുബാധ തടയുന്നതിനുള്ള (Prophylaxis) മരുന്നുകള്‍
ദാതാവിന്റെയും നിങ്ങളുടെയും അപകടസാധ്യത അനുസരിച്ചായിരിക്കും ഈ മരുന്നുകള്‍ നിശ്ചയിക്കുന്നത്. ഉദാഹരണമായി:
• CMV തടയാന്‍: അപകടസാധ്യത അനുസരിച്ച് 3 മുതല്‍ 6 മാസം വരെ Valganciclovir അല്ലെങ്കില്‍ Acyclovir നല്‍കുന്നു.
• Deleted Malayalam (PCP) തടയാന്‍: 6 മുതല്‍ 12 മാസം വരെ Trimethoprim-sulfamethoxazole (Cotrimoxazole) നല്‍കുന്നു. അലര്‍ജി ഉള്ളവര്‍ക്ക് മറ്റ് മരുന്നുകള്‍ നല്‍കും.
• ഫംഗസ് അണുബാധ തടയാന്‍: ശസ്ത്രക്രിയക്ക് ശേഷമുള്ള ആദ്യ സമയത്ത് Nystatin swish Fluconazole നല്‍കുന്നു.
• വയറിന്റെ അള്‍സര്‍ തടയാന്‍: നിശ്ചിത കാലയളവിലേക്ക് Proton-pump inhibitor അല്ലെങ്കില്‍ H2 blocker മരുന്നുകള്‍ നല്‍കുന്നു.
• വാക്‌സിനേഷനുകള്‍: അവയവമാറ്റത്തിന് മുന്‍പും ശേഷവും നിര്‍ദ്ദേശിക്കപ്പെട്ട ഇന്‍ആക്റ്റിവേറ്റഡ് വാക്‌സിനുകള്‍ എടുക്കണം. ശസ്ത്രക്രിയക്ക് ശേഷം ലൈവ് വാക്‌സിനുകള്‍ എടുക്കാന്‍ പാടില്ല. എല്ലാ വര്‍ഷവും ഇന്‍ഫ്‌ളുവന്‍സ വാക്‌സിനും കോവിഡ് 19 വാക്‌സിനും എടുക്കുന്നത് നല്ലതാണ്.
പൊതുവായ നിര്‍ദ്ദേശങ്ങള്‍:
• ഗുളികളുടെ ഒരു ബോക്‌സും (Pillbox) മരുന്നുകളുടെ ചാര്‍ട്ടും ഉപയോഗിക്കുക.
• മരുന്ന് കഴിക്കാന്‍ ഫോണില്‍ അലാറം വയ്ക്കുക; മരുന്നുകളുടെ കൃത്യമായ പട്ടിക എപ്പോഴും കൈവശം സൂക്ഷിക്കുക.
• മരുന്ന് കഴിച്ച ശേഷം ഛര്‍ദ്ദിക്കുകയോ അല്ലെങ്കില്‍ മരുന്ന് കഴിക്കാന്‍ മറന്നുപോവുകയോ ചെയ്താല്‍ ഡോക്ടറെ വിളിക്കുക. പനി, മഞ്ഞപ്പിത്തം, മൂത്രത്തിന്റെ അളവ് കുറയുക, കഠിനമായ വയറിളക്കം, ആശയക്കുഴപ്പം, അല്ലെങ്കില്‍ കഠിനമായ വേദന എന്നിവ അനുഭവപ്പെട്ടാല്‍ ഉടന്‍ മെഡിക്കല്‍ ടീമിനെ ബന്ധപ്പെടുക.
പതിവായി ചോദിക്കാറുള്ള ചോദ്യങ്ങള്‍
ചോദ്യം: എനിക്ക് വീണ്ടും ജോലിക്ക് പോകാന്‍ കഴിയുമോ?
ഭൂരിഭാഗം രോഗികള്‍ക്കും 6 മുതല്‍ 12 ആഴ്ചകള്‍ക്കുള്ളില്‍ ലഘുവായ ജോലികള്‍ ചെയ്യാന്‍ സാധിക്കും. കഠിനമായ ശാരീരിക അധ്വാനം ആവശ്യമുള്ള ജോലികള്‍ക്ക് കൂടുതല്‍ സമയമെടുത്തേക്കാം. നിങ്ങളുടെ സര്‍ജന്‍ കൃത്യമായ നിര്‍ദ്ദേശം നല്‍കുന്നതാണ്.
ചോദ്യം: ശസ്ത്രക്രിയയ്ക്ക് ശേഷം ഗര്‍ഭിണിയാകാന്‍ കഴിയുമോ?
ആരോഗ്യം വീണ്ടെടുക്കുകയും മരുന്നുകളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുകയും ചെയ്താല്‍ പല സ്ത്രീകള്‍ക്കും വിജയകരമായി ഗര്‍ഭം ധരിക്കാന്‍ സാധിക്കും. ഇതിനായി മുന്‍കൂട്ടി തന്നെ നിങ്ങളുടെ മെഡിക്കല്‍ ടീമുമായി ആലോചിച്ചശേഷം ഗര്‍ഭധാരണം പ്ലാന്‍ ചെയ്യുക. ഗര്‍ഭധാരണത്തിന് വളരെ മുമ്പുതന്നെ 'മൈക്കോഫെനോലേറ്റ്' പോലുള്ള മരുന്നുകള്‍ നിര്‍ത്തേണ്ടതുണ്ട്; പകരം സുരക്ഷിതമായ മറ്റ് മരുന്നുകള്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കും.
ചോദ്യം: എനിക്ക് യാത്ര ചെയ്യാന്‍ കഴിയുമോ?
തീര്‍ച്ചയായും, ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് യാത്ര ചെയ്യാം. മരുന്നുകള്‍ അവയുടെ ഒറിജിനല്‍ പാക്കറ്റുകളില്‍ തന്നെ കരുതുക, മെഡിക്കല്‍ ടീമില്‍ നിന്നുള്ള റിപ്പോര്‍ട്ടിന്റെ സമ്മറി കൈവശം കരുതുക, കൂടാതെ പോകുന്ന സ്ഥലത്ത് ലാബ് പരിശോധനകള്‍ക്കുള്ള സൗകര്യം മുന്‍കൂട്ടി ഉറപ്പാക്കുകയും ചെയ്യുക.
ചോദ്യം: എനിക്ക് ഇനിയെന്നും പ്രത്യേക ഭക്ഷണക്രമം ആവശ്യമുണ്ടോ?
കര്‍ശനമായ ഒരു 'ട്രാന്‍സ്പ്ലാന്റ് ഡയറ്റ്' എന്നൊന്നില്ല. എങ്കിലും ഹൃദയാരോഗ്യത്തിന് അനുയോജ്യമായ ഭക്ഷണരീതി, വൃത്തിയുള്ള ആഹാരം, ആവശ്യത്തിന് പ്രോട്ടീന്‍, കുറഞ്ഞ അളവില്‍ ഉപ്പ് എന്നിവ ജീവിതകാലം മുഴുവന്‍ ശീലമാക്കേണ്ടതുണ്ട്.
ചോദ്യം: എത്ര കാലം മരുന്നുകള്‍ കഴിക്കേണ്ടി വരും?
പ്രതിരോധശേഷി ക്രമീകരിക്കുന്നതിനുള്ള മരുന്നുകള്‍ ജീവിതകാലം മുഴുവന്‍ കഴിക്കേണ്ടതുണ്ട്. എാല്‍ കാലക്രമേണ മരുന്നുകളുടെ ഡോസ് കുറച്ചുകൊണ്ടുവരാന്‍ സാധിക്കാറുണ്ട്.
പദസൂചിക:
• MELD/PELD: കരളിന്റെ തകരാര്‍ എത്രത്തോളം ഗുരുതരമാണെ് കണക്കാക്കുന്ന സ്‌കോര്‍. ട്രാന്‍സ്പ്ലാന്റിന്റെ മുന്‍ഗണന നിശ്ചയിക്കാന്‍ ഇത് സഹായിക്കുന്നു.
• Rejection: ശരീരത്തിന്റെ പ്രതിരോധ സംവിധാനം പുതിയ കരളിനെ ആക്രമിക്കുന്ന അവസ്ഥ. മരുന്നുകളില്‍ മാറ്റം വരുത്തി ഇത് പരിഹരിക്കാം.
• Immunosuppression: പുതിയ കരളിനെ ശരീരം സ്വീകരിക്കുന്നതിനായി പ്രതിരോധശേഷി നിയന്ത്രിച്ചു നിര്‍ത്തുന്ന മരുന്നുകള്‍.
• CMV/PCP: ട്രാന്‍സ്പ്ലാന്റിന് ശേഷം പിടിപെടാന്‍ സാധ്യതയുള്ള ചില അണുബാധകള്‍. ഇവ തടയാനായി പ്രത്യേക മരുന്നുകള്‍ നല്‍കുന്നു.
• ABO: ദാതാവും സ്വീകര്‍ത്താവും തമ്മില്‍ ചേര്‍ച്ചയുണ്ടോ എന്ന് നോക്കാന്‍ ഉപയോഗിക്കുന്ന രക്തഗ്രൂപ്പ് (A, B, AB, O) സംവിധാനം.
കുറിപ്പുകള്‍:
• നിങ്ങളുടെ സംശയങ്ങള്‍ എഴുതി വെക്കുക, ക്ലിനിക്കില്‍ വരുമ്പോള്‍ അവ ചോദിക്കുക.
• ഡിസ്ചാര്‍ജ് സമ്മറികള്‍, ടെസ്റ്റ് റിപ്പോര്‍ട്ടുകള്‍ എന്നിവയുടെ പകര്‍പ്പുകള്‍ എപ്പോഴും കയ്യില്‍ കരുതുക.
• ശരീരത്തിന് എന്തെങ്കിലും അസ്വാഭാവികത തോന്നിയാല്‍ ഉടന്‍ വിളിക്കുക. പ്രശ്‌നങ്ങള്‍ നേരത്തെ കണ്ടെത്തിയാല്‍ ചികിത്സ എളുപ്പമായിരിക്കും.
നിങ്ങള്‍ തനിച്ചല്ല, ട്രാന്‍സ്പ്ലാന്റ് ടീം ജീവിതകാലം മുഴുവന്‍ നിങ്ങളോടൊപ്പമുണ്ടാകും.